പത്തനംതിട്ട: ശബരിമല ഉത്സവത്തിന് മുമ്പ് മാലിന്യം നീക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പമ്പയിലെ മാലിന്യംനീക്കല്‍ പുരോഗമിക്കുന്നു. ത്രിവേണിപ്പാലം മുതല്‍ ചെറിയപാലം വരെയുള്ള ഭാഗത്തെ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കി. ചൊവ്വാഴ്ചയാണ് ശബരിമല ഉത്സവത്തിന് കൊടിയേറ്റുന്നത്. തിങ്കളാഴ്ച വൈകീട്ട് നട തുറക്കും. ശബരിമല തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങള്‍ മണ്ണിനോട് ചേര്‍ന്നാണ് മാലിന്യമായി മാറിയത്. ഇത് ജെ.സി.ബി. ഉപയോഗിച്ച് കോരി മാറ്റുകയാണിപ്പോള്‍. അമൃതാനന്ദമയീ മഠം പ്രവര്‍ത്തകരും ഞായറാഴ്ച മാലിന്യം നീക്കാന്‍ സഹകരിക്കുന്നുണ്ട്. പമ്പയില്‍ നിന്ന് നീക്കുന്ന മാലിന്യം ചെറിയാനവട്ടത്തെ ഇന്‍സിനിറേറ്ററില്‍ എത്തിച്ചത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. തിങ്കളാഴ്ചയോടെ മാലിന്യനീക്കം 90 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ജലസേചന അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ആറാട്ടുകുളത്തിലെ മാലിന്യനീക്കം ദേവസ്വം ബോര്‍ഡും ആരംഭിച്ചിട്ടുണ്ട്.
Discussion about this post