വാഷിങ്‌ടണ്‍: മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ബാംഗ്ലൂരില്‍നിന്നും ചൈനയിലെ ബെയ്‌ജിങ്ങില്‍നിന്നുമുള്ള വെല്ലുവിളി നേരിടാന്‍ സജ്ജരാകണമെന്ന് യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമ അമേരിക്കയിലെ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്‌തു. ബാംഗ്ലൂരില്‍നിന്നും ബെയ്‌ജിങ്ങില്‍നിന്നും വരുന്ന കുട്ടികള്‍ കഠിനാധ്വാനത്തിലൂടെ മുമ്പൊന്നുമില്ലാത്ത വിധത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പെന്‍സില്‍വാനിയയില്‍ ഒരു സ്‌കൂളിലെ ചടങ്ങില്‍ സംസാരിക്കവെയാണ് അമേരിക്കയിലെ കുട്ടികളെ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പിന്തള്ളിക്കൊണ്ടിരിക്കുകയാണെന്ന് ഒബാമ സമ്മതിച്ചത്. ”സ്‌കൂളിലെ നിങ്ങളുടെ വിജയം നിങ്ങളുടെ ജീവിതവിജയത്തില്‍ മാത്രമല്ല, 21ാം നൂറ്റാണ്ടിലെ അമേരിക്കയുടെ വിജയത്തില്‍ക്കൂടി നിര്‍ണായകമാണ്. മറ്റ് രാജ്യങ്ങള്‍ നമുക്ക് മുന്നില്‍ കനത്ത മത്സരമാണ് കാഴ്‌ചവെക്കുന്നത്. നല്ല വിദ്യാഭ്യാസത്തിലൂടെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നുണ്ടെന്ന് അമേരിക്കയിലെ സ്‌കൂളുകള്‍ ഉറപ്പ് വരുത്തണം” ഒബാമ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികളോടാണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ബാംഗ്ലൂരില്‍നിന്നെത്തുന്ന ഐ.ടി. വിദഗ്‌ധര്‍ അമേരിക്കയെ പിന്നിലാക്കുകയാണെന്ന ആശങ്ക ഒബാമ നേരത്തെ പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് തൊഴിലവസരം നല്‌കുന്ന കമ്പനികള്‍ക്കുള്ള നികുതിയിളവ് റദ്ദാക്കുമെന്ന് കഴിഞ്ഞാഴ്‌ചയും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഐ.ടി. സംരംഭങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന എച്ച്. വണ്‍ ബി., എല്‍. വണ്‍ വിസകളുടെ ഫീസ് ഒബാമ ഭരണകൂടം കുത്തനെ ഉയര്‍ത്തുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് പഠനകാര്യത്തിലും ഇന്ത്യക്കാരെ തോല്‌പിക്കണമെന്ന് ഒബാമ ആഹ്വാനം ചെയ്‌തത്.
Discussion about this post