തൃശ്ശൂര്‍: വേദമന്ത്രജപഘോഷങ്ങളോടെ മറ്റത്തൂര്‍കുന്നിലെ യാഗ അരണിയില്‍ ആഗ്നി തെളിഞ്ഞു. ഇതോടെ കൈമുക്ക് മനയിലെ യാഗഭൂമിയില്‍ സാഗ്‌നികം അതിരാത്രത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു യാഗത്തിന്റെ പ്രധാന അഗ്‌നിക്കുവേണ്ടിയുള്ള അരണികടയല്‍. ഇത് ഹോമകുണ്ഡങ്ങളിലേക്ക് പകര്‍ന്നു. ഏപ്രില്‍ മൂന്നുവരെയുള്ള ദിവസങ്ങളില്‍ ഇവിടം യാഗഭൂമിയാകും.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് യജമാനന്‍ കൈമുക്ക് വൈദികന്‍ രാമന്‍ സോമയാജിപ്പാട് ഋത്വിക്കുകളോടൊപ്പം യാഗശാലയില്‍ എത്തിയത്. രാവിലെ കൈമുക്കുമനയില്‍ അമാവാസ്യേഷ്ടി എന്ന ചടങ്ങ് നിര്‍വ്വഹിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഉഖാസംഭാരം, വായവ്യംപശു തുടങ്ങിയ ചടങ്ങുകള്‍ നടന്നു. വായുദേവതാ പ്രീതിക്കുള്ള ചടങ്ങാണ് വായവ്യംപശു എന്ന ചടങ്ങ്. ഇതിനായി കൈമുക്കുമനയില്‍ വര്‍ഷങ്ങളായി സൂക്ഷിച്ച യാഗാഗ്‌നിയാണ് ഉപയോഗിച്ചത്. തുടര്‍ന്ന് ഋത്വിക്കുകളെ വരിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് അരണികടഞ്ഞ് തീയുണ്ടാക്കി കൂശ്മാണ്ഡഹോമവും ഹോത്രഹോമവും നടന്നു.
സകലപാപങ്ങളും തീര്‍ക്കുന്നതിനുള്ളതാണ് ഈ ചടങ്ങ്. യജമാനനും പത്‌നിയും പാലും നെയ്യും കൂട്ടി ഉണ്ണുന്ന ചടങ്ങായിരുന്നു പിന്നീട്. ഇനി യജ്ഞത്തിന്റെ അവസാനദിവസം വരെ പാലുമാത്രമാണ് ഇവരുടെ ഭക്ഷണം. യജമാനനും പത്‌നിയും ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്ന ചടങ്ങായ അപ്‌സുദീക്ഷയും ഉഖയില്‍ അഗ്‌നി ജ്വലിപ്പിക്കുന്ന ചടങ്ങും അഗ്‌നിയുടെ തേജസ്സുവര്‍ദ്ധിപ്പിക്കുന്ന ചടങ്ങും നടന്നു. കോളാമ്പി ആകൃതിയിലുള്ള മണ്‍പാത്രമാണ് ഉഖ. ഇതിലാണ് അഗ്‌നി സൂക്ഷിക്കുന്നത്.യജമാനന്‍ ഉഖ കഴുത്തില്‍ അണിഞ്ഞു നടക്കുന്ന വിഷ്ണുക്രമണവും നടന്നു. അമ്പതിലേറെ വൈദികശ്രേഷ്ഠരാണ് യാഗത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post