തിരുവനന്തപുരം: അനന്തപുരി ഹിന്ദുമത പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 25 മുതല്‍ ആഗസ്ത് ഒന്നുവരെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദുമഹാസമ്മേളനം സംഘടിപ്പിക്കും.
25 ന് ഹിന്ദുമഹാസമ്മേളനം പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. ‘മാനവീയതയ്ക്കായി വീരാട് ഹിന്ദുത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. രണ്ടാംദിവസം കാര്‍ഗില്‍ ദിനമായി ആചരിക്കും. ബ്രിഗേഡിയര്‍ സി. സന്ദീപ്കുമാര്‍ നേതൃത്വം നല്‍കുന്ന ദിനാചരണത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച സൈനികരെ ആദരിക്കും.
മൂന്നാംദിവസം അയ്യപ്പധര്‍മത്തെക്കുറിച്ച് അഖിലേന്ത്യാ അയ്യപ്പസേവാസമാജത്തിന്റെ അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് സംസാരിക്കും. കുമ്മനം രാജശേഖരനും പങ്കെടുക്കും. നാലാം ദിവസം പരിസ്ഥിതിദിനാചരണമാണ്. ഗോവിന്ദാചാര്യ, ബലദേവാനന്ദസാഗര്‍ എന്നീ പ്രമുഖര്‍ പങ്കെടുക്കും. നാലാംദിവസം ‘ഹിന്ദു കുടുംബ മാനേജ്‌മെന്റ്’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന വിചാരയജ്ഞത്തെ ശശികല നയിക്കും. അഞ്ചാം ദിവസം ‘ന്യൂനപക്ഷ പ്രീണനവും ഹിന്ദുപീഡനവും’ എന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ച. പുലയ മഹാസഭയുടെ സാരഥിയായ തുറവൂര്‍ സുരേഷായിരിക്കും ചര്‍ച്ചയുടെ മോഡറേറ്റര്‍.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് മുഖ്യ രക്ഷാധികാരിയായും പി.പരമേശ്വരന്‍, പ്രൊഫ. വാസുദേവന്‍പോറ്റി തുടങ്ങിയവര്‍ രക്ഷാധികാരികളായും ഒ.രാജഗോപാല്‍ ചെയര്‍മാനായും പി.അശോക് കുമാര്‍ വര്‍ക്കിങ് പ്രസിഡന്റായും പി. ഗോപാല്‍ ജനറല്‍ കണ്‍വീനറായും കെ.രാജശേഖരന്‍ മുഖ്യ സംയോജകനായും വിവിധ ഹൈന്ദവ സംഘടനകളില്‍നിന്നും 1000-ത്തോളം പ്രമുഖര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം തലസ്ഥാനനഗരിയില്‍ അരങ്ങേറുക.
Discussion about this post