*എം.ശൂലപാണി*
ഏകദേശം ഒരു നൂറു വര്‍ഷങ്ങള്‍ക്കുമുമ്പുവരേ ഭാരതത്തിലും വിശിഷ്യ കേരളത്തിലും ക്ഷേത്രങ്ങളെ വളരെ നല്ല നിലയില്‍ സംരക്ഷിച്ചിരുന്നു. മിക്ക ക്ഷേത്രങ്ങളും ഗ്രാമക്ഷേത്രങ്ങളായിരുന്നു. വികേന്ദ്രീകൃതവും അതേസമയം സുസംഘടിതവുമായിരുന്നു. ഓരോ ക്ഷേത്രത്തോടും അനുബന്ധിച്ച്, പൂജാദികള്‍ നടത്തുവാന്‍ ഒരു നമ്പൂതിരി ഇല്ലം, പരിചര്യപ്രവൃത്തിക്ക് ഒരു അമ്പലവാസി ഭവനം, കൊട്ട്, വാദ്യം ഇവക്ക് ഒരു മാരാരുടെ ഗൃഹം ഇത്രയും ഇല്ലാത്ത ക്ഷേത്രങ്ങള്‍ ചുരുക്കമായിരുന്നു. ഗ്രാമക്ഷേത്രമായതിനാല്‍ ഇവരുടെ സംരക്ഷണം ഗ്രാമത്തിന്റെ ചുമതലയായി കരുതിയിരുന്നു. ഇവരൊക്കെ ഭോഗികളായിരുന്നില്ല, ത്യാഗികളായിരുന്നു. എളിയ ജീവിതമാണ് നയിച്ചത്, ഇവരുടെ ജീവിതം മറ്റു ഗ്രാമവാസികള്‍ക്ക് ഒരു ആദര്‍ശമായിരുന്നു. ഇവര്‍ തങ്ങളെ സ്വയം അതാതു ദേവാലയങ്ങളിലെ ദേവന്മാരുടെ അടിമയാണെന്നാണ് കരുതിയിരുന്നത്. അതില്‍ അഭിമാനമാണ് അപമാനമല്ല കണ്ടത്. കേരളത്തിലെ ഒരു പ്രധാന ക്ഷേത്രമായ തിരുവനന്തപുരം ക്ഷേത്രദേവനായ ശ്രീ പത്മനാഭന്റെ ദാസനാണ്, എന്നിങ്ങനെ പ്രബലന്മാരായ തിരുവിതാംകൂര്‍ രാജാക്കന്മാര്‍പോലും സ്വയം അഭിമാനിച്ചു. ഹിന്ദു ധര്‍മ്മത്തില്‍ സാമാന്യം നല്ല ജ്ഞാനവും അവരവരുടെ പ്രവൃത്തികളില്‍ പ്രത്യേക പരിജ്ഞാനവും ഉണ്ടായിരുന്നു. അവരാരും ക്ഷേത്രത്തിലെ പണിക്കാര്‍- കൂലിവേലക്കാരായിരുന്നില്ല – ക്ഷേത്രോപാസകരായിരുന്നു. ഈ പരിതസ്ഥിതിയില്‍ ക്ഷേത്രങ്ങള്‍ അഭിവൃദ്ധിപ്പെട്ടതില്‍ അത്ഭുതത്തിന്നവകാശമില്ല.
എത്ര നല്ല സ്ഥാപനമായാലും കാലത്തിന്റെ ഗതിയില്‍, മനുഷ്യനിലുണ്ടാവുന്ന മാറ്റം കാരണം, പുഴുക്കുത്തുക്കള്‍ വന്ന് ശിഥിലീകരിക്കുന്നുവെന്നത് സ്വാഭാവികമാണ്. അധോഗതിയുടെ അടിത്തട്ടില്‍ എത്തുന്നതിനുമുമ്പ് അവയെ കാലാനുസരണം ശുദ്ധീകരിച്ച് സമുദായത്തിന് ഗുണപ്രദമാക്കുവാന്‍ കഴിഞ്ഞാല്‍, നന്നായി. അല്ലെങ്കില്‍ അവയെ തട്ടിനീക്കി പുതിയ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്ന വിപ്ലവം വന്നുചേരും. ഏതോ പുണ്യംകൊണ്ട് ഹിന്ദു സമുദായം തട്ടി ഉടക്കുന്നതിനുപകരം, സന്ദര്‍ഭത്തിന്നൊത്ത് സ്വയം വികസിച്ച് പഴയ സ്ഥാപനങ്ങളെ പരിഷ്‌കരിച്ച് പുതുമയിലും ഉപയോഗപ്രദമാക്കി മാറ്റുവാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ഈ മാറ്റം അത്യാവശ്യമായ ഒരു കാലമാണ്.
ക്ഷേത്രോപസകന്മാരായവരില്‍ ക്രമേണ ഭോഗത്തിന്റെ വശം വര്‍ദ്ധിച്ചു. ജന്മിമനോഭാവം വളര്‍ന്നു അതോടെ ഉച്ചനീചത്വം വര്‍ദ്ധിച്ചു. സ്വധര്‍മ്മത്തിലല്ല സ്വജനധര്‍മ്മത്തിലായി താല്പര്യം, ക്രമേണ ക്ഷേത്രം പണസമ്പാദ്യത്തിനുള്ള ഒരു കേന്ദ്രം എന്ന നിലയിലേക്ക് വന്നെത്തി, സമ്പാദ്യം കുറവാണെന്നു വന്നാല്‍, മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി, പ്രവൃത്തിയില്‍ തുടര്‍ന്നവര്‍തന്നെ, തങ്ങളുടെ പ്രവര്‍ത്തിക്ക് ആവശ്യമായ അറിവ് നേടാതായി. സംഘടന മുഴുവനും കുടുംബങ്ങളെ ആശ്രയിച്ചായിരുന്നു നിലനിന്നത്. ജാതിഭേദം – ത്യാഗശീലരും പഠിച്ചവരും ഈ സേവനരംഗത്തേക്കു വരുന്നതിനെ തടഞ്ഞു. ഒഴുക്ക് ഇല്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളം ദുഷിക്കുന്നതുപോലെ ആയി. ആ ദൂഷ്യം ഏതുവരെ എത്തി എന്നതിന്റെ ചിത്രമാണ് നാം ഇന്നു മിക്ക ക്ഷേത്രങ്ങളിലും കാണുന്നത്. അന്ധവും അസംബന്ധവും ആയ ഒരു പറ്റം അനാചാരങ്ങളുടെ ഒരു കൂടാണ് ഇന്നത്തെ ക്ഷേത്രസങ്കേതം. ആരാധകര്‍ക്ക് താത്വികവശം അറിയില്ലെന്നത് ക്ഷന്തവ്യമാണ് – ക്ഷേത്രത്തിലെ പ്രവര്‍ത്തിക്കാര്‍ക്കുതന്നെ, അതിന്റെ പൊരുള്‍ അറിയില്ലെന്നു മാത്രമല്ല, തങ്ങള്‍ സര്‍വ്വജ്ഞരാണ്, അഭിജാത്യമുള്ളവരാണ് എന്ന അഹന്തകൂടി ഉണ്ടായാലത്തെ ഗതികേട് എത്ര വലുതാണ്. മന്ത്രതന്ത്രങ്ങള്‍, തത്തമ്മേ പൂച്ച പൂച്ച എന്ന് ഉച്ചരിക്കുന്നവരാണധികം. അതുപോലും വേണ്ടപോലെ അറിയാത്തവരും ഉണ്ട്. ദേഹശുദ്ധിയില്ല, ആഹാരശുദ്ധിയില്ല, മനഃശുദ്ധി പറയുകയും വേണ്ട. കാരണം ക്ഷേത്രപ്രവൃത്തി ഇന്ന് ഒരു ഉപാസനയല്ല. വെറും കൂലിപ്പണിയാണ്. വഴി നടന്നുവന്ന്, കാല് കഴുകാതെ, മടിയില്‍ ബീഡികെട്ടും തീപ്പെട്ടിയുംവെച്ച്, ശ്രീകോവിലില്‍ കടന്ന് പൂജിക്കുന്നത്; കേട്ടാല്‍ വിശ്വസിക്കുവാന്‍ വിഷമമാണെങ്കിലും അത് ഒരു അനുഭവമാണ് മറ്റൊരു ദിക്കില്‍ ഇതില്‍ കൂടുതല്‍ കൂലി കിട്ടാത്തതിനാലാണ് ഗത്യന്തരമില്ലാതെ പലരും ഈ തൊഴില്‍ തുടരുന്നത്. സാധു ആരാധകന്‍ ഇവരേയാണ് ഹിന്തുമതത്തിന്റെ മോന്തായമായി കരുതുന്നത്. പഴഞ്ചന്‍ വിശ്വാസം വെച്ചുപുലര്‍ത്തുന്ന കുറച്ചുപഴമക്കാര്‍ക്കും ‘ജാതിബ്രാഹ്മണന്‍’ പൂജിച്ചാലേ പറ്റൂ എന്ന തോന്നലുണ്ട്. അതുകൊണ്ടാണ് ബുദ്ധിപരമായി ബോദ്ധ്യമായിട്ടും, അനാചാരത്തില്‍ മാറ്റം വരുത്തുവാന്‍ ‘തന്ത്രിമാര്‍ വേണം’ എന്നു പറഞ്ഞുപോകുന്നത്. വിവേകാനന്ദന്‍, ഗാന്ധിജി, നാരായണഗുരു മുതലായവര്‍ക്കേ രോഗത്തിന്റെ മൂലം അറിയാനും തക്ക പ്രതിവിധി ചെയ്യാനും കരുത്തുണ്ടാവൂ. അത്യന്തം അപകടം പിടിച്ച അയിത്താചരണം ഉന്മൂലനം ചെയ്തത് (ജാതി പോയിട്ടില്ലെങ്കിലും) അവരാണ്. വെറും തന്ത്രിമാര്‍ക്കോ വൈദികന്മാര്‍ക്കോ മാറ്റിയതിനാല്‍ ക്ഷേത്രത്തിന്റേതു മാത്രമല്ല ഹിന്തുസമുദായത്തിന്റെതന്നെ സംരക്ഷണത്തിലേക്ക് ഒരു കാല്‍വെപ്പായി എന്നത് നിസ്തര്‍ക്കമല്ലേ? അതുപോലെ ഇന്ന് ക്ഷേത്രപുനരുദ്ധാരണത്തിന്നും വികാസാത്മകവും സമൂലവും ആയ പരിവര്‍ത്തനം കൂടിയേ തീരൂ.
പണ്ട് ക്ഷേത്രസംബന്ധമായ കണക്കുകള്‍ സൂക്ഷിക്കുക, മരാമത്ത് പണികള്‍ നടത്തുക മുതലായ ക്ഷേത്രത്തോട് നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങളും ആവശ്യമുള്ളിടത്ത്, ക്ഷേത്രോപാസകരുടെ കീഴിലും മേല്‍നോട്ടത്തിലും ആണ് നടത്തിവന്നത്. ക്രമേണ ഇത് വളര്‍ന്നുവെന്ന് ക്ഷേത്രം ആപ്പീസ് എന്നും ഇന്ന് ദേവസ്വം ബോര്‍ഡ് എന്നും മററുമുള്ള സ്ഥാപനങ്ങളായി വളര്‍ന്നിരിക്കുന്നു. മാത്രമല്ല ഇന്ന് ഈ ഭരണം നടത്തുന്നവര്‍ക്ക്, വെറും കണക്കുസൂക്ഷിപ്പിന്റേതല്ലാതെ, ക്ഷേത്രസങ്കല്പത്തേയോ, പൂജാക്രമങ്ങളേയോ ഒട്ടും അറിയില്ല എന്നുമാത്രമല്ല അറിയരുത് എന്ന ശാഠ്യംതന്നേ ഉണ്ടോ എന്നു തോന്നും. മതവിശ്വാസത്തിന്റെ രംഗമല്ല ഇന്നിവിടെ കാണുന്നത്. മതേതരത്വത്തിന്റെ രംഗമല്ല ഇന്നിവിടെ കാണുന്നത്. മതേതരത്വത്തിന്റെ പ്രസരിപ്പാണ് അവിടെ പ്രബലമായി കാണുന്നത്. അര്‍ദ്ധപട്ടിണിക്കാരായ ക്ഷേത്രോപജീവികള്‍, അഭ്യസ്തവിദ്യരും സര്‍ക്കാര്‍ നിലവാരത്തില്‍ ശമ്പളവും സേവനവ്യവസ്ഥകളും അനുഭവിക്കുന്ന ഈ ക്ഷേത്രഭരണക്കാരുടെ മുമ്പില്‍ പഞ്ചപുച്ഛവും അടക്കി ഭിക്ഷാപാത്രം കാട്ടിനില്‍ക്കുന്ന കാഴ്ച ഏതൊരു ഈശ്വരവിശ്വാസിയേയും ദുഃഖിപ്പിക്കുന്നതാണ്. ക്ഷേത്ര പുനരുദ്ധാരണം ശരിയാവണമെങ്കില്‍ ഈ ഭരണസമ്പ്രദായം അടിമുടി അഴിച്ചുപണിതേപറ്റു.
കാലംകൊണ്ടു വന്നുചേര്‍ന്ന ഈ ദൂഷ്യങ്ങലെ പരിഹരിക്കുമ്പോള്‍, ഹിന്തുധര്‍മ്മത്തിന്റെ സനാതനമൂല്യങ്ങളും സങ്കല്പങ്ങളും നിലനില്‍ക്കത്തക്കവണ്ണമാവണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റു മതസ്ഥരുടെ പ്രാര്‍ത്ഥനാലയങ്ങള്‍ പോലെയല്ല നമ്മുടെ ക്ഷേത്രങ്ങള്‍. മനുഷ്യന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയുടെ, സമുദായകെട്ടുറപ്പിന്റെ ഒരു സിരാകേന്ദ്രമായാണ് ഋഷീശ്വരന്മാര്‍ ക്ഷേത്ര ആരാധനയെ ക്രമപ്പെടുത്തിയിട്ടുള്ളത്. ഭാഗവതത്തില്‍ ഭക്തന്മാരെ പ്രാകൃതന്‍, മദ്ധ്യമന്‍, ഉത്തമന്‍ എന്നായി തരംതിരിച്ചിട്ടുണ്ട്. അധമഭക്തനില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കു! പ്രാകൃതം എന്നതിന് രണ്ടര്‍ത്ഥമുണ്ട്. ഒന്ന്, താഴ്ന്നത് മറ്റേത് പ്രകൃതിപരം, സ്വാഭാവികം: അതിനാല്‍ തിരസ്‌കരിക്കാന്‍ പറ്റാത്തത് പ്രാകൃതഭക്തന്റെ വിചാരം ഈശ്വരന്‍ അമ്പലത്തിലെ മൂര്‍ത്തിയില്‍ മാത്രമാണ് എന്നു കരുതുന്നു. ക്ഷേത്ര ആരാധന വേണ്ടവിധം നടത്തി അയാള്‍ മദ്ധ്യേമ ഭക്തനാവും. അപ്പോള്‍ അയാളുടെ പ്രേമം ഭഗവാനോടും, ഭക്തന്മാരോട് മിത്രഭാവവും, സാധാരണക്കാരോട് ഉദാസീനഭാവവും, തന്നെ ശത്രുവായി കാണുന്നവരോട് ഉദാസീനഭവവും ആണുണ്ടാവുക. ആരോടും വൈരഭാവമില്ല എന്നതാണ് പ്രത്യേകത. ഉത്തമന്‍ സര്‍വ്വത്ര ഈശ്വരനെ കാണുന്നു. അതിനാല്‍ ക്ഷേത്രത്തിലും ആരാധിക്കുന്നു. വൈരം ഇല്ലെന്നു മാത്രമല്ല സര്‍വ്വത്ര പ്രേമം ഉണ്ടെന്നതാണ് വൈശിഷ്ട്യം. ഈ നിലയിലേക്കു ഉയര്‍ത്തലാണ് ക്ഷേത്രാരാധനയുടെ ലക്ഷ്യം. സ്വഭാവശുദ്ധിയാണ് ക്ഷേത്രോപാസകരുടെ സമ്പത്ത്. ഗീത ബ്രാഹ്മണന്റെയും ക്ഷത്രിയന്റേയും മാനസിക ഗുണങ്ങളേയും വൈശ്യന്റേയും ശൂദ്രന്റെയും കര്‍മ്മങ്ങളേയും മാത്രം പറഞ്ഞിരിക്കുന്നു. അതായത് ഗുണപ്രധാനികളായ ബ്രഹ്മണനും ക്ഷത്രിയനും ഗുണത്തിന്നനുസരിച്ച് സമുദായത്തിന്റെ ഏതു കര്‍മ്മവും ചെയ്ത് ഗുണം സമ്പാദിക്കും. വര്‍ഗ്ഗസമരമല്ല, വര്‍ഗ്ഗസഹകരണമാണ് ഹിന്ദുവിന്റെ ലക്ഷ്യം. ഈ ഗുണങ്ങലുടെ അനുസ്യൂതമായ നിലനില്പ്പിന് അന്നു കാലത്ത് ഏറ്റവും ഉപയുക്തമെന്നു തോന്നിയ ഒരു പരിപാടി ആയിട്ടാണ് കുടുംബവ്യവസ്ഥിതി നിശ്ചയിച്ചത് മാറിയ പരിതസ്ഥിതിയില്‍ അതിന്നു മാറ്റം വന്നു. ഗുണത്തിനു പകരം ഇന്ന ജനനം കൊണ്ടുമാത്രം ജാതി വന്നു. അതിനാല്‍ നല്ല ഗുണങ്ങളുടെ അഭാവമുള്ളവര്‍ വെറും ജാതിയുടെ മറവില്‍ ക്ഷേത്രകര്‍മ്മങ്ങള്‍ നടത്താന്‍ തുടങ്ങി. ത്യാഗത്തിനു പകരം ഭോഗമായി ലക്ഷ്യം. അതോടെ ഗതി കീഴ്‌പ്പോട്ടായി. ഇന്ന് നെല്ലിപ്പടിയില്‍ എത്തിനില്ക്കുകയാണ്. ഇതിന്നു പരിഹാരം ജാതി ചിന്ത മാറ്റി ഗുണപ്രധാനികളെ ക്ഷേത്രകാര്യങ്ങള്‍ക്ക് നിയോഗിക്കലാണ്. ഇതിന്ന് ആചാരഭ്രമം നീങ്ങി ആദര്‍ശധൈര്യം വളര്‍ത്തലാണ്. പുറംപൂച്ചല്ല ആന്തരമായ മാറ്റമാണാവശ്യം.
ഒന്നാമതായി ത്യാഗശീലരും, അഭ്യസ്തവിദ്യരും ശമഭമായ ഗുണങ്ങളുളളവരുമായ യഥാര്‍ത്ഥ ബ്രാഹ്മണരുടെ (ജാതി ബ്രഹ്മണനല്ല) ഒരു സംഘം ഉണ്ടാവണം. അവരാവണം പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. അവരുടെ മേല്‍നോട്ടത്തിലാവണം മറ്റെല്ലാം നടക്കുന്നത്. ക്ഷേത്രഭരണം കഴിയുന്നത്ര വികേന്ദ്രീകൃതമാവണം. ഓരോ ക്ഷേത്രത്തിലും സാധിക്കുമെങ്കില്‍ കഴിയുന്നത്ര നടപ്പാക്കേണ്ട ഒരു അഞ്ചിനപരിപാടിയാണ് താഴെ ചേര്‍ക്കുന്നത്. 1. ആരാധിക്കുന്നവര്‍ക്ക്, ആവശ്യമാണെങ്കില്‍ പ്രത്യേകിച്ച് രാത്രികാലത്ത് ഒന്നു തലചായ്ക്കാന്‍ ഇടം സൗജന്യമായി നല്‍കണം 2. മലമൂത്രവിസര്‍ജ്ജനത്തിന് ആവശ്യമുള്ളത്ര. വൃത്തിയായ, സങ്കേതങ്ങളുണ്ടായാല്‍ മാത്രം പോരാ അവ വൃത്തിയായി ഉപയോഗിക്കുന്നുണ്ടോ എന്നു നോക്കാനും ഏര്‍പ്പാടു വേണം. നമ്മുടെ ശുചിത്വബോധത്തിന്റെ അഭാവം ശരിക്കും മനസിലാവുക ക്ഷേത്രപരിസരങ്ങളിലാണ്. ഇതിനുപ്രതിവിധി നിയമനിര്‍മ്മാണമല്ല. അധ്യാപനവും പ്രചരണവുമാണ്. 3. ആവശ്യമുള്ള ആരാധകര്‍ക്ക് ശുചിയായതും എളിയതുമായ നിവേദ്യഭക്ഷണം-സാത്വികം-സാധിച്ചാല്‍ സൗജന്യമായി, അതിനുപറ്റിയില്ലെങ്കില്‍ ലാഭേച്ഛയില്ലാതെ ചുരുങ്ങിയ ചെലവില്‍ ക്ഷേത്രത്തില്‍ നിന്നും കിട്ടാനുള്ള സംവിധാനം ഉണ്ടാവണം. 4. ക്ഷേത്രാരാധകര്‍ക്ക് അതിന്റെ പൊരുള്‍ എന്താണ്-ഹിന്ദുമതത്തില്‍ അതിന്റെ സ്ഥാനമെന്താണെന്ന് എന്നുതുടങ്ങി വേദാന്തം വരെയുള്ള അധ്യയനത്തിന് ആവശ്യമായ ലഘുലേഖകളും പുസ്തകങ്ങളും കിട്ടാന്‍ സാധിക്കണം. ചുരുങ്ങിയ വിലയ്ക്ക്. ക്ഷേത്രത്തിലെ പ്രവര്‍ത്തിക്കാര്‍ക്കടക്കം കാലത്തിനനുസരിച്ച് മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനം നല്‍കുവാന്‍ കഴിവുള്ളവരെക്കൊണ്ട്, മതപ്രവചനങ്ങള്‍-റിഫ്രഷര്‍ കോഴ്‌സുകള്‍ നടത്താന്‍ സാധിക്കണം. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ഇന്നുകാണുന്ന അധഃപതനം അവസാനിച്ച് പഴയകാലത്തെ പോലെ വ്യക്തിയുടെയും സമുദായത്തിന്റെയും വളര്‍ച്ചയുടെ അസ്ഥിവാരമായിത്തീരും ക്ഷേത്രങ്ങള്‍.
ഹിന്ദുസന്യാസിമാരും, ആശ്രമങ്ങളും, സമുദായനേതാക്കന്‍മാരും ജാതിചിന്തവിട്ട് ഹിന്ദുവിന്റെ ഉന്നമനത്തിനായി, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഇറങ്ങിത്തിരിച്ച ഒരുകാലമാണിന്ന്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആശയം പ്രവര്‍ത്തികമാക്കാന്‍ ക്ഷേത്രപുനരുദ്ധാരണത്തിലൂടെയും പരിചരണത്തിലൂടെയും നമുക്കു സാധ്യമാവട്ടെ.
Discussion about this post