ബാംഗ്ലൂര്‍: കര്‍ണാടക ഡി.ജി.പിയായുള്ള ശങ്കര്‍ ബിദരിയുടെ നിയമനം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. സീനിയോറിറ്റി മാനദണ്ഡം മറികടന്നാണ് ശങ്കര്‍ ബിദരിയെ ഡി.ജി.പിയായി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹോംഗാര്‍ഡ് ഡി.ജിയായ എ.ആര്‍ ഇന്‍ഫന്റ് സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 16ന് ട്രൈബ്യൂണല്‍ ബിദരിയുടെ നിയമനം റദ്ദാക്കുകയും പകരം ഇന്‍ഫന്റിനെ തല്‍സ്ഥാനത്ത് നിയമിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സദ്ദാം ഹുസൈന്‍, മോമര്‍ ഗദ്ദാഫി എന്നിവരെക്കാളും മോശമാണ് ശങ്കര്‍ ബിദരിയെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. വീരപ്പനെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു ശങ്കര്‍ ബിദരി. വീരപ്പന്‍ വേട്ടയ്ക്കിടെ ആദിവാസി സ്ത്രീകള്‍ക്കെതിരെ നടന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം.
പ്രത്യേക സംഘത്തില്‍ നിന്ന് ആദിവാസി സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക മാനസിക പീഡനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ശങ്കര്‍ ബിദരിക്കെതിരെ രണ്ട് ആദിവാസി സ്ത്രീകള്‍ നല്‍കിയ മൊഴികളില്‍ പറയുന്നത് സത്യമാണെങ്കില്‍ സദ്ദാം ഹുസൈനേക്കാളും ഗദ്ദാഫിയേക്കാളും മോശമാണ് ബിദരി-ജസ്റ്റിസ് എന്‍ കുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സര്‍ക്കാരിന്റെ ഹര്‍ജി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും കോടതി പറഞ്ഞു.
Discussion about this post