ന്യൂഡല്‍ഹി: തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രിയുമായ ശശി തരൂര്‍ പാര്‍ലമെന്റ് അക്കൌണ്ട്സ് കമ്മറ്റിയില്‍ ഇടം നേടി. നിലവിലെ കമ്മറ്റിയുടെ ചെയര്‍മാനായ മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ 15 ലോക്സഭാ അംഗങ്ങളാണ് വീണ്ടും കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മെയ് ഒന്നു മുതല്‍ ഒരു വര്‍ഷമാണ് പുതിയ കമ്മറ്റിയുടെ കാലാവധി. തരൂരിനെക്കൂടാതെ ഡിഎംകെ അംഗങ്ങളായ ടി.കെ.എസ്. ഇളങ്കോവന്‍, സമാജ്വാദി പാര്‍ട്ടി അംഗം ധര്‍മേന്ദ്ര യാദവ്, കോണ്‍ഗ്രസ് അംഗങ്ങളായ അശോക് തന്‍വാര്‍, സാര്‍വേ സത്യനാരായണന്‍ എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍. നിലവിലുണ്ടായിരുന്ന കമ്മറ്റിയിലെ 10 അംഗങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. നിലവിലെ അംഗങ്ങളായ കെ. സുധാകരന്‍, ജഗദംബികാ പാല്‍, കെ. സാംബശിവ റാവു സമാജ്വാദി പാര്‍ട്ടിയിലെ രേവതി രമണ്‍ സിംഗ്, ഡിഎംകെ അംഗം ആദി ശങ്കര്‍ എന്നിവരെ പുതിയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ടാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. രാജ്യസഭയില്‍ നിന്നും കമ്മറ്റിയിലേക്കുള്ള ഏഴ് അംഗങ്ങളെ ഈ മാസം അവസാനത്തോടെ തെരഞ്ഞെടുക്കും.
Discussion about this post