ശ്രീ യതീശ്വരാനന്ദസ്വാമികള്‍
പ്രലോഭനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക
സാധനാകാലത്ത് നാം സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ പ്രലോഭനങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ കഴിയുന്നത്ര ശ്രമിക്കണം. നമ്മെ പ്രലോഭിപ്പിക്കാവുന്ന വസ്തുവിനെ അകലത്തുനിന്നു വന്ദിക്കണം. അടുത്തു പോകാതിരിക്കുക. കുറേക്കാലത്തേക്ക് നാം സ്വന്തം ശക്തിയില്‍ ഉറച്ചുനില്‍ക്കാന്‍ അധികം ശ്രമിക്കേണ്ട. നീചസംസ്‌കാരങ്ങള്‍ നിറഞ്ഞ മലിനമനസ്സാണ് നമുക്കുള്ളത്. അതിനെ അധികം ഇളക്കിയാല്‍ അത് അവസാനിക്കാത്ത ക്ലേശമുണ്ടാക്കും. അതുകൊണ്ട് ശ്രദ്ധിച്ചിരിക്കണം.
മനസ്സില്‍ വളരെ ചെറിയ, കാഴ്ചയില്‍ അപ്രധാനമായ ഒരു തിരയുടെ രൂപത്തില്‍ പൊന്തിവരുന്ന ആപത്തിനെക്കുറിച്ച് വേണ്ടത്ര ബോധമില്ലാതിരിക്കുന്നതാണ് തകരാറ്. ബാഹ്യമായ പ്രചോദനം അതിസൂക്ഷ്മവും കാണാന്‍ വിഷമമുള്ളതുമായിരിക്കും. അതു ക്രമേണ മനസ്സിനെ ബാധിക്കുന്നു. ചിലപ്പോള്‍ ചില പഴയ അശുദ്ധ സംസ്‌കാരത്തിന്റെ ഓര്‍മ്മ മതി നമ്മെ തകിടം മറിക്കാന്‍. കാരണം ക്ലേശബിജം അകത്താണ്, പുറത്തല്ല, അകത്ത് ബീജമില്ലെങ്കില്‍ അതൊരിക്കലും പൊട്ടിമുളക്കില്ല.
ഏതെങ്കിലും രൂപത്തിലുള്ള ആസക്തി മതി സാധകന്റെ ബുദ്ധിയെ ഭ്രമിപ്പിച്ച് മനസ്സിന്റെ തലത്തില്‍ അദ്ധ്യാത്മനാശമുണ്ടാക്കാന്‍. എന്നാല്‍ രാഗദ്വേഷങ്ങള്‍ യോജിക്കുകയാണെങ്കില്‍ മനസ്സാകെ തകിടം മറിഞ്ഞ് സര്‍വ്വപുരോഗതിയും നശിക്കുന്നു. വികാരാവേശം ഒരാളെ ഭരിക്കാന്‍ തുടങ്ങിയാല്‍ അദ്ധ്യാത്മജീവിതത്തിനുള്ള ശ്രമമെല്ലാം അതോടെ അവസാനിക്കുന്നു. അതുകൊണ്ട് വളരെ സൂക്ഷ്മമാണെങ്കിലും ഹാനികരമായ പ്രചോദനങ്ങളെ ഒഴിവാക്കണം. മനസ്സില്‍ ഉന്നതചിന്തകള്‍ പുലര്‍ത്തണം. താണതരം പ്രവണതകളും പ്രചോദനങ്ങളും പൊന്തിവരാന്‍ അവസരം കൊടുക്കരുത്. സാധനാകാലത്തെങ്കിലും പുരുഷന്മാര്‍ നിഷ്‌കൃഷ്ടമായ സദാചാരജീവിതം നയിക്കാത്ത മറ്റു പുരുഷന്മാരും സ്ത്രീകളുമായുള്ള സംസര്‍ഗ്ഗം കഴിയുന്നത്ര ഒഴിവാക്കണം. അതുപോലെ സ്ത്രീകള്‍ മറ്റു സ്ത്രീപുരുഷന്മാരുടേയും.
വികാരങ്ങള്‍ നമ്മെ പിടിച്ചുലയ്ക്കാന്‍ അവസരം കൊടുക്കരുത്. ചിന്തിക്കുന്നത് മനസ്സിന്റെ സ്വഭാവമാണ്. അശുദ്ധസംസര്‍ഗ്ഗമൊഴിവാക്കി അതിന്ന് നല്ല ശുദ്ധചിന്തകള്‍ക്ക് അവസരം കൊടുത്തില്ലെങ്കില്‍ അത് തീര്‍ച്ചയായും അശുദ്ധചിന്തകളില്‍ മുഴുകും. അതുകൊണ്ട് ഉണര്‍ന്ന് സശ്രദ്ധരായിരിക്കുക, ആപത്തൊഴിവാക്കാന്‍ സദാ ശ്രദ്ധിച്ചിരിക്കുക. ബുദ്ധിപൂര്‍വ്വം വ്യതിചലിക്കാതെ അദ്ധ്യാത്മമാര്‍ഗ്ഗത്തില്‍ ചരിക്കുക.
ആസുപ്‌തേഃ ആമൃതേഃ കാലം നയേദ്വേദാന്ത ചിന്തയാ.
ഉറങ്ങുന്നതുവരെ, ശരീരം വീണുപോകുന്നതുവരെ, മനസ്സിനെ വേദാന്തചിന്തകൊണ്ട് നിറയ്ക്കുക.
സദാചാരജീവിതം അദ്ധ്യാത്മജീവിതത്തിലേക്ക് നയിക്കണം
മനുഷ്യന്റെ ശരീരവും മനസ്സും ചേര്‍ന്ന വ്യക്തിത്വം, സദാ പരസ്പരം കൂടിക്കലര്‍ന്നു നില്ക്കുന്ന ത്രിഗുണങ്ങളാണ് നിശ്ചയിക്കുന്നതെന്ന് ഹിന്ദുമതം പറയുന്നു. ഇവയില്‍ തമസ്സ് ആലസ്യത്തിന്റേയും രജസ്സ് ചലനത്തിന്റേയും സത്ത്വം ജ്ഞാനത്തിന്റേയും തത്ത്വമാണ്. ഈ ഗുണങ്ങളില്‍ ഏത് മുന്നിട്ടു നില്ക്കുന്നു എന്നതനുസരിച്ചിരിക്കും ഒരാളുടെ സ്വഭാവം. ജീവിതത്തിലെ പ്രധാന പ്രശ്‌നം നമ്മില്‍ ഈ ഗുണങ്ങള്‍ വേണ്ടപോലെ പൊരുത്തപ്പെടുത്തുന്നതാണ്. വീടിന്റെ മട്ടുപ്പാവിലേക്കു നയിക്കുന്ന കോണികള്‍പോലെയാണ് ഗുണങ്ങള്‍. അലസനായ വ്യക്തി കര്‍മ്മ ശീലനായിത്തീരണം. കര്‍മ്മശീലനായ വ്യക്തി സംശുദ്ധനാവണം. സത്ത്വഗുണാധിക്യത്തില്‍ മനസ്സ് ശുദ്ധവും പ്രസാദമയവുമാകുന്നു. സത്ത്വഗുണം സത്യത്തിലേക്കുള്ള കോണിയുടെ അവസാനത്തെ പടിയാണ്. എന്നാലതു സത്യമല്ല.
നമ്മുടെ പരിശുദ്ധി നമ്മെ ഈശ്വരാനുഭൂതിയിലെത്തിക്കണം. ഈശ്വരപ്രാപ്തി എന്നു പറഞ്ഞാല്‍ ഗുണാതീതാവസ്ഥയിലെത്തുകയാണ്. ശ്രീരാമകൃഷ്ണന്‍ ഈ ഗുണങ്ങളെ ഒരു കഥയില്‍ മൂന്നു കള്ളന്മാരാടോപമിക്കുന്നു.
ഒരു ധനികന്‍ കാട്ടിലൂടെ പോവുകയായിരുന്നു. അപ്പോള്‍ മൂന്നു കള്ളന്മാര്‍ വളഞ്ഞ് ധനമെല്ലാം അപഹരിച്ചു. എല്ലാം തട്ടിയെടുത്തശേഷം ഒരു കള്ളന്‍ പറഞ്ഞു. ഇയാളെ ജീവിക്കാന്‍ വിട്ടിട്ടെന്തുകാര്യം? നമുക്കയാളെ കൊല്ലുക. അയാള്‍ വാളെടുത്ത് വെട്ടാന്‍ തുടങ്ങവേ രണ്ടാമത്തെ കള്ളന്‍ തടഞ്ഞു. ഇയാളെ കൊന്നിട്ടു കാര്യമില്ല. നമുക്കിയാളെ മുറുകെ കെട്ടി ഇവിടെയിടാം. അപ്പോള്‍ അയാള്‍ക്ക് പോലീസിനോടൊന്നും പറയാന്‍ പറ്റില്ല. അപ്രകാരം കള്ളന്മാര്‍ അയാളെ കെട്ടി അവിടെ വിട്ടുപോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ കള്ളന്‍ തിരിച്ചുവന്ന് ധനികനോടു പറഞ്ഞു. വല്ലാതെ പരിക്കുപറ്റി. അല്ലേ? വരൂ. ഞാന്‍ നിങ്ങളെ അഴിച്ചുവിടാം. അവന്‍ അയാളെ മോചിപ്പിച്ച് കാടിന്റെ പുറത്തേക്ക് നയിച്ചു. പെരുവഴിക്കടുത്തെത്തിയപ്പോള്‍ അവന്‍ പറഞ്ഞു ഈ വഴി പൊയ്‌ക്കോളൂ. എളുപ്പത്തില്‍ വീടെത്തിച്ചേരൂ. ധനികന്‍ പറഞ്ഞു. നിങ്ങളും എന്റെ കൂടെ വരണം. നിങ്ങളെനിക്ക് വളരെ ഉപകാരം ചെയ്തു. നിങ്ങള്‍ എന്റെ വീട്ടില്‍ വരുന്നത് എല്ലാവര്‍ക്കും സന്തോഷകരമാവും. അതുപറ്റില്ല. കള്ളന്‍ പറഞ്ഞു. എനിക്കവിടെ പോകാന്‍ പാടില്ല. പോലീസുകാര്‍ എന്നെ പിടിക്കും. എന്നു പറഞ്ഞ് വഴി കാണിച്ചുകൊടുത്ത് അവന്‍ ധനികനെ വിട്ടുപോയി. ഇയാളെ ജീവിക്കാന്‍ വിട്ടിട്ടെന്തുകാര്യം? കൊല്ലുക എന്നു പറഞ്ഞ ആദ്യത്തെ കള്ളന്‍ തമസ്സാണ്. അതു നശിപ്പിക്കുന്നു. രണ്ടാമന്‍ രജസ്സാണ്, അത് മനുഷ്യനെ ലോകത്തില്‍ ബന്ധിച്ച് വിവിധ കര്‍മ്മങ്ങളില്‍ കുടുക്കിയിടുന്നു. രജസ്സ് മനുഷ്യനില്‍ ഈശ്വരവിസ്മൃതിയുണ്ടാക്കുന്നു. സത്ത്വം മാത്രമാണ് ഈശ്വരനിലേക്കുള്ള വഴി കാണിക്കുന്നത്. അത് കാരുണ്യം, ധാര്‍മ്മികത്വം, ഭക്തി എന്നീ സദ്ഗുണങ്ങളെ ഉണ്ടാക്കുന്നു. കോണിയുടെ അവസാനത്തെ പടിപോലെയാണത്. അതുകഴിഞ്ഞാല്‍ മട്ടുപ്പാവായി. പരബ്രഹ്മമാണ് മനുഷ്യന്റെ സ്വഗൃഹം ത്രിഗുണാതീതനാവാതെ ബ്രഹ്മജ്ഞാനം സിദ്ധിക്കില്ല.
നമ്മുടെ ലക്ഷ്യം ഈശ്വരസാക്ഷാത്ക്കാരമാവണം-അതായത്, ഈശ്വരനെ നമ്മില്‍ത്തന്നെ സാക്ഷാത്കരിക്കണം, പിന്നെ മറ്റുള്ളവരിലും, നമ്മുടെ ആദര്‍ശം ഈശ്വരാനുഭൂതി കൈവന്ന ഗുണാതീതനാണ്. ഗുണങ്ങളുടെ പ്രഭാവം അദ്ദേഹത്തെ ബാധിക്കുന്നില്ല. അദ്ദേഹം ശുദ്ധചിന്തകള്‍കൊണ്ട് നീചപ്രവണതകളെ അകറ്റി സത്ത്വത്തിനുമുപരിയായ ഗുണാതീതാവസ്ഥയിലെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സ് അങ്ങേയറ്റം സത്ത്വത്തിന്റെ പടിയിലേക്കു താണേക്കാം. അതിലും താഴെ ഒരിക്കലും പോകില്ല.
സദാചാരംകൊണ്ടുമാത്രം ആദ്ധ്യാത്മികത കൈവരുന്നില്ല. സദാചാരം ഒരാളുടെ ആദ്ധ്യാത്മികതയ്ക്കു തെളിവേ അല്ല. പ്രൊട്ടസ്റ്റന്റു വിഭാഗത്തുനിന്നു പറ്റിയ വലിയ തെറ്റ് ഇതാണ്-അവര്‍ സദാചാരത്തെ ജീവിതത്തിന്റെ ഏകമൂല്യമാക്കി. സദാചാരം വേണം; അതു തികഞ്ഞല്ലാതെ ആദ്ധ്യാത്മികത്വമുണ്ടാവില്ല. എന്നാല്‍ സദാചാരമല്ല ആദ്ധ്യാത്മികത്വം, അത് സദാചാരത്തേക്കാള്‍ എത്രയോ ഉയര്‍ന്ന തലത്തില്‍ നില്ക്കുന്നു.
വേദാന്തി പറയുന്നു. നിസ്വാര്‍ത്ഥകര്‍മ്മം ചെയ്ത് സദാചാരജീവിതമനുഷ്ഠിച്ചാല്‍ മാത്രം പോരാ. അത്യുന്നതമായ ദിവ്യജ്ഞാനം സമ്പാദിച്ച് പരമോന്നതലക്ഷ്യം സാക്ഷാത്കരിക്കണം.
നിസ്വാര്‍ത്ഥകര്‍മ്മവും സദാചാരനിഷ്ഠയും ചിത്തശുദ്ധിക്കുള്ള ഉപായങ്ങള്‍ മാത്രമാണ്
ചിത്തശുദ്ധിയില്ലാതെ ജ്ഞാനലാഭമുണ്ടാവില്ല. എന്നാല്‍ ലക്ഷ്യം പരമമായ ബോധവും ആനന്ദവും പ്രാപിക്കലാണ്. ഈ ചിദാനന്ദം നമ്മില്‍ സദാ ഉണ്ട്. അതാണ് നമ്മുടെ സ്വരൂപം. അവ ചിത്തമാലിന്യത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നുമാത്രം. മാലിന്യമകന്നാല്‍ ആത്മാവ് സ്വയമേവ പ്രകാശിക്കും.
മാലിന്യമെന്നാല്‍ തെറ്റായ വികാരങ്ങളും നീചചിന്തകളും മാത്രമല്ല. നാം സാധാരണ നല്ലതെന്നുപറയുന്ന ചിന്തകളും പ്രചോദനങ്ങളുംകൂടി ഏകാഗ്രതയ്ക്കും ആത്മലാഭത്തിനും തടസ്സമാണ്, അതുകൊണ്ട് അവയും മാലിന്യമായി കരുതപ്പെടുന്നു. നീചചിന്തകളേയും സംസ്‌കാരങ്ങളേയും നശിപ്പിക്കണം. അല്ലെങ്കില്‍ തരംമാറ്റി ഉയര്‍ത്തണം എന്ന് സദാചാരം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ഈ ശുദ്ധചിന്തകളേയും പ്രവണതകളേയുംകൂടി നശിപ്പിക്കുന്നു. അവയ്ക്കതീതനാവണം എന്ന് അദ്ധ്യാത്മജീവിതം നിഷ്‌കര്‍ഷിക്കുന്നു. വികാരങ്ങള്‍ നമ്മെ മാനസിക-ശാരീരിക തലങ്ങളില്‍ ബന്ധിച്ചിടുന്നു. അദ്ധ്യാത്മജീവിതമെന്നാല്‍ ഇവയ്ക്കു രണ്ടിനും അതീതനാവുക എന്നാണര്‍ത്ഥം. അതുകൊണ്ടാണ് സാധകന്‍ സാമ്പ്രദായികമായ സദാചാരത്തിലുമുപരി ഉയരണമെന്നു പറയുന്നത്.
വികാരതലത്തില്‍ സുരക്ഷിതത്വമില്ല. വികാരങ്ങളെ നിയന്ത്രിച്ച് അവയെ തീവ്രമായ ആദ്ധ്യാത്മികകാംക്ഷയാക്കി മാറ്റണം. എപ്പോഴും ഓര്‍ക്കുക-സദ്‌വികാരത്തില്‍നിന്ന് ദുര്‍വികാരത്തിലേക്ക് നന്നേ കുറച്ചു ദുരമേ ഉള്ളൂ.
യഥാര്‍ത്ഥ ലക്ഷ്യം
ദൈന്യം, പ്രയോജനരഹിതമായ പശ്ചാത്താപം എന്നിവകൊണ്ട് ഒരിക്കലും മനസ്സിനെ ക്ഷീണിപ്പിക്കരുത്. മനസ്സിലുണ്ടാകുന്ന ചീത്ത വികാരങ്ങളേയും ആഗ്രഹങ്ങളേയും നേരിട്ട് സമചിത്തത പുലര്‍ത്താമെങ്കില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങി, സൃഷ്ടിപരമായി പ്രവര്‍ത്തിച്ച് ഉത്സാഹത്തോടെ മുന്നോട്ടുപോകാം, കഴിഞ്ഞ കാലത്തെപ്പറ്റി ആലോചിച്ചിരിക്കുന്നത് ഒരു രോഗമാണ്. അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന മാത്രയില്‍ സാധകന്മാരെല്ലാം ഈ രോഗത്തിന് തങ്ങള്‍ക്കുള്ളില്‍ത്തന്നെ ശമനം കണ്ടെത്തണം. മനസ്സിനെ ധ്യാനനിരതരാക്കാന്‍ ശ്രമിക്കുന്നതിനുമുമ്പ് അസത്യവും അശുദ്ധവുമായ ചിന്തകളില്‍നിന്ന് നാം സ്വയം വിടുത്തണം.
അടുത്തതായി പ്രാര്‍ത്ഥിക്കുകയും ജപിക്കുകയും വേണം. അത് ധ്യാനത്തിലേക്കു നയിക്കും. തത്തയെപ്പോലെ ഈശ്വരനാമം ഉരുവിട്ടാല്‍ പോരാ. നാമത്തിന്റെ – മന്ത്രത്തിന്റെ – അര്‍ത്ഥബോധം നിരന്തരമായി മനസ്സില്‍ നിറയണം. നിഷ്ഠയായി പരിശീലിക്കുന്ന പ്രാര്‍ത്ഥനയും ജപവും നമ്മുടെ ചിന്ത, വികാരം, ഇച്ഛ എന്നിവയെ ശുദ്ധീകരിക്കുന്ന ഒരു പുതിയ സമരസത്വം സൃഷ്ടിക്കുന്നു-ഇത് യഥാര്‍ത്ഥമായ ധ്യാനത്തിലേക്കു ഒരു വലിയ കാലുവെപ്പാണ്.
മനസ്സിനെ ശുദ്ധീകരിച്ച് സ്ഥിരമാക്കാനുള്ള എളുപ്പവഴി ഏകാന്തത്തിലിരുന്ന് കാമനകളെ നിയന്ത്രിച്ച് ധ്യാനനിരതനാവുകയാണ്. പവിത്രചിന്തകളില്‍ എത്രയധികം മനസ്സിരുത്തുന്നുവോ അത്രയുമധികം അദ്ധ്യാത്മവികാസമുണ്ടാവും. നല്ലപോലെ തീറ്റകൊടുക്കുന്ന പശു ധാരാളം പാലുതരുന്നതുപോലെ നല്ല ആദ്ധ്യാത്മികാഹാരം കൊടുക്കുന്ന മനസ്സ് ധാരാളം ശാന്തി നല്‍കും. ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവയാണ് ആദ്ധ്യാത്മികാഹാരം.
മനസ്സിനെ സ്ഥിരമാക്കാന്‍ വേറൊരു വഴി അതിനെ അലയാന്‍ വിട്ട് ആ അലച്ചില്‍ നിരീക്ഷിക്കുകയാണ്. കുറച്ചു കഴിഞ്ഞാല്‍ അതു ക്ഷീണിച്ച് ഈശ്വരനില്‍ ശാന്തി കണ്ടെത്താനായി തിരിച്ചുവരും. മനസ്സിനെ ശ്രദ്ധിച്ചാല്‍ അത് നിങ്ങളേയും ശ്രദ്ധവെച്ചുനോക്കും.
എന്നാല്‍ സ്വകേന്ദ്രീകൃതമായ ഈ ധ്യാനം മാത്രം പോരാ. പരമാത്മധ്യാനത്തോടൊപ്പം നമ്മെ പൂര്‍ണ്ണമായി ഈശ്വരസമര്‍പ്പണം ചെയ്യുകകൂടി വേണം. നിരന്തരമായ ധ്യാനാഭ്യാസംകൊണ്ട് ഒരുഅന്തര്‌ജ്യോതിസ്സ് – ജ്ഞാനശക്തി – ഉണരുന്നു. അതുവഴി ജീവന്‍ തനിക്ക് ഈശ്വരനോടുള്ള ബന്ധം അറിയുന്നു. ഈശ്വരനില്‍ മുഴുകി ഇരിക്കുന്നു. അതില്‍നിന്നുണ്ടാവുന്ന ദിവ്യാനന്ദം ജീവനില്‍ പൂര്‍ണ്ണമായ പരിവര്‍ത്തനമുണ്ടാകുന്നു.
ഈശ്വരാനുഭൂതി കൈവന്ന വ്യക്തി സാക്ഷാല്‍ക്കാരത്തിന്റെ ഉന്നതാവസ്ഥയില്‍നിന്ന് താഴെ വരുമ്പോള്‍ അയാളില്‍ ഒരു പുതിയ വീക്ഷണമുണ്ടായിരിക്കും. അയാള്‍ തന്നിലും മറ്റെല്ലാറ്റിലും പരമാത്മാവിനെ കാണും. അയാളുടെ മനസ്സ് ക്‌ളേശത്തിലും വിജയത്തിലും വ്യതിചലിക്കാതെ അയാളുടെ ഹൃദയത്തില്‍ എല്ലാവരോടും പ്രേമവും കാരുണ്യവും നിറഞ്ഞിരിക്കും. ദിവ്യബോധത്തിന്റെ ഇളകാത്ത അടിത്തറയിലുറച്ച ഒരു പുതിയ ശാന്തി. അയാള്‍ കണ്ടെത്തിയിരിക്കുന്നു. ലോകകാര്യങ്ങളൊന്നും അയാളെ ബാധിക്കുന്നില്ല. തന്റെ ശാന്തിയും ആനന്ദവും മറ്റുള്ളവരുമായി പങ്കിടാന്‍ അയാള്‍ ആഗ്രഹിക്കുന്നു.
Discussion about this post