തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായുള്ള ശ്രീരാമരഥയാത്ര കന്യാകുമാരിയില്‍ നിന്നുതിരിച്ച് ഇന്നുരാവിലെ 9ന് കളിയിക്കവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു. രഥം രാവിലെ11ന് തിരുവനന്തപുരത്തെ ബാലകാണ്ഡമായ തിരുമല മാധവസ്വാമി ആശ്രമത്തിലെത്തി. അവിടെ പൂജയ്ക്കുശേഷം നേരെ അയോദ്ധ്യാകാണ്ഡമായ പൂജപ്പുര സരസ്വതി മണ്ഡപത്തിലെത്തി ആരാധന നടത്തി. അതിനുശേഷം പൂജപ്പുര കരമന വഴി ആരണ്യകാണ്ഡമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെത്തി സ്വീകരണത്തിനുശേഷം ആറ്റുകാല്‍ ചട്ടമ്പിസ്വാമി സ്മാരകമണ്ഡപത്തിലെ ആരണ്യകാണ്ഡത്തിലും അഭിഷേകം നടത്തി. അവിടെനിന്നും ശ്രീരാമരഥം കിഷ്‌കിന്ദ-സുന്ദര-യുദ്ധകാണ്ഡങ്ങളായ ആനയറസ്വരൂപാനന്ദ ആശ്രമം, നന്തങ്കോട് ശ്രീമഹാദേവക്ഷേത്രം, കവടിയാര്‍ കട്ടച്ച ഭഗവതിക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി.
ശ്രീനീലകണ്ഠപുരത്തും ബാല-അയോധ്യ-ആരണ്യ-കിഷ്കിന്ദ-സുന്ദര-യുദ്ധ കാണ്ഡങ്ങളായ ഇളംകുളം മഹാദേവക്ഷേത്രം, കാര്യവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, അയിരൂര്‍പ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അലിയാവൂര്‍ ശ്രീമഹാദേവക്ഷേത്രം, ഇടത്തറ ഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിലും പരിക്രമണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ശ്രീരാമലീല പരിക്രമണം പൂര്‍ത്തിയാകും.
ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായുള്ള ഹിന്ദുമഹാസമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ വൈകുന്നേരം 6.30ന് അയോദ്ധ്യാനഗരിയില്‍ (ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം) ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
Discussion about this post