ജനീവ: ഹിഗ്‌സ് ബൊസോണ്‍ കണികയുടെ സാമീപ്യത്തെക്കുറിച്ച് വളരെ നിര്‍ണായക സൂചനകള്‍ ലഭിച്ചു. സബ് ആറ്റമിക് കണിക കണ്ടെത്തിയതായി യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സിയുടെ(സേണ്‍) സ്വിറ്റ്‌സര്‍ലന്‍ഡിലെ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇത് ഹിഗ്‌സ് ബോസോണ്‍ കണികയാകാമെന്ന നിഗനത്തിലാണ് പത്രക്കുറിപ്പ് പുറത്തുവന്നിട്ടുള്ളത്.
പ്രപഞ്ചത്തിന്റെ മാതൃകയനുസരിച്ചു ദ്രവ്യത്തിനു പിണ്ഡം (മാസ്) എന്ന ഗുണം നല്‍കുന്ന കണമാണു ഹിഗ്ഗ്‌സ് ബോസോണ്‍. ഈ കണത്തിന്റെ സാന്നിധ്യം കണികാ ഭൗതിക ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നതാണ്. ഈ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്ഗ്‌സിന്റെയും ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്റെയും പേരുകളില്‍ നിന്നാണു ‘ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന പേര് രൂപംകൊണ്ടിട്ടുള്ളത്. ഷാംപെയിന്‍ കുപ്പിയുടെ അടിഭാഗത്തിന്റെ ആകൃതി കണത്തിന്റെ ചില മൂലതത്വങ്ങളുമായി യോജിക്കുന്നതുകൊണ്ട് ഷാംപെയ്ന്‍ ബോട്ടില്‍ ബോസോണ്‍ എന്ന പേരും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സ് അതിര്‍ത്തിയില്‍ കണികാ പരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍ നിന്നാണു പരീക്ഷണത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. പ്രകാശവേഗത്തോടടുത്ത വേഗത്തില്‍ പ്രോട്ടോണുകളുടെ രണ്ടുബീമുകളെ എതിര്‍ദിശകളില്‍ നിന്നു കൂട്ടിയിടിപ്പിച്ചാണ് ഇവിടെ ഹിഗ്ഗ്‌സ് ബോസോണിനെ കണ്ടെത്താനുള്ള പരീക്ഷണം നടത്തുന്നത്.
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സംവിധാനത്തിന്റെ മേല്‍നോട്ടക്കാരായ യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സിയിലെ(സേണ്‍) ശാസ്ത്രജ്ഞര്‍ രണ്ടു സംഘങ്ങളായി രണ്ടു വ്യത്യസ്ത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു സ്വതന്ത്രമായി നടത്തിയ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ആദ്യ ഫലങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ടത്. 350 ട്രില്യണ്‍( 350 ലക്ഷം കോടി) പ്രോട്ടോണ്‍ കൂട്ടിമുട്ടലില്‍ പത്തുതവണ ഹിഗ്ഗ്‌സ് ബോസോണുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞതായാണ് അന്നു വെളിപ്പെടുത്തിയത്. പരീക്ഷണങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ സേണ്‍ പുറത്തുവിടും. ഈ സാങ്കല്‍പിക കണങ്ങളുടെ രംഗപ്രവേശത്തോടെയേ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.
ഹിഗ്ഗ്‌സ് ബോസോണിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ അതുവഴി ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയവയുടെ വ്യത്യസ്ത ദ്രവ്യമാനം വിശദീകരിക്കാന്‍ സാധിക്കും. മൗലിക കണങ്ങള്‍ക്കു പിണ്ഡമുണ്ടാകുന്നതെങ്ങനെ എന്നു വിശദീകരിക്കാന്‍ ഹിഗ്ഗ്‌സ് മെക്കാനിസം ആവശ്യമാണ്. ഇതനുസരിച്ചു ഹിഗ്ഗ്‌സ് ഫീല്‍ഡ് എന്ന ഊര്‍ജം കൊണ്ടു പ്രപഞ്ചം നിറഞ്ഞിരിക്കുന്നു. ഈ ഊര്‍ജമണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കണങ്ങളുടെ പ്രതിപ്രവര്‍ത്തന ഫലമായാണ് അവയ്ക്ക് പിണ്ഡം ലഭിക്കുന്നതെന്നു ഹിഗ്ഗ്‌സ് മെക്കാനിസം പറയുന്നു. കണികാപരീക്ഷണത്തിന്റെ അസ്തിത്വം വ്യക്തമാകുന്നതോടെ ഇതിനും കൂടുതല്‍ വ്യക്തത കൈവരും. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ ഇതോടെ ലഭ്യമായേക്കുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടു.
Discussion about this post