ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
കനലില്‍ ചുട്ടെടുത്ത സ്വര്‍ണക്കട്ടിപോലെ തേജസുറ്റ് ജാജ്വല്യമാനമായ അവസ്ഥയില്‍ സ്വാമിജിയെ അഭിഷേകസമയങ്ങളിലും ഏകാഗ്രമായ മാനസികനിലയിലും ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റാരെങ്കിലും അത് ദര്‍ശിക്കുന്നതായിത്തോന്നിയാല്‍ ഇരുകൈകള്‍കൊണ്ടും ശരീരമാസകലം ഒന്നു തലോടുന്നതോടുകൂടി ഒരു മുതുകുരങ്ങന്റെ ശരീരംപോലെ ചുളിവീണ് പ്രാകൃതമായിരിക്കുന്നത് കാണാന്‍കഴിയും. തന്നിലടങ്ങിയിരിക്കുന്ന അഭൂതപൂര്‍വമായ ശക്തിവിശേഷത്തെ സര്‍വപ്രകാരത്തിലും നിഗൂഢമായി സൂക്ഷിച്ച് ഒരു സാധാരണക്കാരനെപ്പോലെ കഴിഞ്ഞുകൂടുന്നതിനുള്ള സ്വാമിജിയുടെ നിഗൂഹനശേഷി വര്‍ണനാതീതമാണെന്നേ പറയുവാനുള്ളൂ.
”ലഘുത്വ മാരോഗ്യമലോലുപത്വം
വര്‍ണപ്രസാദം സ്വരസൗഷ്ഠവഞ്ച
ഗന്ധ: ശുഭോ മൂത്രപുരീഷമല്പം
യോഗപ്രവൃത്തിം പ്രഥമാം വദന്തി”
-‘ശരീരലാഘവം, ആരോഗ്യം, വിഷയവിരക്തി, പ്രസന്നമായ വര്‍ണം, മൃദുലവും പുഷ്ടിയുമുള്ള ശബ്ദം, ശരീരത്തിന് സുഗന്ധം, അല്പമാത്രമായ മലമൂത്രങ്ങളെന്നിങ്ങനെ തികഞ്ഞയോഗലക്ഷണങ്ങളോടുകൂടിയവയായിരുന്നു സ്വാമിജിയുടെ സ്ഥൂലസൂക്ഷ്മശരീരസ്വഭാവങ്ങള്‍. ഇവയെല്ലാം യോഗസാധകന്റെ പ്രാഥമികലക്ഷണങ്ങളാണെങ്കിലും സ്വാമിജിയില്‍ സ്ഥിരമായിക്കഴിഞ്ഞിരുന്ന ഈ ലക്ഷണങ്ങള്‍ രോഗാദിദുഃഖ നിവാരണത്തിന് പ്രയോജകീഭവിച്ചിട്ടുണ്ട്. സ്വാമിജി കുളിച്ച വെള്ളത്തിന് തുളസിയുടെസുഗന്ധം സാധാരണമായിരുന്നു. ആ ജലം കുടിച്ചും കുളിച്ചും രോഗമുക്തിനേടിയവര്‍ ധാരാളമുണ്ട്.
പലരീതിയിലുള്ള സുഗന്ധങ്ങള്‍ പലസന്ദര്‍ഭങ്ങളിലുണ്ടാകുക സ്വാമിജിയുടെ ശരീരത്തിനുള്ള യോഗസിദ്ധിപരമായ സവിശേഷതയായിരുന്നു. അനന്തജന്മങ്ങളില്‍ചെയ്ത കര്‍മസംസ്‌കാരങ്ങള്‍കൊണ്ട് മലിനമായ സ്ഥൂലശരീരത്തില്‍ ജീവാത്മാവിന്റെ സംശുദ്ധരൂപം പ്രത്യക്ഷമാകില്ല. എന്നാല്‍ യോഗസാധനകൊണ്ട് ആ ശരീരം ശുദ്ധീകരിക്കപ്പെട്ടാല്‍ ആത്മാവിന്റെ യഥാര്‍ത്ഥരൂപം നല്ലപോലെ പ്രകടമായിത്തീരും. അങ്ങനെയുള്ള യോഗിക്ക് തന്റെ സര്‍വദുഃഖങ്ങളുംനശിച്ച് കൃതകൃത്യത അനുഭവപ്പെടും. ”നിരാഹാരി” എന്നുപറയാവുന്നമട്ടില്‍ വളരെക്കുറച്ചുമാത്രം ആഹാരം കഴിച്ചിരുന്ന സ്വാമിജി, മദയാനയെ ബന്ധിക്കത്തക്ക ബലത്തോടുകൂടിയ ശുഷ്‌കശരീരിയായിരുന്നു. മണ്ണിനുള്ളില്‍ കിടക്കുന്ന തേജോമയമായരത്‌നം മണ്ണുകഴുകിയാല്‍ ശുദ്ധമായിപ്രകാശിക്കുന്നതുപോലെ സ്വാമിജിയുടെ ശരീരവും അന്തഃകരണവും ശോഭായമാനമായിരുന്നു.
”യഥൈവ ബിംബം മൃതയോവലിപ്തം
തേജോമയം ഭ്രാജതേ തത് സുധാന്തം” എന്ന് ഉപനിഷത്ത് ഘോഷിക്കുന്ന തോജോമയസ്വഭാവം അല്പാഹാരിയായ സ്വാമിജിയുടെ യോഗലക്ഷണമായിരുന്നു.
”സര്‍വേന്ദ്രിയഗുണാഭാസം സര്‍വേന്ദ്രിയ വിവര്‍ജിതം
സര്‍വസ്യ പ്രഭുമീശാനം സര്‍വസ്യ ശരണം ബൃഹത്” – ഈ പരമപുരുഷന്‍ സര്‍വേന്ദ്രീയ വിവര്‍ജിതനാണെങ്കിലും സര്‍വേന്ദ്രീയ ഗുണാഭാസനാണ്. അവന്‍ എല്ലാറ്റിന്റെയും പ്രഭുവും സര്‍വത്തിന്റെയും ശാസകനും ഏറ്റവും വലിയ ആശ്രയവുമാണ്. – എന്ന് വര്‍ണിക്കപ്പട്ടിരുന്ന പരമപുരുഷലക്ഷണം സ്വാമിജിയില്‍ സുവ്യക്തമായിരുന്നു. എല്ലാറ്റിന്റേയും മഹാപ്രഭുവും സര്‍വശാസകനുമായ പരമാത്മാവിന്റെ പദവിയില്‍ പരിശോഭിച്ചിരുന്ന ആ മഹാപുരുഷന്‍ ബാഹ്യലോകത്താല്‍ അവഗണിക്കപ്പെടുന്നതിനാവശ്യമായ എല്ലാ ലാളിത്യവും സ്വീകരിച്ചിരുന്നു.
”കാംസ്യഘണ്ഡാ നിനാദസ്തു യഥാ ലീയതി ശാന്തയേ
ഓങ്കാരസ്തു യോജ്യഃ ശാന്തയേ സര്‍വമിച്ഛതാ” – ‘ഓട്ടുമണിയുടെ നാദം ശാന്തമായി ലയിക്കുന്നതുപോലെ എല്ലാ ഇച്ഛകളും ഓങ്കാരയോജനകൊണ്ട് ശാന്തമായിത്തീരുന്നു’.
സര്‍വം പ്രണവമയം
സമ്യക്ജ്ഞാനശക്തി, ആജ്ഞകൊടുക്കുവാനുള്ള ശക്തി, നിശ്ശേഷേണ ഗ്രഹിക്കുന്നതിനുള്ള ശക്തി, വേഗത്തില്‍ അറിയാനുള്ള ശക്തി, ധാരണാശക്തി, ദര്‍ശനശക്തി, ധൈര്യം, ബുദ്ധി, മനനശക്തി, സ്മൃതി, സ്മരണശക്തി, സങ്കല്പശക്തി, മനോരഥശക്തി (ദൃഢനിശ്ചയശക്തി), ഘ്രാണശക്തി, ഭാവനാശക്തി അഥവാ കാമനാശക്തി, സ്ത്രീസംസര്‍ഗാദ്യഭിലാഷശക്തി എന്നിത്യാദി സര്‍വവും ഒരേ ആത്മാവിന്റെ വിവിധകര്‍മസരണികളാണ്. ഇങ്ങനെയുള്ള കര്‍മസരണികളുടെ ഉല്പത്തിസ്ഥാനവും ലയനസ്ഥാനവും പ്രണവംതന്നെയാണ്.
പ്രജ്ഞയുടെ സ്വച്ഛന്ദവും സ്വത:സിദ്ധവുമായ വികാസത്തിന് തടസ്സം നില്ക്കുന്ന സകല പ്രവൃത്തികളും പ്രണവോപാസനയിലൂടെ ശുദ്ധീകരിക്കുവാനും ഏകീകരിക്കുവാനും കഴിയുന്നു. സ്ഥാവരജംഗമങ്ങളായ സര്‍വവും പ്രജ്ഞാനസ്വരൂപമായി പ്രത്യക്ഷപ്പെടുന്ന സര്‍വവസ്തുക്കളും സങ്കല്പങ്ങളും പരമാത്മാവില്‍നിന്നും ശക്തിയാര്‍ജിച്ചിട്ടാണ് കര്‍മങ്ങളില്‍ വ്യാപൃതമാകുന്നത്. കര്‍ത്തവ്യനിര്‍വഹണത്തിനുള്ള സാമര്‍ത്ഥ്യവും ആത്മശക്തിയില്‍നിന്നു മാത്രമേ ലഭ്യമാകൂ. നേരത്തെ സൂചിപ്പിച്ച സര്‍വ ചിന്താസരണികളുമാരംഭിക്കുന്നത് മനസ്സന്റെ ആദ്യബിന്ദുവില്‍ നിന്നാണ്. ഈ ബിന്ദുക്കള്‍ വികസിച്ച് ചലനാത്മകമാകുകയും ചലനാത്മകത്വം, ശബ്ദസ്വരൂപമാകുകയും ചെയ്യുന്നു. സൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ രൂപനാമാദികള്‍മുഴുവനും നമ്മുടെതന്നെ ചിന്തയില്‍നിന്നുണ്ടാകുന്നുവെന്നും ആ ചിന്ത ജീവന്റെ സംസ്‌കാരമാണെന്നും ആത്മാവിന്റെ കര്‍മബന്ധാവസ്ഥയാണെന്നും മനസ്സിലാക്കാന്‍ കഴിയും. ഇങ്ങനെ ഒരു വ്യക്തിയില്‍തന്നെ ഉദയംചെയ്യുന്ന അനേകകോടി ചിന്തകളുടെ പ്രഭവസ്ഥാനവും പ്രളയസ്ഥാനവും അവനവന്റെ ആത്മാവാണെന്നുള്ളതിന് സംശയമില്ല. നാദങ്ങള്‍ പലതരത്തിലുള്ള ചിന്തയുടെ വികാസരൂപമാണെന്ന് നേരത്തേ പ്രസ്താവിച്ചു. ഇങ്ങനെയുള്ള സമസ്തശബ്ദങ്ങളും സ്വരൂപിച്ചാലുള്ള പ്രപഞ്ചശക്തിയുടെ ഏകീഭാവമാണ് പ്രണവം എന്നു കരുതാം. ഗുരുനാഥനെപ്പോലെ പ്രണവസ്വരൂപികളായി വിനയപൂര്‍വം ലളിത ജീവിതം നയിച്ചവര്‍ വളരെ ചുരുകക്കമാണെന്നു പറായം. നാദലയം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുണ്ട്. പ്രണവസ്വരൂപനായ സ്വാമിജിയെ ആത്മജ്ഞാനിയെന്നോ ബ്രഹ്മജ്ഞാനിയെന്നോ യോഗിയെന്നോ ഏതുനാമധേയത്തില്‍ വിളിച്ചാലും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ തത്ത്വത്തില്‍ തന്നെ.
അനശ്വരമായ ആത്മാവും നശ്വരമായ ജഡവര്‍ഗവും അഥവാ അക്ഷരവും ക്ഷരവും ചേര്‍ന്നുണ്ടായ വ്യക്താവ്യക്തസ്വരൂപമായ ഈ പ്രപഞ്ചം പ്രണവത്തില്‍ നിന്നുത്ഭവിക്കുകയും പ്രണവത്തില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു.
”ഏകൈകം ജാലം ബഹുധാ വികുര്‍വ-
ന്നസ്മിന്‍ ക്ഷേത്രേ സംഹരത്യേഷ ദേവഃ” – ‘പരമത്മാവ് സൃഷ്ടിയെ പലപ്രകാരത്തില്‍ വിഭജിച്ചും പ്രളയകാലത്ത് സംഹരിച്ചും സൃഷ്ടിസ്ഥിതിലയഭാവങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു’. സൃഷ്ടിസ്ഥിതിലയകര്‍മങ്ങളെ സ്വരൂപിച്ചും സംരക്ഷിച്ചും ലയിപ്പിച്ചും കഴിഞ്ഞുകൂടുന്നത് ഏകനായ പരമാത്മവാണെന്നും അതുതന്നെയാണ് സര്‍വപ്രാണികളിലും നിഗൂഢനായിരിക്കുന്നതെന്നും സാധകന്‍ സദാപി സ്മരിക്കേണ്ടതാണ്. സര്‍വവ്യാപിയും സര്‍വഭൂതങ്ങളുടേയും അന്തരാത്മാവും കര്‍മാധ്യക്ഷനും ആത്മാവുതന്നെയാണ്. സര്‍വത്തിനും സാക്ഷിയും അധിഷ്ഠാനവും, ചൈതന്യസ്വരൂപവും സര്‍വദാ വിശുദ്ധവും നിര്‍ഗുണസ്വരൂപവുമായ ആത്മാവുതന്നെയാണ്.
”ഏകോ ദേവഃ സര്‍വഭൂതേഷു ഗൂഢഃ
സര്‍വവ്യാപീ സര്‍വഭൂതാന്തരാത്മാ
കര്‍മാധ്യക്ഷഃ സര്‍വഭൂതാധിവാസഃ
സാക്ഷീ ചേതാ കേവലാ നിര്‍ഗുണശ്ച”
”ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേ മാ വിദ്യുതോ ഭാന്തി കുതോളയമഗ്നിഃ”
ആ പരമധാമത്തിന്റെ അഭാവത്തില്‍ സൂര്യന്‍ പ്രകാശിക്കുന്നില്ല, ചന്ദ്രതാരങ്ങള്‍ പ്രകാശിക്കുന്നില്ല, വിദ്യുത്തുകളും പ്രകാശിക്കുന്നില്ലതന്നെ. പിന്നെയാണോ അഗ്നി പ്രകാശിക്കുന്നത്!’
”സ വിശ്വകൃത് വിശ്വവിദാത്മയോനി” – ‘അവന്‍ വിശ്വസ്രഷ്ടാവും വിശ്വത്തെയറിയുന്നവനും സ്വയം ജാതനുമാകുന്നു’. എന്ന് പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നതും നേരത്തേസൂചിപ്പിച്ച പരമാത്മാവുതന്നെയാണ് ”പ്രണവമെന്നാലെന്താണമ്മേ” എന്ന് അമ്മയോട് (പരാശക്തിയോട്) ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ”ഞാന്‍ തന്നെ മക്കളേ” എന്ന മൂന്നു വാക്കുകളായിരുന്നു. അപ്രകാരം ഉത്തരം തന്നതിനുശേഷം ”ജഗത്തിന്റെ സൃഷ്ടി സ്ഥിതിലയഭാവങ്ങളെ പലതരത്തില്‍ വര്‍ണിച്ചിട്ടുണ്ട് മക്കളേ, അതൊന്നുംതന്നെ എന്നില്‍നിന്ന് ഭിന്നമല്ല” എന്ന് ഒരു വിശദീകരണവും തന്ന് പ്രണവസങ്കല്പത്തെ വിശദമാക്കിയ അനുഭവം, മഹാപ്രഭുവായ ഗുരുനാഥന്റെ അനുഗ്രഹംകൊണ്ട് സിദ്ധിച്ചപ്പോഴാണ് പ്രണവസ്വരൂപനായ സ്വാമിജിയെപ്പറ്റിയുള്ള അറിവിന്റെ ഒരു കണികയെങ്കിലും ലഭിക്കുവാനിടയായത്. ”ഓമിത്യേകാക്ഷരം ബ്രഹ്മഃയദുക്തം ബ്രഹ്മവാദിഭിഃ” – ‘ബ്രഹ്മജ്ഞാനികള്‍ ‘ഓ’ങ്കാരമാകുന്ന ഏകാക്ഷരത്തില്‍ ഏതൊന്നിനെയാണോ പറഞ്ഞിട്ടുള്ളത്’. – എന്ന് പ്രസ്താവിച്ചുകൊണ്ട് ”ശരീരം തസ്യ വക്ഷ്യാമിസ്ഥാനം കാല ത്രയം തതഃ” – അതിന്റെ സ്വരൂപം, സ്ഥാനം കാലത്രയം ഇവയെ പറ്റിപറയാം’. -എന്ന വിശദീകരണത്തോടും അന്യമായ ഒന്നിനേയും വര്‍ണിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നില്ല. സര്‍വവും പ്രണവസ്വരൂപമാണെന്ന് പറയുകയാണ് ചെയ്യുന്നത്.
Discussion about this post