Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മഥുരയും വൃന്ദാവനവും

by Punnyabhumi Desk
Jun 9, 2012, 06:00 pm IST
in സനാതനം

*കെ.ആര്‍.നമ്പൂതിരി കടമ്പനാല്‍*

‘വംശീവിഭൂഷിതകരാന്നവനീരദാഭാല്‍
പീതാംബരാദരുണബിംബഫലാധരോഷ്ഠാല്‍
പൂര്‍ണ്ണേന്ദു സുന്ദരമുഖാദരവിന്ദ നേത്രാല്‍
കൃഷ്ണാല്‍പരം കിമപി തത്വമഹം ന ജാനേ’.

ശ്രീകൃഷ്ണപരമാത്മാവിന്റെ ജന്മംകൊണ്ട് ധന്യാതിധന്യമായ മഥുരാപുരിയും, ആ ഭഗവാന്റെ ദിവ്യാതിദിവ്യങ്ങളായ ബാലലീലകളെക്കൊണ്ടു പരിപാവനമായ വൃന്ദാവനവും ഭാരതീയരായ നമുക്കു ഒരിക്കലും വിസ്മരിക്കത്തക്കതല്ലല്ലോ. പ്രാതഃസ്മരണീയങ്ങളായ മഥുരയും വൃന്ദാവനവും കൂടിച്ചേര്‍ന്ന വിശാലമായ ഭൂവിഭാഗത്തിന് മൊത്തത്തില്‍ പറഞ്ഞുവരുന്ന പേര് ‘വ്രജമണ്ഡലം’ എന്നാണ്.

പുരാണേതിഹാസങ്ങളിലെല്ലാം മഥുരയെപ്പറ്റിയുള്ള വിസ്തൃതമായ വര്‍ണ്ണനകള്‍ കാണാം. മധുര മധുപുരി, മധുപഘ്‌നം – എന്നീ മൂന്നു പേരുകളും മഥുരാപുരിയുടെ പര്യായങ്ങള്‍തന്നെയാണ്. ഈവക പേരുകളൈല്ലാം ‘മധു’ വെന്ന ദൈത്യനെ അനുസ്മരിപ്പിക്കുന്നവയുമത്രെ. പണ്ട് ഈ ദുഷ്ടദൈത്യന്റെ – മധുവിന്റെ ഉപദ്രവംകൊണ്ട് പൊറുതിമുട്ടിയമഹര്‍ഷിമാര്‍ ശ്രീരാമനെ സങ്കടമറിയിച്ചുവെന്നും, രാമന്റെ നിര്‍ദ്ദേശപ്രകാരം ശത്രുഘ്‌നന്‍ ആ രാക്ഷസന്റെ കഥകഴിച്ചുവെന്നു മറ്റുമാണ്, ഐതിഹ്യം. വരാഹപുരാണത്തില്‍ ഭൂമിദേവിയോടു ഭഗവാന്‍ പറയുന്നുണ്ട്.

‘ന വിദ്യതേചപാതാളേ
നാന്തരീക്ഷേ നമാനുഷേ
സമാനം മഥുരയാഹി
പ്രിയം മമ വസുന്ധരേ!
സാരമ്യാച സുശസ്താച
ജന്മഭൂമിസ്തഥാ മമ.

സ്വര്‍ഗ്ഗം ഭൂമി പാതാളം – മൂന്നു ലോകത്തിലും മഥുരാപുരിയെപ്പോലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു സ്ഥലവുമില്ല. പ്രകൃതിസുന്ദരവും പ്രശസ്തവുമായ അത് എന്റെ ജന്മഭൂമിയാണ്.

വ്രജമണ്ഡലത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മധുവനം, മഹാവനം, കാമ്യകവനം, കുമുദവനം, വൃന്ദാവനം, ഭദ്രവനം, ഭാണ്ഡീരനം, വില്വവനം, ഖദിരവനം, ബഹുവനം, ലോഹജവനം. ശ്രീവനം എന്നിങ്ങനെ പന്ത്രണ്ടുവനങ്ങളുണ്ടായിരുന്നു. അവയുടെയെല്ലാം മദ്ധ്യത്തില്‍ സ്ഥിതചെയ്തിരുന്ന മനോഹരമായ വൃന്ദാവനത്തിന്റെ മാഹാത്മ്യം പ്രത്യേകം പ്രസ്താവ്യമത്രെ.

‘ഗുഹ്യാല്‍ ഗുഹ്യ തരം രമ്യം
മദ്ധ്യം വൃന്ദാവനം ഭുവി
അക്ഷരം പരമാനന്ദം
ഗോവിന്ദസ്ഥാനമവ്യയം (പഞ്ചപുരാ)

വൃന്ദാവനം സാക്ഷാല്‍ ഭഗവാന്റെ ശരീരംതന്നെയാണ്. ബ്രഹ്മാനന്ദത്തിന്റെ കേന്ദ്രമാണത്. അതിലെ ധൂളിസ്പര്‍ശമേറ്റാല്‍, പൊടിപുരണ്ടാല്‍മതി മോക്ഷം കിട്ടാന്‍. കാരണം, അവിടത്തെ മണ്ണില്‍ ഭഗവാന്റെ പാദധൂളിലയിച്ചു ചേര്‍ന്നിട്ടുണ്ട്.

‘ഗോവിന്ദദേഹതോfഭിന്നം
പൂര്‍ണ്ണബ്രഹ്മസുഖാശ്രയം
മുക്തിസ്തത്രരജസ്പര്‍ശാല്‍
തന്മാഹാത്മ്യം കിമുച്ച്യതേ’

മുക്തി ഒരിക്കല്‍ ഭഗവാനോടു ചോദിച്ചു – ‘ഹേ, മാധവ! എനിക്കു മുക്തിയുണ്ടാകാനുള്ള മാര്‍ഗ്ഗമെന്താണ്? ഭഗാവന്‍ പറഞ്ഞു – അല്ലയോ മുക്തി! ഈ വൃന്ദാവനത്തിലെ പൊടിപടലങ്ങള്‍ പറന്ന്, ഭവതിയുടെ ശിരസ്സില്‍ വീഴുമ്പോള്‍ ഭവതി സ്വയംമുക്തയായിയെന്നു വിശ്വസിച്ചുകൊള്ളുക. ഇത്രമാത്രം മഹത്വമാര്‍ന്ന ആ വൃന്ദാവനത്തെപ്പറ്റി എന്തുപറയട്ടെ.

മഥുരയും വൃന്ദാവനവും ചേര്‍ന്ന വിശാലമായ വ്രജമണ്ഡലത്തിന്റെ വിസ്താരം ഏതാണ്ട് 125 ചതുരശ്രമൈല്‍ വരും. ആ വ്രജമണ്ഡലത്തിന്റെ മദ്ധ്യത്തിലാണ് അതിന്റെ തൊടുകുറിയെന്നോണം മഥുരാപുരി വിരാജിക്കുന്നത്.

മഥുരാപുരിയുടെ പ്രാചീന നാമം മധുവനമെന്നത്രെ, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിന്റെ അന്ത്യത്തിലാണ്, ഇവിടെ അവതരിച്ചതെങ്കിലും, ഈ സ്ഥലം അതിനു മുന്‍പുതന്നെ പരിപാവനമായി വിചാരിക്കപ്പെട്ടിരുന്നു. സൃഷ്ടിയുടെ പ്രാരംഭത്തില്‍, കൃതയുഗാരംഭത്തില്‍ തന്നെ സ്വയംഭുവമനുവിന്റെ പുത്രനായ ധ്രുവന്, ശ്രീനാരദമഹര്‍ഷി ഉപദേശം കൊടുത്തത് മധുവനത്തില്‍ ചെന്നിരുന്ന് ഭഗവല്‍ഭജനം ചെയ്യാനാണല്ലോ. ആ സന്ദര്‍ഭത്തില്‍ നാരദന്‍ ഇതിന്റെ മഹത്വത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. – പുണ്യം മധുവനം യത്ര സാന്നിദ്ധ്യം നിത്യദാ ഹരേ, അതനുസരിച്ച് ഭക്തശിരോമണിയായ ധ്രുവരാജകുമാരന്‍ അവിടെചന്നിരുന്ന് ഭഗവാനെ ഭജിച്ചതും, ഭഗവാനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ വാങ്ങിച്ചതും മറ്റും സുപ്രസിദ്ധമാണല്ലോ.

ധ്രുവന്‍ തപസ്സുചെയ്തിരുന്ന കാലത്ത് മധുവനം ഒരു മഹാവനം തന്നെയായിരുന്നു. പിന്നീട് മധുവെന്നുപേരായ രാക്ഷസ രാജാവും, അയാളുടെ പുത്രനായ ലവണാസുരനുംകൂടിയാണ് അവിടെ മധുരാപുരിയെന്നപേരില്‍ ഒരു നഗരം സൃഷ്ടിച്ചത്. ദുഷ്ടന്മാരായ ആ ദൈത്യന്മാരെ ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം ശത്രുഘ്‌നന്‍ വധിക്കുകയും, പ്രസ്തുത നഗരം സ്വന്തം രാജധാനിയാക്കുകയും, കുറച്ചു കാലങ്ങള്‍ക്കുശേഷം ശത്രുഘ്‌നന്‍ അദ്ദേഹത്തിന്റെ പുത്രനെ അവിടെ രാജാവാക്കി വാഴിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. കാലാന്തരത്തില്‍ ദ്വാപരയുഗത്തില്‍, ആ നഗരം ശൂരനസേനവംശജരായ രാജാക്കന്മാരുടെ അധീനതയിലാവുകയും, അതവരുടെ രാജധാനിയായിത്തീരുകയുമാണുണ്ടായത്. ഇവിടെയാണ്, പിന്നീട് ഭഗവാന്‍ ശ്രീകൃഷ്ണപരമാത്മാവ് അവതരിച്ചതും. ഭഗവാന്റെ അവതാരത്തോടുകൂടി മഥുരാപുരിയുടെ മഹത്വം അതിന്റെ പാരമ്യത്തിലെത്തിയെന്നു പറയണമെന്നില്ലല്ലോ.

മഥുര മനോഹരമായ ഒരു പട്ടണമാണ്. ചരിത്ര പ്രസിദ്ധമായ യമുനാനദിയുടെ തീരത്താണ് ഇതു സ്ഥിതിചെയ്യുന്നത്. ധാരാളം യാത്രസൗകര്യങ്ങളും താമസസൗകര്യങ്ങളും ഇവിടെയുണ്ട്. യമുനാതീരത്ത് അനേകം സ്‌നാനഘട്ടങ്ങള്‍ കാണാം. വിശ്രമഘട്ടം, ധ്രുവഘട്ടം, ദശാശ്വമേധഘട്ടം, ചക്രതീര്‍ത്ഥഘട്ടം, ബുദ്ധഘട്ടം – എന്നിവ, അവയില്‍ പ്രധാനമര്‍ഹിക്കുന്നു. കംസവധം കഴിഞ്ഞ് ഭഗവാന്‍ യമുനയില്‍ സ്‌നാനം ചെയ്ത് വിശ്രമിച്ച സ്ഥലമാണ് വിശ്രമഘട്ടമെന്നു പറയുന്നത്. അങ്ങിനെ ഓരോ ഘട്ടത്തിനും ഓരോ ഐതിഹ്യങ്ങള്‍ പറഞ്ഞു വരുന്നു.

ദേവാലയങ്ങളുടെ കേന്ദ്രമാണ് മഥുര. അനവധി ക്ഷേത്രങ്ങള്‍ നഗരത്തിന്റെ നാനാവശങ്ങളിലായി കാണാം. അവയിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ്, ശ്രീദ്വാരകാനാഥ മന്ദിര്‍. അതിനടുത്ത് വലതുവശം ഗതശ്രമനാരായണമന്ദിരം കാണാം. ശ്രീകൃഷ്ണ വിഗ്രഹമാണ്, അതിലെ പ്രതിഷ്ഠ. ശ്രീകൃഷ്ണന്റെ ഒരു വശത്ത് രാധാദേവിയുടെയും, മറുവശം കുബ്ജയുടെയും മൂര്‍ത്തികളുമുണ്ട്. നഗരത്തിന്റെ നാലതിര്‍ത്തികളിലും നാലു ശിവക്ഷേത്രങ്ങളുമുണ്ട്. കിഴക്കു പിപ്പലേശ്വരന്‍, തെക്ക് രാഗേശ്വരന്‍, പടിഞ്ഞാറു ഭൂതേശ്വരന്‍, വടക്കു ഗോകര്‍ണ്ണേശ്വരന്‍. മാനിക് ചൗക്കില്‍ ശ്വേതവരാഹമൂര്‍ത്തിയുടെയും, നീലവരാഹമൂര്‍ത്തിയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. വത്രനാദപ്രതിഷ്ഠയെന്നു വിശ്വസിക്കപ്പെട്ടിരുന്നു. ശ്രീകേശവദേവമന്ദിരം അരംഗസീബിന്റെ കാലത്ത് തട്ടിനിരത്തി അവിടെ ഒരു പടുകൂട്ടറ്റന്‍ പള്ളി പണിതുയര്‍ത്തിയിരിക്കുന്നത് കാണാം. അതിന്റെ തൊട്ടടുത്ത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലവും, അവിടെ ഒരു ക്ഷേത്രവും, പോതരാകുണ്ഡമെന്ന ഒരു കുളവുമുണ്ട്. ഇപ്പോള്‍ അവിടെ അന്താരാഷ്ട്ര ‘ഹരേകൃഷ്ണ’ പ്രസ്ഥാനക്കാരുടെ ഉത്സാഹത്തില്‍ മാര്‍ബിള്‍ക്കല്ലുകൊണ്ട് ഒരു മനോഹര സൗധം പടുത്തുയര്‍ത്തിയിട്ടുണ്ട്. പ്രസ്തുതഭജനമഠം എപ്പോഴും, ഇരുപത്തിനാലു മണിക്കൂറും ഭഗവന്നാമസങ്കീര്‍ത്തനം കൊണ്ട് മുഖരിതമാണെന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.

വൃന്ദാവനം മഥുരയില്‍ നിന്നും ആറു മൈല്‍ വടക്കാണ്. മഥുരക്കും വൃന്ദാവനത്തിനും മദ്ധ്യേ അതിവിശിഷ്ടവും വിശാലവുമായ ‘ഗീതാമന്ദിരം’ എന്ന ഒരു മനോഹരസൗധമുണ്ട്. അതില്‍ ഗീതാഗായകനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഒരു പൂര്‍ണ്ണകായപ്രതിഭ സ്ഥാപിച്ചിട്ടുണ്ട്. മാര്‍ബ്ബിള്‍ കല്ലില്‍ കൊത്തിയെടുത്ത സുന്ദരകലാസൃഷ്ടിയാണിത്. എന്നല്ല, ഭഗവദ്ഗീത മുഴുവനും, അതിലെ ഓരോ മന്ത്രവും ദേവനാഗരീലിപിയില്‍ അതിന്റെ ഭിത്തികളില്‍ ആലേഖനം ചെയ്തിരിക്കുന്നതു കാണാന്‍ ബഹുരസമാണ്. ഇവിടെയും എന്നും പ്രഭാതം മുതല്‍ പ്രദോഷം വരെ ഭഗവാന്‍ കീര്‍ത്തനങ്ങള്‍ ശ്രുതിമധുരമായ സ്വരത്തില്‍ മുഴങ്ങി കേള്‍ക്കാം. ആകപ്പാടെ പ്രശാന്തസുന്ദരവും ഭക്തിനിര്‍ഭരവുമാണ് ഇവിടുത്തെ അന്തരീക്ഷം.

വൃന്ദാവനത്തില്‍ ധാരാളം കര്‍മ്മശാലകളും ഗോശാലകളും, സത്രങ്ങളും, ക്ഷേത്രങ്ങളും, ആശ്രമങ്ങളുമുണ്ട്. അവയില്‍ നാരായണാശ്രമം, ഭജനാശ്രമം, വൃന്ദാവന ഭജനമഠം, മാനവസേവാസംഘം – മുതലായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കേണ്ടതുതന്നെ. വൃന്ദാവനത്തിന്റെ ചുറ്റളവ് 4 മൈലാണ്. അതായത് ഒരു പ്രദിക്ഷണം വെക്കണമെങ്കില്‍ 4 മൈല്‍ നടക്കണമെന്നര്‍ത്ഥം. ഭക്തജനങ്ങളില്‍ പതിവായി പ്രദിക്ഷണം വക്കുന്നവര്‍ ധാരാളമുണ്ട്. അതൊരു മഹാഭാഗ്യമായിട്ടാണ്. ആളുകള്‍ വിശ്വസിച്ചുവരുന്നതും.

അല്പം ഐതിഹ്യംകൂടി. പണ്ട് കേദാരന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയാണ് വൃന്ദ അതീവ സൗന്ദര്യവതിയായ ഒരു യുവതീരത്‌നമായിരുന്നു. അവള്‍ ശ്രീകൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരണമെന്നു ആഗ്രഹിച്ചുകൊണ്ട് വളരെക്കാലം ഇവിടെ തപസ്സനുഷ്ഠിച്ചു. ശ്യാമസുന്ദരനായ ശ്രീകൃഷ്ണഭഗവാന്‍ പ്രസാദിച്ച് അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും അവളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു. അങ്ങിനെ വൃന്ദയുടെ പരിപാവനമായ തപോവനമായതിനാല്‍, ഈ സ്ഥലം വൃന്ദാവനമെന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. ഇതു ബ്രഹ്മവൈവര്‍ത്തപുരാണത്തിലുള്ള ഒരു കഥയാണ്. ഒരു കാര്യം നിസ്സംശയം പറയാം. ശ്രീ രാധാകൃഷ്ണന്മാരുടെ നിഗൂഢനികുംജ കേളീരംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പുണ്യസ്ഥലമാണ് വൃന്ദാവനം.അവരുടെ ദിവ്യങ്ങളായ പ്രേമസല്ലാപങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടാനന്ദിച്ച അവിടുത്തെ വൃക്ഷലതാദികളും മറ്റും, ഇന്നും കാഴ്ചക്കാരുടെ കണ്ണും കരളും കവരുന്ന മനോഹരദൃശ്യങ്ങള്‍തന്നെ.

വൃന്ദാവനപര്യടനം, പരിക്രമാനുസരണം നടത്തണമെങ്കില്‍, ആദ്യമായി യമുനാതീരത്തുള്ള കാളിയഹൃദയത്തില്‍നിന്നാണാരംഭിക്കേണ്ടത്. അതായത് ഭഗവാന്‍ കാളിയമര്‍ദ്ദനം ചെയ്ത സ്ഥലം. അവിടെ കാളിയമര്‍ദ്ദകനായ കൃഷ്ണന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതു കഴിഞ്ഞാല്‍ മദനമോഹനമന്ദിരം.
പിന്നീട്, ദാഗലി, മാനഗലി, യമുനാഗലി, കുംജഗലി, സേവാകുഞ്ജം തുടങ്ങിയവ ക്രമേണ സന്ദര്‍ശിക്കണം. ഗലിയെന്നവാക്കിനു തെരുവെന്നര്‍ത്ഥം. സേവാകഞ്ജത്തില്‍ ‘രംഗമയില്‍’  എന്നു പേരായ ഒരു ചെറിയ മന്ദിരമുണ്ട്. അതില്‍ ശ്രീകൃഷ്ണന്റെയും രാധാദേവിയുടെയും പ്രേമസാഫല്യത്തെ അഥവാ പ്രേമസായൂജ്യത്തെ ചിത്രീകരിക്കുന്ന ഒര മനോഹരയുഗ്മചിത്രം കാണാം. ഇന്നും രാത്രിയില്‍ രാധാകൃഷ്ണന്മാര്‍ സേവാകുഞ്ജത്തില്‍ പ്രേമസല്ലാപം നടത്തുണ്ടെന്നാണു ജനവിശ്വാസം. അതുകൊണ്ട് രാത്രിയായാല്‍ ആരും അങ്ങോട്ടു പോകാറില്ല; അവിടെ താമസിക്കാറുമില്ല.

ഇങ്ങിനെ ഐതിഹ്യപ്രാധാന്യമര്‍ഹിക്കുന്ന അനേകം സ്ഥലങ്ങളും സ്ഥാപനങ്ങളും മറ്റും വൃന്ദാവനത്തിലുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം ഇതില്‍ പ്രസ്താവിച്ചെന്നേയുള്ളൂ. വിസ്താരഭയത്താല്‍ മറ്റുള്ളതിലേക്കൊന്നും തല്‍ക്കാലം കടക്കുന്നില്ല. അടുത്ത ലക്കത്തില്‍ തീര്‍ത്ഥരാജനായ ‘പ്രയാഗി’ നെപ്പറ്റി പ്രതിപാദിക്കാമന്നു വിചാരിക്കുന്നു.

വസുദേവസൂതം ദേവം
കംസചാണൂരമര്‍ദ്ദനം
ദേവകീ പരമാനന്ദം
കൃഷ്ണം വന്ദേ ജഗല്‍ഗ്ഗുരും;

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies