കൊച്ചി: ഇന്റര്‍നെറ്റ് ബാങ്കിങ് സുരക്ഷാ ക്രമീകരണങ്ങള്‍ അട്ടിമറിച്ചു ഡോക്ടറുടെ 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അന്വേഷണം വഴിമുട്ടുന്നു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രി ഡോക്ടറായ ഷബീര്‍ ഖാന്‍ റാവുത്തറുടെ എറണാകുളം രാജാജി റോഡ് ആക്‌സിസ് ബാങ്ക് ശാഖയിലെ രണ്ട് അക്കൗണ്ടില്‍ നിന്നാണു പണം കവര്‍ന്നത്.
ഇതേ ബാങ്കിന്റെ രാജ്യത്തെ 18 ശാഖകളിലെ അക്കൗണ്ടുകളിലേക്കാണു പണം കൈമാറിയതെങ്കിലും ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ സംഭവം നടന്ന് ഏഴു ദിവസം പിന്നിട്ടിട്ടും പൊലീസിന്റെ സൈബര്‍ സെല്ലിനു കൈമാറിയിട്ടില്ല. ആക്‌സിസ് ബാങ്കിനു പുറമെ കൊല്‍ക്കത്ത ഐസിഐസിഐ, സെക്കന്ദരാബാദ് കൊടാക്ക് മഹീന്ദ്ര ബാങ്കുകളുടെ ശാഖകളിലേക്കും പണം മാറ്റിയിട്ടുണ്ട്.
ഒറ്റദിവസം കൊണ്ട് ഉത്തരപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 20 അക്കൗണ്ടുകളിലേക്കാണ് ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ പണം മാറ്റിയത്. ഇങ്ങനെ മാറ്റിയ പണം കയ്യോടെ പിന്‍വലിച്ചിട്ടുമുണ്ട്. തട്ടിപ്പിനു പിന്നില്‍ വന്‍ സൈബര്‍ ക്രൈംറാക്കറ്റിന്റെ സാന്നിധ്യം ഉറപ്പാക്കിയതോടെ പൊലീസ് വ്യാപകമായ അന്വേഷണമാണു നടത്തുന്നത്. എന്നാല്‍ ഈ 20 അക്കൗണ്ടുകള്‍ ആരുടെയെല്ലാം പേരിലാണെന്നു കണ്ടെത്താനുള്ള പൊലീസ് നടപടിയാണു ബാങ്ക് ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം തടസ്സപ്പെട്ടിരിക്കുന്നത്.
വിദേശത്തു ഉപരിപഠനം നടത്താനായി സ്വരൂപിച്ചിരുന്ന പണമാണു ഡോ: ഷബീര്‍ ഖാനു രണ്ട് അക്കൗണ്ടുകളില്‍ നിന്നു നഷ്ടപ്പെട്ടത്. വ്യാജ പാസ്‌പോര്‍ട്ട് രേഖ സമര്‍പ്പിച്ചു ഡോ: ഷബീര്‍ഖാന്റെ പേരിലുള്ള വോഡാഫോണ്‍ മൊബൈല്‍ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്. മാര്‍ച്ച് 30ന് വൈകുന്നേരം നാലിനും 31ന് ഉച്ചയ്ക്ക് മൂന്നിനും ഇടയ്ക്കാണ് ഡോക്ടറുടെ അക്കൗണ്ടിലെ 11,14,500 രൂപ കടത്തിയത്.
ഡോ. ഷബീര്‍ഖാന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സിഐ: ഡി.എസ്.സുനീഷ്ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹകരണവും കൊച്ചി പൊലീസ് തേടിയിട്ടുണ്ട്.
പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ 30ന് വിച്‌ഛേദിക്കപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പിറ്റേന്ന് വോഡഫോണ്‍ കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോഴാണ് ഡ്യൂപ്ലിക്കേറ്റ് സിം മറ്റൊരു വ്യക്തിയുടെ പേരില്‍ നല്‍കിയതായി മനസ്സിലായത്.
കയ്യൊപ്പുകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിട്ടും ഇത് പരിശോധിക്കാതെയാണു മൊബൈല്‍ കമ്പനി ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതെന്നു ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
Discussion about this post