ബി. സേതുലക്ഷ്മി
മുന്‍പൊരുകാലത്ത് വംഗദേശത്തുള്ള ഓരു സാധുഗൃഹത്തില്‍ ഭാര്യ മരിച്ചുപോയ ഒരുത്തമബ്രാഹ്മണന്‍ വാത്സല്യ ഭാജനങ്ങളായ തന്റെ രണ്ടു പെണ്‍മക്കളുമൊത്ത് സസുഖം ജീവിച്ചിരുന്നു. ആ പെണ്‍കുട്ടികള്‍ രണ്ടും ദേവീപൂജയില്‍ ആരെയും അതിശയിക്കത്തക്ക നിഷ്ഠയുള്ളവരായി കാണപ്പെട്ടു. വല്ല പൂവോ, ഇലയോ, പഴമോ കൊണ്ട് അര്‍ച്ചന ചെയ്തിരുന്നാലും ദേവി അതെല്ലാം സ്വീകരിച്ച് അവരെ സര്‍വ്വാത്മനാ അനുഗ്രഹിച്ചിരുന്നു.
ഇങ്ങിനിരിക്കെ, അവരുടെ പിതാവിന്റെ നിരാശ്രയാവസ്ഥയില്‍ അതീവ സങ്കടം തോന്നിയ ആ സാധുപെണ്‍കുട്ടികള്‍ അച്ഛന് ഒരു നല്ല സഹധര്‍മ്മിണി വന്നു കാണ്മാന്‍ തീവ്രമായി ആഗ്രഹിക്കുകയും അവരുടെ ഇച്ഛയ്‌ക്കൊത്ത് ദേവി ആയത് സാധിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ അമ്മയുടെ സ്ഥാനത്തുവന്ന ആ സ്ത്രീ സുമുഖി ആയിരുന്നു എങ്കിലും ഒരു ദുര്‍ബുദ്ധി കൂടിയായിട്ടാണ് അനുഭവപ്പെട്ടത്. ഇവളുടെ പ്രേരണയുടെ ഫലമായി സാധുവായ ആ ബ്രാഹ്മണനു തന്റെ മക്കളെ ഒരു വനമദ്ധ്യത്തില്‍ ഉപേക്ഷിക്കേണ്ടിവന്നു.
പക്ഷേ, അവര്‍ക്ക് ആ നിലയില്‍ അധികസമയം കഴിയേണ്ടിവന്നില്ല. തങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഏതോ ഒരു സ്ത്രീയുടെ സഹായത്താല്‍ ആവനത്തിന്റെ ഒരു ഭാഗത്തു അവര്‍ക്ക് ഒരു ചെറുകുടില്‍കെട്ടാന്‍ സാധിച്ചു. ഇവര്‍ ഇപ്രകാരം കഴിഞ്ഞുവരവേ അപരിചിതനായ ഒരാള്‍ അവിടെ ചെന്ന് രണ്ടുപേര്‍ക്ക് കുടിക്കാന്‍ അല്പം ജലം ആവശ്യപ്പെടുകയും ആതവര്‍ സസന്തോഷം കൊടുക്കുകയും ചെയ്തു. അത്ഭുമെന്നു പറയട്ടെ, ഇതു കുടിച്ചു സംതൃപ്തിയടഞ്ഞവര്‍ മറ്റാരുമായിരുന്നില്ല. ആ രാജ്യത്തെ രാജാവിന്റേയും മന്ത്രിയുടേയും മക്കളായിരുന്നു. ഇത്ര നല്ല ശുദ്ധജലം കൊടുത്തവരെ നേരിട്ടു കാണ്മാന്‍ ആ ധനികപുത്രന്മാര്‍ക്കു ആശ ജനിച്ചതില്‍ ഒട്ടും അത്ഭുതത്തിന് അവകാശമില്ലല്ലോ, കണ്ടമാത്രയില്‍ തന്നെ അവരില്‍ ഒരഭിനിവേശം തോന്നുകയും ആയതൊരു പ്രേമവിവാഹത്തില്‍ കലാശിക്കുകയും ചെയ്തു. അമുന എന്നും യുമുന എന്നും പേരുകളുള്ള ആ പെണ്‍കൊടികള്‍ ഇപ്രകാരം രാജകൊട്ടാരങ്ങളിലെ താമസക്കാരായി മാറി.
പക്ഷേ, വിധി അവിടെയും വേലചെയ്തു. എന്തു മായം എന്നറിഞ്ഞുകൂടാ, യമുനയുടെ ഭര്‍ത്താവായ മന്ത്രികുമാരന് അവളോട് കുറേശ്ശെ നീരസം തോന്നുകയും ഈ വെറുപ്പ് ക്രമേണ വര്‍ദ്ധിച്ച് അവളെ സ്വന്തം കൈക്കുഞ്ഞോടുകൂടി നിഷക്കരുണം ഉപേക്ഷിക്കുന്നതിന് പ്രേരണ ജനിക്കുകയും ചെയ്തു. കാരണം പിന്നിടല്ലേ മനസ്സിലാക്കുന്നത് യാദൃശ്ചികമായി ലഭിച്ച തന്റെ ഭാഗ്യത്തില്‍ യമുന ഇതിനോടകം അഹന്ത കൈക്കൊണ്ട് ലക്ഷ്മീപൂജയില്‍നിന്നും സ്വയം വിരമിച്ചിരുന്നു. തന്റെ സുഖാനുഭുതികളെല്ലാം തന്നെ തന്റെ സ്വന്തം സാമര്‍ത്ഥ്യം, കഴിവ്, സൗന്ദര്യം ഇവകൊണ്ടുമാത്രം ഉണ്ടായതാണെന്ന് ദൃഢമായി വിശ്വസിച്ചു. ഈ നിലയില്‍ ദേവീപൂജയുടെ ആവശ്യമേ അവള്‍ക്ക് തോന്നിയിരുന്നില്ല. പക്ഷേ, ഭാഗ്യചക്രം അവള്‍ക്ക് എന്നെന്നേയ്ക്കുമായി നിഷേധിക്കപ്പെട്ടിരുന്നില്ല. ഈ ഘട്ടങ്ങളിലെല്ലാം ജ്യേഷ്ഠസഹോദരിയായിരുന്ന അമുന വിചാരിച്ചിരിക്കാതെയുള്ള തന്റെ ഭാഗ്യാവസ്ഥകളെല്ലാം ദേവീപ്രസാദം ഒന്നുകൊണ്ടുമാത്രം സിദ്ധിച്ചതാണെന്ന് ദൃഢമായി വിശ്വസിച്ച്, സര്‍വ്വവും ദൈവാര്‍പ്പണബുദ്ധ്യാ കണ്ട് ജീവിച്ചുവന്നു. അവള്‍ ദേവീ പൂജ മുടക്കിയതേയില്ല. എന്തിനധികം, അനുജത്തിയെ സ്വന്തം കൊട്ടാരത്തിലേക്കു വിളിച്ച്, വന്ന ഗ്രഹപ്പിഴകളെല്ലാം പതിവായി നടത്തിവന്ന ദേവീപൂജ മുടക്കിയതുകൊണ്ടാണെന്ന് പറഞ്ഞു ബോദ്ധ്യപ്പെടുത്തി, അവള്‍ക്ക് അതെല്ലാം വേണ്ടതുപോലെ മനസ്സിലാക്കാന്‍ അധികനേരം വേണ്ടിവന്നില്ല. ദേവീപൂജ നിര്‍വ്വിഘ്‌നം നടത്താനും മടിയുണ്ടായിരുന്നില്ല.
പെട്ടെന്നുതന്നെ അവള്‍ ഭര്‍ത്താവിനെ സമീപിച്ച് കുറ്റമെല്ലാം തന്റേതാണെന്ന് ഏറ്റു സമ്മതിക്കുകയും, പ്രശ്രയപൂര്‍വ്വം മാപ്പിരക്കുകയും ചെയ്തു. സ്‌നേഹനിധിയായ ആ യുവഭര്‍ത്താവ് അവളുടെ സര്‍വ്വകുറ്റങ്ങള്‍ക്കും മാപ്പുകൊടുത്ത് പൂര്‍വ്വാധികം സന്തോഷത്തോടെ ജീവിതവും ആരംഭിച്ചു. ഇപ്രകാരം അവരെല്ലാവരും അനേകവര്‍ഷം സുഖസൗഭാഗ്യാദികളോടുകൂടി ജീവിച്ചു സായുജ്യമടഞ്ഞു.
ഇവരുടെ ജീവിതാനുഭവകഥകള്‍, ദേവീപൂജ തുടര്‍ന്നു കൊണ്ടുപോയാലുള്ള അളവറ്റ സുഖങ്ങളും, മുടക്കിയാലുള്ള ദുരിതങ്ങളും പിന്‍തലമുറകളെ അനുഭവപ്പെടുത്തിക്കൊടുത്ത ഈ ലക്ഷ്മീപൂജാമാഹാത്മ്യകഥനം നമുക്കു പ്രചോദനം നല്‍കുമാറാകട്ടെ!
Discussion about this post