കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍(77) അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായാണ് ദാമോദരന്‍ ഓര്‍മിക്കപ്പെടുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ലൗ മാര്യേജ് എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു ആദ്യ തിരക്കഥ.
ഐ.വി.ശശി -ടി.ദാമോദരന്‍ കൂട്ടുകെട്ട് മലയാളസിനിമയുടെ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. ദാമോദരന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടി, വാര്‍ത്ത, ഈനാട്, ആവനാഴി, 1921, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അടിമകള്‍ ഉടമകള്‍ എന്നീ ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍പ്പെടുന്നു. എണ്‍പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ദാമോദരന്‍ തിരക്കഥയെഴുതിയ ആര്യന്‍, അദൈ്വതം, അഭിമന്യൂ, കാലാപാനി എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
മണിരത്‌നം മലയാളത്തിലെടുത്ത ഉണരൂ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ടി. ദാദോദരനായിരുന്നു. ഏഴാം കടലിനക്കരെ, അങ്ങാടി, മീന്‍, കരിമ്പന, അഹിംസ, തുഷാരം, ഈ നാട്, ഇനിയെങ്കിലും, ഇന്നല്ലെങ്കില്‍ നാളെ, നാണയം, അമേരിക്ക അമേരിക്ക, കാറ്റത്തെ കിളിക്കൂട്, വാര്‍ത്ത, ആവനാഴി, അടിവേരുകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, 1921, അദൈ്വതം, കാലാപാനി, ബല്‍റാം Vs താരാദാസ്, അഭിമന്യു എന്നിവയാണു പ്രധാന ചിത്രങ്ങള്‍. 2006 ല്‍ ഇറങ്ങിയ യെസ് യുവര്‍ ഓണറായിരുന്നു അവസാന ചിത്രം.
കോഴിക്കോട്ട് ചോയിക്കുട്ടിയുടെയും മാളുവിന്റെയും മകനായി ബേപ്പൂരിലാണ് ടി.ദാമോദരന്റെ ജനനം. ബേപ്പൂര്‍ സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍ : ദീദി (തിരക്കഥാകൃത്ത്), സിന (കോഴിക്കോട് വിദ്യാകേന്ദ്ര), അഡ്വ. രശ്മി (ഹൈക്കോടതി). മരുമക്കള്‍: പി. പ്രേംചന്ദ് (ചിത്രഭൂമി സീനിയര്‍ എഡിറ്റര്‍), അഡ്വ. രാജീവ് ലക്ഷ്മണ്‍ (കോഴിക്കോട്), മോഹന്‍ (ബ്ലൂ മൗണ്ട് ടീ ആന്‍ഡ് കമോഡിറ്റി ടീ ടേസ്റ്റര്‍).
Discussion about this post