ചേര്‍ത്തല: എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അലക്കുയന്ത്രത്തിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നശേഷം അമ്മ പോലീസിന് കീഴടങ്ങി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ ആയിരംതൈ പള്ളിക്കു സമീപം കാക്കരിയില്‍ ജോണ്‍ മാര്‍ക്കോസിന്റെ (കുഞ്ഞുമോന്‍) ഭാര്യ സുമ(40)യാണ് വീട്ടിലെ വാഷിങ്‌മെഷീനില്‍ മകനെ മുക്കിക്കൊന്നശേഷം ആലപ്പുഴപോലീസ്‌സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന സുമ രണ്ടുതവണ കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
എട്ടുമാസം പ്രായമുള്ള മകന്‍ ഷാരോണിനെ കൊന്നശേഷം വീടുപൂട്ടി താക്കോലുമായി നേരെ ആലപ്പുഴയിലെത്തിയ സുമ, പോലീസ് വനിതാസെല്ലില്‍ എത്തി വിവരം അറിയിക്കുകയാണുണ്ടായത്. മകനെ അലക്കുയന്ത്രത്തിലിട്ട് കൊന്നെന്നും അര്‍ത്തുങ്കല്‍ പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ ആയിരംതൈ പള്ളിക്കു സമീപമാണ് വീടെന്നും, സുമ വനിതാ സെല്‍ സി.ഐ. കെ. ധര്‍മജയെ അറിയിച്ചു. വീടിന്റെ താക്കോലും ഏല്പിച്ചു. ധര്‍മജ, വിവരം അര്‍ത്തുങ്കല്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സുമയുടെ വീട്ടിലെത്തി, വീടിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോള്‍ അലക്കുയന്ത്രത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് പറഞ്ഞപ്പോഴാണ് തൊട്ടടുത്ത കുടുംബവീട്ടിലുള്ളവര്‍പോലും വിവരം അറിയുന്നത്.
Discussion about this post