കൊച്ചി: സംസ്ഥാനത്തെ പത്ര ഏജന്റുമാര്‍ സമരം നടത്തുന്ന സാഹചര്യം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പത്രവിതരണം തടസപ്പെടുത്തല്‍ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും സമരം രമ്യമായി പരിഹരിക്കുന്നതിന് നടപടി വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജി പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് വി. ചിദംബരേഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.
ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, തൊഴില്‍ വകുപ്പ് സെക്രട്ടറി, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി, ന്യൂസ്പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാനാണു കോടതി നിര്‍ദേശം. പത്രവിതരണം നിലച്ചത് ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരാഴ്ചയായി സംസ്ഥാനത്ത് പത്രവിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാരും പത്ര ഉടമകളും ഏജന്റുമാരും ഉള്‍പ്പെട്ട സമിതി പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post