ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ കൊലപ്പെടുത്താന്‍ ഭക്തകളെന്ന വ്യാജേന സ്ത്രീകളെ പരിശീലനം നല്‍കി അയച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചു. ദലൈലാമയുടെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണിതെന്ന് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ ആരോപിച്ചു.
”ദലൈലാമയെ ഇല്ലാതാക്കാന്‍ ചൈനയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇത്രയും കാലം എന്തിന് കാത്തിരിക്കണം? ഈ പ്രായത്തില്‍ ദലൈലാമയ്‌ക്കെതിരെ അത്തരമൊരു നീക്കം നടത്തുന്നത് വിഡ്ഡിത്തമല്ലേ?”-‘ഗ്ലോബല്‍ ടൈംസ്’ പത്രം മുഖപ്രസംഗത്തില്‍ പറയുന്നു.
ദലൈലാമ സാധാരണരീതിയില്‍ മരിച്ചാലും വിഷം കൊടുത്തുകൊന്നുവെന്ന ആരോപണമുണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ദലൈലാമയുടെ ആരോപണങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ല. വിദേശത്ത് ഒളിവില്‍ താമസിക്കുന്ന രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കിയ ചരിത്രം ചൈനീസ് റിപ്പബ്ലിക്കിനില്ല.
സ്വരാജ്യത്തെ വഞ്ചിച്ച ദലൈലാമ ലോകമെങ്ങും സുരക്ഷിതമായി സഞ്ചരിക്കുകയാണ്. ചൈനയുടെ സ്ഥിരതയുള്ള രാഷ്ട്രീയ സംസ്‌കാരംകൊണ്ടാണ് അദ്ദേഹത്തിനെതിരെ യാതൊരു നടപടികളും സ്വീകരിക്കാത്തത്- ‘ഗ്ലോബല്‍ ടൈംസ്’ പത്രം പറയുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്കു മുന്നില്‍ നടിക്കുംപോലെ വിശുദ്ധനായൊരു ആത്മീയ നേതാവല്ല ദലൈലാമയെന്നും പത്രം കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് പത്രം ‘സണ്‍ഡേ ടെലിഗ്രാഫി’നു നല്‍കിയ അഭിമുഖത്തിലാണ് ദലൈലാമ ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. താന്‍ അനുഗ്രഹം നല്‍കുമ്പോള്‍ മുടിയിലോ സ്‌കാര്‍ഫിലോ പുരട്ടിയ വിഷം കൈയില്‍ പറ്റിക്കുന്നതിന് ടിബറ്റന്‍ വംശജരായ സ്ത്രീകളെ ചൈന പരിശീലിപ്പിച്ചെന്നായിരുന്നു ആരോപണം.
Discussion about this post