*പി.കെ.വാസുദേവന്‍നായര്‍*
പതിനെട്ടാം ശതകത്തില്‍ തമിഴ് നാട്ടില്‍ ജീവിച്ചിരുന്ന ഒരു സിദ്ധയോഗിയായിരുന്നു സദാശിവബ്രഹ്മം, അദ്ദേഹത്തിന്റെ അത്ഭുതജീവിതത്തെക്കുറിച്ച് വിശദവും സൂക്ഷ്മവുമായ വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടില്ല. നേരുര്‍, കരൂര്‍, തിരുവിശനല്ലൂര്‍, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പഴമക്കാര്‍ ഇന്നും പറഞ്ഞു വരുന്ന ഐതിഹ്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തെക്കുറിച്ചുള്ള അറിവന് ആധാരം. എന്തായാലും സദാശിവബ്രഹ്മം അമാനുഷസിദ്ധികളുണ്ടായിരുന്ന ഒരു യോഗിവര്യനായിരുന്നുവെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായഭിന്നതയില്ല.
കോയമ്പത്തൂര്‍ ജില്ലയില്‍ കരൂര്‍ പട്ടണത്തിന് സമീപമുള്ള ഒരു നിര്‍ദ്ധന ബ്രാഹ്മണ കുടുംബത്തിലായിരുന്നു സദാശിവന്‍ ജനിച്ചത്. ഉപനനയനാനന്തരം സദാശിവന്‍ തഞ്ചാവൂര്‍ ജില്ലയില്‍പ്പെട്ടു തിരുവിശനല്ലൂരുള്ള ഗുരുകുലത്തില്‍ ചെന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അന്നു തിരുവിശനല്ലൂര്‍ ഒരു പ്രധാന സംസ്‌കൃതാഭ്യാസന കേന്ദ്രമായിരുന്നു.
പണ്ഡിതവരേണ്യനായിരുന്ന രാമഭദ്രഭീക്ഷിതര്‍, യോഗാചാര്യനായിരുന്ന ശ്രീ.വെങ്കിടേശ്വരന്‍, ഭാഷ്യം, ഗോപാലകൃഷ്ണശാസ്ത്രികള്‍ എന്നിവരെല്ലാം സദാശിവ ബ്രഹ്മത്തിന്റെ സതീര്‍ത്ഥ്യരായിരുന്നു.
സദാശിവന്‍ ചെറുപ്പത്തില്‍ തന്നെ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു ദിവസം മാതാവ് അയച്ച ഒരു ദൂതന്‍ ചെന്ന് ‘സദാശിവന്റെ ഭാര്യ ഋതുമതിയായിരിക്കുന്നതിനാല്‍ അവനെ ഉടനെ ഗൃഹത്തിലേക്ക് പറഞ്ഞയക്കണം’ എന്ന് ആചാര്യനെ അറിയിച്ചു. ആചാര്യന്‍ സന്തോഷസമേതം ശിഷ്യനെ അനുഗ്രഹിച്ചു് സ്വഗൃഹത്തിലേക്ക് അയച്ചു.
സദാശിവന്‍ അവിടെ എത്തിയപ്പോള്‍ ഗൃഹാംഗങ്ങള്‍ ഏതോവിശേഷ പലഹാരങ്ങള്‍ പാകം ചെയ്യുകയായിരുന്നു. ഊണ് തയ്യാറായിരുന്നില്ല. സദാശിവന്‍ വിശപ്പുകൊണ്ട് വിവശനായി. ഗൃഹസ്ഥാശ്രമത്തിന്റെ പ്രാരംഭഘട്ടത്തിലേ ഇപ്രകാരമുള്ള യാതനകള്‍ അനുഭവിക്കേണ്ടിവരുമെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ എത്രത്തോളം ക്ലേശങ്ങളും ദുരിതങ്ങളും പിന്നീട് സഹിക്കേണ്ടിവരുമെന്ന് സദാശിവന്‍ ചിന്തിച്ചു. അവസാനം ദാമ്പത്യജീവിതം തുടരേണ്ട എന്ന് സദാശിവന്‍ തീരുമാനമെടുത്തു. അദ്ദേഹം വീട്ടിലുള്ള ആരേയും അറിയിക്കാതെ വെളിയിലേക്ക് ഇറങ്ങിപ്പോയി. സകലജീവിതാശകളും അദ്ദേഹം ഉപേക്ഷിച്ച് സന്യാസവൃത്തി സ്വീകരിക്കുകയും ചെയ്തു.
കാവേരീനദീതീരത്തുചെന്ന് പരമശിവേന്ദ്രസ്വാമി എന്ന യോഗിവര്യനെ സദാശിവന്‍ ഗുരുവായി സ്വീകരിച്ചു. അഷ്ടാംഗയോഗചര്യയെല്ലാം അചീരേണ അഭ്യസിച്ചു. പ്രാരബ്ധത്തെ അനുഭവിച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു അദ്ദേഹംഭൗതിക ശരീരത്തെ വെടിയാതിരുന്നത്. ഗുരുസന്നിധിയില്‍ പലരും വേദാന്തചര്‍ച്ചകള്‍ക്ക് ആഗതരാകാറുണ്ടായിരുന്നു. സദാശിവയോഗി അവരോടും വേദാന്തപരമായ വിഷയങ്ങളെക്കുറിച്ച് വാദപ്രതിവാദം ചെയ്തിരുന്നു. ഒരു ദിവസം ഏതോശാസ്ത്രപണ്ഡിതനോട് സദാശിവബ്രഹ്മം തീവ്രമായ വാദപ്രതിവാദം നടത്തി അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു.
ആ പണ്ഡിതന്‍ പരമശിവേന്ദ്രനോട് പരാതി പറഞ്ഞു. ‘സദാശിവാ നീ നാക്കിനെ നിയന്ത്രിക്കുവാന്‍ ഒന്നു പഠിക്കൂ’ എന്ന് ഗുരു അല്പം പരുഷസ്വരത്തില്‍ ശിഷ്യനോട് പറഞ്ഞു. ഗുരുവിന്റെ വാക്കുകള്‍ സദാശിവബ്രഹ്മത്തിന്റെ കണ്ണു തുറപ്പിച്ചു. ജീവിതത്തില്‍ പരിവര്‍ത്തനമുളവാക്കി. ‘ഇനിയും ശബ്ദോച്ചാരണത്തിനുവേണ്ടി നാക്കിനെ ഉപയോഗിക്കേണ്ടകാര്യമില്ല’ എന്നു സദാശിവബ്രഹ്മം തീരുമാനിച്ചു. അന്നുമുതല്‍ സമാധിദിനം വരെ പിന്നീട് അദ്ദേഹം മൗനിയായിട്ടാണ് ജീവിച്ചത്.
ആഹാരംപോലും അദ്ദേഹം ചോദിച്ചു വാങ്ങികഴിച്ചിരുന്നില്ല. ആരെങ്കിലും എന്തെങ്കിലും നല്‍കിയാല്‍ മാത്രം ഭക്ഷിച്ചിരുന്നു. ഭക്ഷണം കൂടാതെ ജീവിക്കുവാനും അദ്ദേഹത്തിന് വിഷമമില്ലായിരുന്നു. അദ്ദേഹം അവധൂതനായി അലഞ്ഞു തിരിഞ്ഞപ്പോള്‍ പലരും ഭ്രാന്തനാണെന്ന് തെറ്റിദ്ധരിച്ചു. അപൂര്‍വ്വം ചിലര്‍ അദ്ദേഹത്തെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്നു. ആളുകളുടെ ആരാധനയോ അവഹേളനമോ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. സച്ചിദാനന്ദ സ്വരൂപമായ ആത്മാവില്‍മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഒരിക്കല്‍ ഉഴുതുവിതയ്ക്കുവാന്‍ പാകപ്പെടുത്തിയ ഒരു നിലത്തിന്റെ വരമ്പില്‍ തലവെച്ചുകൊണ്ട് സദാശിവബ്രഹ്മം ഉറങ്ങുന്നത് ചില കര്‍ഷകര്‍ കണ്ടു. അവര്‍ പരിഹാസസ്വരത്തില്‍ പറഞ്ഞു ‘സന്യാസിയാണെങ്കിലും ഉറങ്ങുന്നതിനു തലയിണ കൂടിയേ തീരൂ’ എന്ന്. ജോലികഴിഞ്ഞ് വൈകിട്ട് അവര്‍ മടങ്ങിവരുമ്പോഴും ആ സന്യാസി അവിടെ തന്നെ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. പക്ഷെ അപ്പോള്‍ തല വരമ്പില്‍ വെയ്ക്കാതെ ചെളിയില്‍ വെച്ചിരുന്നു. ആ രംഗം ദര്‍ശിച്ച് കര്‍ഷകര്‍ തങ്ങള്‍ പരിഹസിച്ചതിന് പശ്ചാത്താപം പ്രകടിപ്പിക്കുകയും ക്ഷമായാചനം ചെയ്യുകയും ചെയ്തിരുന്നു.
സദാശിവബ്രഹ്മം അവധൂതനായി സഞ്ചരിച്ചിരുന്ന ഗ്രാമത്തില്‍ ഒരു ദിവസം തഹസില്‍ദാര്‍ പരിശോധനയ്ക്കു ചെന്നു. അദ്ദേഹത്തിന്റെ ജോലിക്കാര്‍ അടുത്തുള്ള ഒരു വനത്തില്‍ചെന്ന് വിറകു ശേഖരിക്കുന്നതിനു പുറപ്പെട്ടു. അവിടെ ചെന്ന് വിറകുവെട്ടി കെട്ടുകളാക്കി, ഓരോരുത്തര്‍ ഓരോ കെട്ടു തലയില്‍ എടുത്തു. അവസാനം ഒരു വലിയകെട്ട് അവശേഷിച്ചു. അതു ചുമക്കുന്നതിന് ആളില്ലായിരുന്നു. സദാശിവബ്രഹ്മം അപ്പോള്‍ അതുവഴി വന്നു. ജോലിക്കാര്‍ക്ക് അദ്ദേഹം ഒരു മഹായോഗി ആണെന്ന് അറിവില്ലായിരുന്നു.
അവര്‍ സദാശിവബ്രഹ്മത്തെക്കൊണ്ട് വിറകുകെട്ട് ചുമപ്പിച്ച് തഹസില്‍ദാരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ ഓരോരുത്തരും തങ്ങള്‍ ചുമന്നുകൊണ്ടുചെന്ന വിറകുകെട്ടുകള്‍ താഴെ ഇറക്കിവെച്ചു. സദാശിവബ്രഹ്മം താന്‍ ചുമന്നുകൊണ്ടുചെന്ന വിറക് എല്ലാത്തിന്റേയും മുകളില്‍ സ്ഥാപിച്ചു. ഉടന്‍തന്നെ വിറകിനെല്ലാം തീപിടിക്കുകയും വിറകുമുഴുവന്‍ ഭസ്മമാകുകയും ചെയ്തു. അത്ഭുതസ്തബ്ധരായി തീര്‍ന്ന അവര്‍ സദാശിവബ്രഹ്മത്തെ അന്വേഷിച്ചപ്പോള്‍ ആ ദിവ്യന്‍ തീരോധാനം ചെയ്തിരുന്നു.
ഒരിക്കല്‍ ഒരു കര്‍ഷകന്‍ നെല്ലുകൊയ്തുമെതിച്ച് ഗൃഹത്തിലേക്ക് കൊണ്ടുപോകുന്നതിന് സമയമില്ലാതായപ്പോള്‍ പാടത്തിന്റെ നടുവില്‍ തന്നെ കൂട്ടിവെച്ച് വയ്‌ക്കോല്‍കൊണ്ട് മൂടിപൊതിഞ്ഞിട്ട് വേലക്കാരെ കാവല്‍ നിര്‍ത്തി. അര്‍ദ്ധരാത്രി സമയത്ത് സദാശിവബ്രഹ്മം അതുവഴി വന്നു. ഇരുട്ടില്‍ നെല്‍ക്കൂമ്പാരത്തില്‍ തട്ടി അദ്ദേഹം അതിന്മേല്‍ വീണു. തുടര്‍ന്ന് അദ്ദേഹം സമാധിസ്ഥിതനായി. ശബ്ദം കേട്ട് കാവല്‍ക്കാര്‍ ഓടിയെത്തി. അവര്‍ സദാശിവബ്രഹ്മം കള്ളനാണെന്നു തെറ്റിദ്ധരിച്ചു. അദ്ദേഹത്തെ പ്രഹരിക്കുവാന്‍ വേണ്ടി അവര്‍ വടി വാങ്ങി. തല്‍ക്ഷണം ഉയര്‍ത്തിയ വടിയോടുകൂടി അവര്‍ സ്തബദ്ധരായി തൂണുപോലെ നിലകൊള്ളുകയാണുണ്ടായത്.
പ്രഭാതമായപ്പോള്‍ ഉടമസ്ഥന്‍ അവിടെചെന്നു, യോഗിയുടെ സമാധിയും കാവല്‍ക്കാരുടെ നിലയും ഉടമസ്ഥനെ അത്ഭുതപ്പെടുത്തി. അല്പം കഴിഞ്ഞ് യോഗി ഉണര്‍ന്ന് ഒന്നും സംഭവിക്കാത്തമട്ടില്‍ അവിടെ നിന്നും നടന്നു മറഞ്ഞു. ഉടനെതന്നെ കാവല്‍ക്കാര്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു.
ഒരിക്കല്‍ കാവേരി നദിയുടെ മണല്‍ത്തട്ടില്‍ സദാശിവബ്രഹ്മം യോഗനിദ്രയിലാണ്ടു. കുറച്ചു ദിവസങ്ങള്‍ക്കകം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. സമാധിസ്ഥിതനായിരുന്ന യോഗിയെ ജലപ്രവാഹം അടിച്ചുകൊണ്ടുപോയി. അദ്ദേഹത്തിന്റെ ശരീരം പാറകളുടെ ഇടയില്‍ അടിഞ്ഞ് മണല്‍, ചെളി. കല്ല് ഇവകളാല്‍ മൂടപ്പെട്ടു. ഏകദേശം മൂന്നു മാസത്തോളം മുന്നോട്ടു നീങ്ങി. നദിയിലെ വെള്ളം താണു മണല്‍ തെളിഞ്ഞു.
കൃഷിക്കാര്‍ മണല്‍ നീക്കികണ്ടം കണ്ടമായി തിരിച്ച് കൃഷിക്കൊരുക്കം ചെയ്തു. ഒരു സ്ഥലത്തു മണ്ണില്‍ വെട്ടിയപ്പോള്‍ മണ്‍വെട്ടിയില്‍ ചുടുരക്തം പുരണ്ടിരിക്കുന്നതുകണ്ടു. ഉടനെതന്നെ ആ സ്ഥലം കുഴിച്ചു നോക്കിയപ്പോള്‍ ഒരു മനുഷ്യശരീരം അവിടെ പ്രത്യക്ഷപ്പെട്ടു. മണ്ണും കല്ലും എല്ലാം മാറ്റി ആ ശരീരത്തെ നിവര്‍ത്തി ഇരുത്തി. ഉടനെതന്നെ സമാധിയില്‍നിന്ന് ഉണര്‍ന്ന സദാശിവബ്രഹ്മം അവിടെനിന്ന് എഴുന്നേറ്റു പോകുകയും ചെയ്തു.
സദാശിവബ്രഹ്മത്തിന് കുഞ്ഞുങ്ങളോടും അവര്‍ക്ക് അദ്ദേഹത്തോടും വലിയ സ്‌നേഹമായിരുന്നു. ഏതു ഗ്രാമത്തില്‍ സഞ്ചരിക്കുമ്പോഴും അവിടുത്തെ കുട്ടികള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പലപ്പോഴും അദ്ദേഹം പത്തുപന്ത്രണ്ടു കുഞ്ഞുങ്ങളെ തലയിലും തോളിലും കൈയിലുമായി ചുമന്നുകൊണ്ടു നടക്കുമായിരുന്നു. തനിക്കു കിട്ടുന്ന ആഹാരസാധനങ്ങള്‍ അദ്ദേഹം കുഞ്ഞുങ്ങള്‍ക്കു നല്‍കിയിരുന്നു.
ഒരു ദിവസം കരുരിനടുത്തുള്ള ഒരു ഗ്രാമത്തിലെ ബാലന്മാര്‍ അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. ‘ഇന്ന് മധുരയില്‍ വൃഷഭവാഹന മഹോത്സവമാണ്. പരമശിവന്‍ നന്ദിയുടെ മേല്‍ കയറിഘോഷയാത്രചെയ്യുന്നത് ഞങ്ങളെ ഒന്ന് കാണിച്ച് തരുമോ? എന്ന്. അദ്ദേഹം ബാലന്മാരോട് തന്റെ തോളിലും ശിരസ്സിലും കൈയ്യിലും കയറി ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. അവരോടെല്ലാം കണ്ണടയ്ക്കുന്നതിന് സദാശിവബ്രഹ്മം നിര്‍ദ്ദേശിച്ചു. നാലഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ അവരെല്ലാം മധുരക്ഷേത്രത്തിലായിരുന്നു. സദാശിവബ്രഹ്മം കുട്ടികള്‍ക്കെല്ലാം പല സാധനങ്ങള്‍ മധുരയില്‍വെച്ച് വാങ്ങിക്കൊടുക്കുകയും ചെയ്തു.
പ്രഭാതത്തിനുമുന്‍പ് അവരെ തിരിയെ അവരുടെ ഗൃഹങ്ങളില്‍ തിരിച്ചുകൊണ്ടു ചെല്ലുകയും ചെയ്തു. ശിവരാത്രി, ഗോകുലാഷ്ടമി, ആര്‍ദ്രാദര്‍ശനം മുതലായ വിശേഷദിവസങ്ങളില്‍ കാശി. ബഭരി, പൂരി, മഥുര, കാഞ്ചി, രാമേശ്വരം തുടങ്ങിയ പല ക്ഷേത്രങ്ങളിലും സദാശിവബ്രഹ്മത്തെ ഒരേ സമയത്തു ആളുകള്‍ ദര്‍ശിച്ചിട്ടുണ്ട്. ഒരു ദിക്കില്‍ ദേവനെ അഭിഷേകം ചെയ്യുന്നതായും മറ്റൊരുദിക്കില്‍ അര്‍ച്ച ചെയ്യുന്നതായും വേറൊരുദിക്കില്‍ നമസ്‌ക്കരിക്കുന്നതായും മറ്റും. ഒരു ദിവസം ചിദംബരത്ത് സദാശിവബ്രഹ്മം പൂജ നടത്തിയപ്പോള്‍ ആകാശത്തുനിന്ന് പുഷ്പാര്‍ച്ചനയും നടന്നിട്ടുണ്ട്.
ഒരിക്കല്‍ തഞ്ചാവൂരില്‍ ഒരു മുസ്ലീംപ്രഭു വന്നു പത്‌നിമാരുമായി പാളയം അടിച്ചു താമസിച്ചിരുന്നു. സദാശിവബ്രഹ്മം നഗ്നനായി അതുവഴി കടന്നുപോയി. മുസ്ലീംപ്രഭുവിന് സന്യാസിയുടെ പ്രവൃത്തി അശേഷം രസിച്ചില്ല. ക്രുദ്ധനായിതീര്‍ന്ന പ്രഭു സ്വാമിയുടെ പുറകെ ചെന്നു വാളെടുത്തു അദ്ദേഹത്തിന്റെ ഇടതു കൈച്ഛേദിച്ചു. കൈ തൊലിയില്‍ തൂങ്ങിക്കിടന്നു. പക്ഷേ യോഗി ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയില്‍ മുന്നോട്ടു നടന്നു കൊണ്ടിരുന്നു. ആ സംഭവം ദര്‍ശിച്ച മുസ്ലീംപ്രഭുവിന് അദ്ദേഹത്തിന്റെ ദിവ്യശക്തീ ബോദ്ധ്യമായി. പ്രഭു യോഗിയെ പിന്‍തുടര്‍ന്നു.
കാടും, മേടും, കന്നും, കുഴിയും, കടന്നു പ്രഭു യോഗിയെ അനുഗമിച്ചു. അപ്പോഴും യോഗി പിന്തിരിഞ്ഞു നോക്കിയില്ല. യോഗിയെ പിന്‍തുടരുന്ന പ്രഭു അവശനായി നിലംപതിക്കുമെന്ന അവസ്ഥയിലെത്തി. അപ്പോള്‍ യോഗി തിരിഞ്ഞുനിന്ന് അദ്ദേഹത്തോട് എന്തുവേണമെന്ന് ആംഗ്യഭാഷയില്‍ അന്വേഷിച്ചു. തന്റെ അപരാധം പൊറുക്കണമെന്നും തന്നെ അനുഗ്രഹിക്കണമെന്നും പ്രഭു ആവശ്യപ്പെട്ടു. യോഗീന്ദ്രന്‍ വലതു കൈകൊണ്ടു തൂങ്ങിക്കിടന്നിരുന്ന കയ്യിനെ വീണ്ടു ഉറപ്പിച്ചുവെച്ചു. അതിനുശേഷം പ്രഭുവിനോട് മടങ്ങിപ്പൊയ്ക്കുള്ളൂന്നതിന് ആജ്ഞാപിച്ചു. പ്രഭു അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ മുസ്ലീംപ്രഭു അതിനശേഷം സ്വാമിയുടെ ഒരു ആരാധകനായി തീര്‍ന്നു.
തഞ്ചാവൂര്‍ ഭരിച്ചിരുന്ന ശരഭോജി മഹാരാജാവിന് പുത്രഭാഗ്യം ലഭിച്ചിരുന്നില്ല. തനിക്ക് ഒരു സന്താനം ജനിക്കുന്നതിന് എന്തുചെയ്യണമെന്ന് അനന്തദേവനെന്ന ഒരു പണ്ഡിതനെ സദാശിവ ബ്രഹ്മത്തിന്റെ സമീപത്തയച്ച് രാജാവ് ഉപദേശം ആരാഞ്ഞു. രാജാവ് ഒരു ക്ഷേത്രം പണിയിച്ച് ബിംബ പ്രതിഷ്ഠ നടത്തിയാല്‍ സന്താനമുണ്ടാകമെന്ന് സദാശിവബ്രഹ്മം ഉപദേശിച്ചു. രാജാവ് ക്ഷേത്രം നിര്‍മ്മിക്കുകയും തുടര്‍ന്ന് സന്താനം ജനിക്കുകയും ചെയ്തു.
സദാശിവബ്രഹ്മം തന്റെ ജീവിതാന്ത്യം നയിച്ചത് നേരൂര്‍ എന്ന സ്ഥലത്തായിരുന്നു. സമാധിദിവസം സമീപിക്കാറായപ്പോള്‍ സദാശിവബ്രഹ്മം തന്റെ ശിഷ്യന്റെ ഇപ്രകാരം എഴുതി അറിയിച്ചു. ‘ഞാന്‍ ജ്യേഷ്ടശുക്ലദശമി ദിവസം ശരീരം വെടിയും. അന്നു കാശിയില്‍നിന്ന് ഒരു ബ്രാഹ്മണന്‍ ഒരു ബാണലിംഗം ഇവിടെ കൊണ്ടുവരും. ആ ലിംഗത്തെ എന്റെ സമാധിക്കു സമീപം പ്രതിഷ്ഠിക്കണം. എനിക്കു ഇറങ്ങി ഇരിക്കത്തക്കവണ്ണം ഒരു കുഴികുഴിക്കണം’. എന്ന്.
നിര്‍ദ്ദേശാനുസരണം ശിഷ്യന്മാര്‍ സമാധിപീഠം തയ്യാറാക്കി. സദാശിബ്രഹ്മം ആ കുഴിയില്‍ ഇറങ്ങി ഇരുന്ന് സമാധിയടഞ്ഞു. സന്യാസിക്കു ചേര്‍ന്ന സംസ്‌കാരകര്‍മ്മങ്ങളെല്ലാം നേരൂര്‍നിവാസികള്‍ നിര്‍വഹിച്ചു. അന്നുതന്നെ ഒരു ബ്രാഹ്മണന്‍ ഒരു ബാണലിംഗം അവിടെ കൊണ്ടുചെന്നു. സമാധിക്കു സമീപം ആ ശിവലിംഗപ്രതിഷ്ഠിക്കുകയും ചെയ്തു. ആ ക്ഷേത്രത്തിലെ ചെലവിനുവേണ്ട വസ്തുവകകളെല്ലാം പുതുക്കോട്ടയിലെ ഭരണാധികാരിയായിരുന്ന വിജയരഘുനാഥതൊണ്ടന്മാര്‍ കരമൊഴിവായി വിട്ടുകൊടുത്തു. ഇന്നും പ്രസ്തുത ക്ഷേത്രത്തില്‍ ജേഷ്ഠശുകഌപ്രഥമ മുതല്‍ ദശമിവരെ വര്‍ഷംതോറും ഉത്സവം ആഘോഷിക്കുന്നുമുണ്ട്.
സദാശിവബ്രഹ്മം നിരവധിവേദാന്തകൃതികള്‍ രചിച്ചിട്ടുണ്ട്. ബ്രഹ്മസൂത്രവൃത്തി, യോഗസൂത്രവൃത്തി, സിദ്ധാന്തകല്പകവല്ലി, നവമണിമാല, ആത്മാനുസന്ധാനം, സ്വപ്‌നോദിതം, സ്വാനുഭൂതിപ്രകാശികം, ശ്രീദക്ഷിണാമൂര്‍ത്തിധ്യാനം. മനോനിയമം, നവവര്‍ണ്ണരത്‌നമാല, ആത്മവിദ്യാവിലാസം എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍.
ഈ കൃതികളെല്ലാം വേദാന്ത രഹസ്യങ്ങള്‍ ഏറ്റവും ലളിതവും സരളവുമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ കൃതികളെല്ലാം സദാശിവബ്രഹ്മം മൗനവ്രതം സ്വീകരിക്കുന്നതിന് മുന്‍പ് രചിച്ചവയായിരുന്നു. അദ്ദേഹത്തിന ഗ്രന്ഥരചനയിലെന്നപോലെ സംഗീത കലയിലും വാസനയുണ്ടായിരുന്നു. ഇന്നത്തെ യുക്തിവാദികള്‍ക്ക് വിശ്വസിക്കുവാന്‍ വിഷമമായ നിരവധി അത്ഭുത കൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു യോഗിയായിരുന്നു സദാശിവബ്രഹ്മം. സദാശിവബ്രഹ്മത്തെപ്പോലെ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള ഒരു അവധൂതസന്യാസി കഴിഞ്ഞ മുന്നൂറു വര്‍ഷത്തിനിടയില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്നിട്ടുണ്ടെന്നും തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികാദര്‍ശങ്ങള്‍ മനുഷ്യരാശിയെ ദുഃഖത്തില്‍ നിന്ന് സമാധാനത്തിലേക്കും ആത്മശാന്തിയിലേക്കും എന്നും നയിച്ചുകൊണ്ടിരിക്കും.
Discussion about this post