കോട്ടയം: പൂരപ്പെരുമയില്‍ തിരുനക്കര മഹാദേവന്റെ തിരുമുറ്റം നിറഞ്ഞു. 22 ഗജരാജാക്കന്മാരും കുടമാറ്റത്തിനു മാറ്റുകൂട്ടി. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പതിനായിരങ്ങളുടെ കണ്ണിനും മനസ്സിനും അഴകിന്റെ നിറച്ചാര്‍ത്തു സമ്മാനിച്ചാണ് തിരുനക്കര പകല്‍പ്പൂരം അവസാനിച്ചത്. ഇടയ്ക്കു പെയ്ത മഴ അവഗണിച്ചുകൊണ്ട് ഭക്തജനങ്ങള്‍ ആവേശത്തിമിര്‍പ്പില്‍ ആറാടി.
മേളകുലപതി പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം ഓഡിറ്റോറിയത്തില്‍ നടന്നു. മേളപ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം അല്‍പസമയത്തിനുശേഷം തുടര്‍ന്നു. മഹാദേവക്ഷേത്രത്തിലെ പള്ളിവേട്ടദിവസമായ ഇന്നലെ വൈകിട്ടു നാലിനാണു പകല്‍പ്പൂരത്തിനു തുടക്കമായത്. തിരുനക്കരയപ്പന്റെ തിടമ്പേറ്റിയത് ഗുരുവായൂര്‍ വലിയ കേശവനാണ്. കേശവന്റെ വരവിനു മേളകുലപതി പെരുവനം കുട്ടന്‍മാരാരുടെ മേളം അകമ്പടിയായി.
കിഴക്കന്‍ ചേരുവാരത്തിന് മംഗലാംകുന്ന് അയ്യപ്പനാണ് തിടമ്പേറ്റിയത്. മൈതാനത്തു ചമയങ്ങളണിഞ്ഞു 11 ആനകള്‍ വീതം അഭിമുഖമായി നിരന്നു. തന്ത്രി കണ്ഠര് മോഹനര് നിലവിളക്കു തെളിച്ചതോടെ പൂരത്തിനു തുടക്കമായി. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളാണ് ഒന്നരമണിക്കൂര്‍ നീണ്ട കുടമാറ്റത്തിന് നേതൃത്വം വഹിച്ചത്.
Discussion about this post