പ്രകൃതിജയം
ജയന്തി ദിവസങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലും അന്നദാനം ആശ്രമത്തില്‍ പതിവായിരുന്നു. പൂജിക്കുന്നതിനേക്കാള്‍ സ്വാമിജിക്കിഷ്ടം അന്നദാനമായിരുന്നു. ഒരു ദിവസം ശ്രീരാമനവമി അന്നദാനത്തിന് ആവശ്യമുള്ളതെല്ലാം ഒതുങ്ങിക്കഴിഞ്ഞു. ധാരാളം ഭക്തജനങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ആദ്യമായി അന്നദാനം നിര്‍വഹിക്കുന്നത് സ്വാമിജിയുടെ തൃക്കൈകള്‍ കൊണ്ടായിരിക്കും. അന്ന് കര്‍മേഘോവൃതമായ അന്തരീക്ഷത്തില്‍, അതിഭയങ്കരമായ മഴ എപ്പോഴും ഉണ്ടാകണമെന്നമട്ടില്‍ സീല്‍ക്കാരത്തോടുകൂടി തണുത്തുകാറ്റടിച്ചു കൊണ്ടിരുന്നു. അകലെ കുന്നുകളിലും ചുറ്റുപാടുമുള്ള പ്രദേശങ്ങൡും മഴയുടെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു. ‘സ്വാമിജീ, മഴയിങ്ങെത്തിക്കഴിഞ്ഞു.” – ഭക്തജനങ്ങള്‍ പരിഭ്രമിച്ചു.
”നിങ്ങളിപ്പോ എന്തിനാ മഴയെ വിളിക്കാന്‍ പോയത്. ഞങ്ങൡപ്പാ എന്തുചെയ്യാനാ, കഷ്ടമായിപ്പോകുമല്ലോ” എന്നിങ്ങനെയെല്ലാം പാരവശ്യങ്ങള്‍ പറഞ്ഞ് പൊട്ടനെപ്പോലെ അഭിനയിച്ചിട്ട് കഞ്ഞികുടിക്കുന്ന ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മുകളിലേക്കുനോക്കി നേരമ്പോക്കു പറയുന്നമട്ടില്‍ ”ദേ ഇവരൊക്കെ ഇവിടെ ഭയന്നിരിക്കുകയാണ് കേട്ടോ. കഞ്ഞികുടിച്ച് തീരുന്നതുവരെ ഇതിലേ വരരുതേ. ഞങ്ങടെ കൈയില്‍ കുടയും കൂരയുമൊന്നുമില്ല.” ഇത്രയും പറഞ്ഞിട്ടകത്തേക്ക് പോയി. അല്പം കൂടി കനത്തരീതിയിലൊരു കാറ്റടിച്ചു. കാര്‍മേഘങ്ങള്‍ ചിന്നിച്ചിതറി നാലുഭാഗത്തേക്കും ഒഴിഞ്ഞുമാറി. അന്തരീക്ഷം പ്രസന്നമായി. എന്നാല്‍ അടുത്ത കുന്നുകളിലും തൊട്ടപ്പുറത്ത് റോഡുവരെയും കനത്തമഴപെയ്യുന്നത് എല്ലാവര്‍ക്കും കാണാമായിരുന്നു. ”വേഗം കുടിക്കണം അവര്‍ വരാറായി” സ്വാമിജി വീണ്ടും പറഞ്ഞു. എല്ലാവരും കഞ്ഞി വിളമ്പുന്ന ജോലി വളരെ ശ്രദ്ധയോടുകൂടി നിര്‍വഹിച്ചു. എച്ചിലെടുക്കാന്‍ സമയത്ത് ”അതൊന്നും ഇപ്പോ വേണ്ടെടോ അവര് കഴുകുക്കോളും.” എല്ലാവരും ധൃതിപിടിച്ച് കൈയും വായും ശുദ്ധമാക്കി അവരവരുടെ വീടുകളിലേക്കോടി. കുറച്ചുപേര്‍ ആശ്രമത്തില്‍ തങ്ങിനിന്നു. മഴ വരുമോയെന്നറിയാനുള്ള മട്ടില്‍ത്തന്നെ. മിനിട്ടുകള്‍ക്കുള്ളില്‍ കാറ്റും മഴയും ആശ്രമാന്തരീക്ഷത്തെ ഇളക്കിമറിച്ചു. അറിയാന്‍ കാത്തുനിന്നവരും വിഷമിച്ചു. ”ങ്ഹാ നിങ്ങള് മഴ കാണാന്‍ നിന്നതല്ലേ, സാരമില്ല.” ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്വാമിജിയുടെ ജീവിതത്തില്‍ സ്വാഭാവികവും തികച്ചും അപ്രധാനമാണെന്ന് തോന്നുമാറ് സാധാരണവുമായിരുന്നു.
ഗര്‍വനിഗ്രഹം
ധര്‍മത്തോട് അതിരറ്റ കൂറുപുലര്‍ത്തുവാനും അചഞ്ചലമായ നിഷ്ഠകൊണ്ട് നിലനിര്‍ത്തുവാനും തയ്യാറായതുപോലെതന്നെ അധര്‍മത്തെ നിരാകരിക്കാനും നിഷ്ഠൂരമായി നേരിടാനുമുള്ള അചഞ്ചലത്വം സ്വാമിജിയുടെ സ്ഥിരഭാവത്തിന്റെ മുഖ്യാധ്യായമായിരുന്നു. ഒരുദിവസം വിശേഷാല്‍പൂജ നടക്കുമ്പോള്‍ അടുത്തുള്ള വാസുദേവന്‍വൈദ്യന്‍ ആശ്രമത്തിലുണ്ടായിരുന്നു. ധാരാളം ഭക്തജനങ്ങളുമുണ്ട്. സ്വാമിജി മുകളിലേക്കുനോക്കിയിട്ട് ”മഴപെയ്യുമെടോ” എന്നിങ്ങനെ ചോദിച്ചു. ”ഹേയ് മഴയൊന്നും പെയ്യില്ല, കമ്പിയടിച്ചിട്ടു” ണ്ടെന്ന് വാസുദേവന്‍വൈദ്യന്‍ സ്വാമിജിയില്‍ അര്‍പിതമായ മനസ്സോടെയാണെങ്കിലും പ്രതിവചിച്ചു. ഈ കമ്പി സ്വാമിജിയെ കേന്ദ്രീകരിച്ചുള്ള സങ്കല്പമായിരുന്നെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. വൈദ്യന്റെ ഇത്തരം നേരമ്പോക്കുകള്‍ മറ്റുള്ളവര്‍ക്ക് അത്രഹിതമായിരുന്നില്ല. അതിനാല്‍ നടത്തിപ്പുകാരുടെ അധികാരദാര്‍ഢ്യം ഈ അഭിപ്രായത്തിന് വിപരീതമായി പ്രവര്‍ത്തിച്ചു.
അവരൊത്തുചേര്‍ന്ന് സ്വാമിജിയോട് പറഞ്ഞു. ”സ്വാമിജീ, ഇയാളുടെ ഇത്തരം സംസാരം ഞങ്ങള്‍ക്കിഷ്ടമല്ല. ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്.” ഇംഗിതജ്ഞനായ സ്വാമിജി മറുപടി പറഞ്ഞു. ”അവനങ്ങ് പറഞ്ഞോണ്ട് പോട്ടെടോ! നിങ്ങള്‍ചെന്ന് നിങ്ങളുടെ ജോലി ചെയ്യ്.” എന്നാല്‍ ഈ ഉത്തരം അധികാരികളെ സംതൃപ്തിരാക്കിയില്ല. ‘എന്നാല്‍ ഞങ്ങളങ്ങ് പോയേക്കാ” മെന്നൊരുമിച്ചഭിപ്രായപ്പെട്ടു. ”കമ്പിയടിക്കാന്‍ കുറേപ്പേര്, പ്രവര്‍ത്തിക്കാന്‍ കുറേപ്പേര്.” അവരുടെ സംസാരം ഒരു സാധാരണമനുഷ്യനോടെന്നോണം താഴ്ന്നുപോയി. സ്വാമിജി അല്പം ഭസ്മം അകാശത്തേക്ക് വിതറിയിട്ട് ‘അവന്റെ കമ്പി പൊട്ടിപ്പോയെടോ. അതിന് നിങ്ങളിപ്പോ വിഷമിേക്കണ്ട” എന്നുപറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹുങ്കാരത്തോടുകൂടി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് ആശ്രമാന്തരീക്ഷത്തെ കിടിലംകൊള്ളിച്ചു. ചുറ്റുമുള്ള വൃക്ഷങ്ങള്‍ ആഞ്ഞടിക്കുന്ന പ്രതീതിയുളവാക്കി. അതിഘോരമായ പേമാരി ചൊരിഞ്ഞുകൊണ്ടിരുന്നു. പച്ചിലച്ചില്ലകള്‍ ഒടിഞ്ഞ് നിറഞ്ഞുവന്ന വെള്ളത്തില്‍ പതിച്ചു. വസ്ത്രധാരണംതന്നെ, കാറ്റിന്റെ അതിവേഗതയ്ക്കിടെ ബുദ്ധിമുട്ടുള്ളതായി. കമ്പിയടിച്ചവരും ഇറങ്ങിപ്പോകാന്‍ തുനിഞ്ഞവരുമെല്ലാം അവതാളത്തിലായി. കുട്ടികളൊക്കെ വെള്ളത്തില്‍ മുങ്ങുമെന്ന് തോന്നി. മറുഭാഗത്തു നിന്നവര്‍ അങ്കണവളപ്പിലെ വെള്ളത്തിലൂടെ സ്വാമിജിയുടെ അടുത്തെത്തി. ”സ്വാമിജീ നിവൃത്തിയില്ല. കുട്ടികളൊക്കെ അപകടത്തിലവും. വീടുകളലെ സ്ഥിതിയെന്തെന്നറിയില്ല. അപരാധങ്ങള്‍ ക്ഷമിക്കണം” എന്നു പറഞ്ഞ് സ്വാമിജിയുടെ കാല്‍ക്കല്‍ വീണു. അധികാരികളും അഹങ്കാരികളുമൊക്കെ അടിയറവുപറഞ്ഞു. സ്വാമിജി സ്വാഭാവികമായ പുഞ്ചിരിയോടെ ”നിങ്ങളെന്താടോ ഈ പറയുന്നത്.ഇവിടെ എന്തു സംഭവിച്ചു. ഇവിടെ മഴയും കാറ്റുമൊന്നുമില്ല. നിങ്ങള്‍ക്ക് തോന്നിയതായിരിക്കും” എന്നിപ്രകാരം പറഞ്ഞവസാനിപ്പിച്ചു. എല്ലാപേരും സ്തബ്ധരായി നോക്കി നിന്നു. പഴയ ആശ്രമവളപ്പല്ലാതെ മറ്റൊന്നും വിശേഷാല്‍ സംഭവിച്ചിരുന്നില്ല. കാറ്റുമില്ല മഴയുമില്ല. എല്ലാം ശാന്തം. കമ്പിയടിച്ചവനും ശാന്തം, അധികാരികളും ശാന്തം. സ്വാമിജി എണീറ്റ് ആശ്രമത്തിനകത്തേക്ക് പോയി.
സര്‍വഭൂതജിതേന്ദ്രിയനും സര്‍വാത്മാവുമായ ഗുരുനാഥന് പ്രകൃതിവശവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ ഹിതാനുസരണം പ്രവര്‍ത്തിക്കാന്‍ അനുസരണയുള്ള കിങ്കരന്മാരെപ്പോലെ സര്‍വഭൂതങ്ങളും സന്നദ്ധമായിരുന്നു. പ്രകൃതിയുടെ അപ്രതിഹതങ്ങളായ അധീശശക്തികളെ അനായാസേന അനാവരണംചെയ്യുവാനും അത്ഭുകരമാംവണ്ണം നിയന്ത്രിക്കുവാനും കഴിവുള്ള പ്രഭുവായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠഗുരു പാദര്‍. ”സ്ഥൂലസ്വരൂപ സൂക്ഷ്മാന്വയാര്‍ത്ഥവത്വസംയമാദ് ഭൂത ജയഃ” സ്ഥൂല സ്വരൂപങ്ങളുടെ സൂക്ഷ്മഭൂതമാത്രകളിലെ സംയമം കൊണ്ട് ഭൂതജയം സിദ്ധിക്കുന്നു. പൃത്ഥി തുടങ്ങിയ സ്ഥൂലമഹാഭൂതങ്ങള്‍ക്ക് സൂക്ഷ്മരൂപങ്ങളുമുണ്ട്. അപഞ്ചീകൃതപഞ്ചഭൂതംവരെ അവ ചെന്നെത്തുന്നു. സ്ഥൂലതകുറഞ്ഞും സൂക്ഷ്മതവര്‍ധിച്ചുമാണ് ഭൂതങ്ങള്‍ക്ക് ഈ മാറ്റം സംഭവിക്കുന്നത്.
സൂക്ഷ്മസ്വരൂപത്തിലൂടെയല്ലാതെ ജീവാത്മാവാന് ഭൂതമാത്രാസ്പര്‍ശം ലഭിക്കുന്നതല്ല. കാരണം ജീവാത്മാവ് അത്യന്തം സൂക്ഷ്മസ്വരൂപനാകുന്നു. ഈശ്വരന്റെ സൂക്ഷ്മപ്രകൃതിയാകുന്നു അവ്യക്തമഹാഭൂതം. ജീവാത്മചൈതന്യത്തിനും മേല്പറഞ്ഞ അവ്യക്തമഹാഭൂതത്തിനും തമ്മിലുള്ള അന്തരം സൂക്ഷ്മതരമാണ്. (അല്പം മാത്രമേ ഉള്ളൂ.) അതുകൊണ്ട് ജീവാത്മാവിന് അവ്യക്തമഹാഭൂതസ്പര്‍ശം സുഖസാദ്ധ്യമായിരിക്കുന്നു. അവ്യക്തമഹാഭൂതത്തില്‍ കൂടി മാത്രമേ ജീവാത്മാവിന് ഈ സൗഖ്യം ലഭിക്കുകയുള്ളു. അവ്യക്തം മുതല്‍ താഴോട്ട് ഓരോ മഹാഭൂതത്തിന്റെ സൂക്ഷ്മഭൂതാംശങ്ങളെയും യഥാക്രമം ജീവാത്മാവ് സ്പര്‍ശിക്കുന്നു. ഇങ്ങനെ സ്ഥൂലഭൂതത്തിലും സൂക്ഷ്മഭൂതത്തിലും വ്യാപരിക്കുവാനും അവയെ നിയന്ത്രിക്കുവാനുള്ള കഴിവ് ജീവാത്മാവിന് സിദ്ധമാകുന്നു.
Discussion about this post