ഡൊണെറ്റ്‌സ്‌ക്: സ്‌പെയിന്‍ യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ 4-2ന് പരാജയപ്പെടുത്തിയാണ് സ്പെയിന്‍ ഫൈനലിലെത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ രഹിതമായി നിന്ന മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു.
സ്‌പെയിനുവേണ്ടി ആദ്യകിക്കെടുത്ത സാബി അലോണ്‍സോയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോളി റൂയി പട്രീഷ്യോ തടുത്തു. പോര്‍ച്ചുഗലിനുവേണ്ടി ആദ്യ കിക്കെടുത്ത ജോവോ മൗട്ടീന്യോയുടെ കിക്ക് കസിയസും തടുത്തതോടെ ആവേശം കനത്തു. ആന്ദ്രെ ഇനിയേസ്റ്റ, പിക്വെ, റാമോസ്, ഫാബ്രിഗസ് എന്നിവര്‍ സ്‌പെയിനിന് വേണ്ടിയും പോര്‍ച്ചുഗലിനുവേണ്ടി പെപ്പെ, നാനി എന്നിവരും ലക്ഷ്യംകണ്ടു. ബ്രൂണോ ആല്‍വ്‌സിന്റെ കിക്ക് ക്രോസ് ബാറില്‍ത്തട്ടിത്തെറിക്കുകയായിരുന്നു.
സ്‌പെയിന് കളിയില്‍ മുന്‍തൂക്കം നേടാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു പോര്‍ച്ചുഗലിന്റെ തന്ത്രം. ആദ്യ മിനിറ്റുമുതല്‍ അതവര്‍ പുറത്തെടുക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ വളരെ അപൂര്‍വമായി മാത്രമാണ് സ്‌പെയിന് പാസിങ് ഗെയിം പുറത്തെടുക്കാന്‍ അവസരം കിട്ടിയത്.
Discussion about this post