*പ്രൊഫ. സുലോചനാ നായര്‍ *
ഓരോ നാടിനും അതിനെ വേര്‍തിരിച്ചറിയാനുള്ള ലക്ഷണങ്ങളുണ്ട്. ഒരു ഐഡന്റിറ്റി. നമ്മുടെ നാടിന്റെ സത്ത സത്യം-ധര്‍മ്മം-ത്യാഗം-സേവനം-കാരുണ്യം തുടങ്ങിയ അഴിവില്ലാത്ത മൂല്യങ്ങളില്‍ പ്രതിഷ്ഠിതമായിരിക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മാറാതെ നില്‍ക്കുന്ന ശാശ്വതമൂല്യങ്ങളാണിവ. സനാതനമായ സത്ത എന്നു കഠോപനിഷത്ത് പ്രസ്താവിച്ച ഈ ഉണ്മയുടെ പേരിലാണ് മറുനാടുകള്‍ നമ്മുടെ നാടിനെ അറിയുന്നതും ആദരിക്കുന്നതും. ഒരു സത്യമേയുള്ളൂ എന്ന ആശയമാണ് ഈ നാട്ടിലെ മതം. ഈ മതം ഒരാശയവും, ജീവിതരീതിയും, ഒരേകീകരണ പ്രഭാവവുമാണ്. ഇതു മനസ്സിലാക്കിയിട്ടാണ് Man as a true human being is essentially a relligious (spiritual) being only secondarily a political social and economic animal എന്നു നമ്മുടെ തത്വചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഹൃദി അയം ഇതി-ഹൃദയത്തില്‍ ഈശ്വരന്‍ വസിക്കുന്നു. സര്‍വഭൂതങ്ങളുടെ ഹൃദയത്തിലും ഈ സത്യം അധ്യാത്മഗൗരവം അറിഞ്ഞാകണം നമ്മുടെ ഇളം തലമുറയുടെ മനസ്സ് വികസിക്കേണ്ടത്. ഈ ആത്മബലത്തെക്കുറിച്ച് അജ്ഞരായി വളരുന്നത്‌കൊണ്ട് നമ്മുടെ ധാര്‍മ്മിക മൂല്യം എന്തെന്നറിയാതെ ആത്മസംയമനം ഇല്ലാതെ ലക്ഷ്യം മറന്ന് വലയുന്നു.
നിലവിലിരിക്കുന്ന വളരെക്കാലമായി നാം പുലര്‍ത്തുന്ന ജീവിതരീതികളില്‍നിന്നും വ്യത്യസ്തമായി ഒരാചരണമാണ് പിരഷ്‌കാരം. പഴകിപ്പതിഞ്ഞ വഴികളില്‍ നിന്നുള്ള വ്യതിയാനം. ഇതു സമൂഹത്തിന്റെ ഉപരിതലത്തില്‍ ചലനമുണ്ടാക്കുമ്പോള്‍ ഭ്രമം – എന്നു പറയാം. ഭ്രമം താല്കാലികമായ ഒരവസ്ഥയാണ് – വിവേകമുണ്ടാകുമ്പോള്‍ മായുന്നതും. സമൂഹത്തിന്റെ ആഴങ്ങളില്‍ വന്നെത്തി സമൂഹ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ആചരണങ്ങള്‍ വിനാശകരമാണ്. അതു നമുക്കു സംഭവിച്ചിരിക്കുന്നു. നമ്മുടെ നാടിന്റെ സ്വാത്മഭാവം വിസ്മരിക്കപ്പെടുന്നത് ഇവിടെയാണ്. ഗാന്ധിജിയുടെ വാക്കുകള്‍ ഓര്‍മ്മിക്കട്ടെ. ‘Just as in the West they have made wonderful discoveries in things material, similarly Hinduism has made still more marvelous discoveries in things of religion, of the spirit and the soul”.
ഏതു കാര്യത്തിനും കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. ഇന്നലത്തെ ആദര്‍ശങ്ങളും ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടാം-സമൂഹം പഴയരീതിയില്‍ പാടെ വെടിഞ്ഞുമില്ല-പുതിയതു പൂര്‍ണ്ണമായി സ്വീകരിച്ചുമില്ല. വിശ്വാസാവിശ്വാസങ്ങള്‍ക്കിടയില്‍ പകച്ചു നില്‍കുന്നു നമ്മുടെ ചെറുപ്പക്കാര്‍ക്ക് കൈവന്നിട്ടുണ്ട്. പക്ഷെ ധനശേഷി കുറഞ്ഞ ഭാരതത്തില്‍ കുറഞ്ഞ ലാഭത്തിനു ആ ബുദ്ധി സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല-ബുദ്ധിമാന്മാര്‍ കടല്‍കടന്നുപോകുന്നു. ധനം ഉണ്ടാകണമെങ്കില്‍, ബുദ്ധി വിട്ടുപോകണം എന്ന നില വിന്നിട്ടുണ്ട്. അതല്ലെങ്കില്‍ അന്യായമായ വഴികളിലൂടെ ധനസമ്പാദനം വേണ്ടിവരുമെന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. സാമ്പത്തികമായ സ്വാതന്ത്ര്യവും, സാമൂഹ്യപരിവര്‍ത്തനങ്ങളും, ചെറുപ്പക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു-അവര്‍ പുതിയൊരു ലോകം തേടുന്നു. ഭൗതിക ജീവിതം എത്രകണ്ടു സുഖകരമാക്കാം-ശരീരപോഷണവും, ശരീരസംബന്ധമായ ആനന്ദവും, എത്രകണ്ടുനേടാം എന്ന ചിന്തയേയുള്ളൂ. പുറന്നാട്ടിലെ മഹിമകള്‍ അവരിവിടെ പ്രചരിപ്പിക്കുന്നു. അതിനെ ചെറുത്തുനില്‍ക്കാനുള്ള മനക്കരുത്ത് സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു-ഒരു ശക്തമായ സ്വഭാവരൂപീകരണത്തിനുതകുന്ന വിദ്യാഭ്യാസമില്ല-ജീവിത പരിമിതി എന്ന ഒന്നില്ലാതായി-മംഗളദൃഷ്ടിയുള്ള മനസ്സുമില്ല. ”All materialism an intellectual tool. It is futile to device humanism from materialism-” എന്ന യുക്തിചിന്ത ചെറുപ്പക്കാര്‍ക്കില്ല-ഈ ചിന്താഗതി നമ്മുടെ ദേശീയ സ്വഭാവത്തിന് (National character) കടകവിരുദ്ധമാണുതാനും.
ഇന്നും ഇന്നലെയും അനുഭവിച്ചതല്ല ഈ മൂല്യച്യുതി. സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുതന്നെ – ഇന്ത്യന്‍ നവേത്ഥാന സംഭവിച്ചു തുടങ്ങിയതാണ്. 19-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍തന്നെ-നവോത്ഥാന കാലഘട്ടത്തില്‍തന്നെ-നവോത്ഥാനകാലഘട്ടത്തില്‍തന്നെ ഇന്ത്യ ഒരു ആശയക്കുഴപ്പത്തിനു വിധേയമായി. രാജാറാം മോഹന്റായ് ഇംഗ്ലീഷു ഭരണാധികാരികളുടെ സഹായസഹകരണങ്ങളോടെ സതി നിര്‍ത്തലാക്കിയതും സ്ത്രീ പീഡനങ്ങളും, സാധാരണ ജനങ്ങളോടുള്ള അവഗണനയും ദുരീകരിക്കാന്‍ ശ്രമിച്ചതും, വിവിധമത-തത്ത്വ ചിന്താധാരകളെ സംയോജിപ്പിച്ചുകൊണ്ട്-ബ്രഹ്മസമാജം രൂപീകരിച്ചതും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമെന്നു ജനങ്ങള്‍ ധരിച്ചു. പാരമ്പര്യാധിഷ്ഠിതമായ ആചാരങ്ങളും പഴകി ദ്രവിച്ചുപോയ അനുഷ്ഠാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തിനും, വിമോചനത്തിനും ആക്കംകൊടുത്തുകൊണ്ടുള്ള (enfranchisement of the individual) ചിന്തയുടെ ഒരു ശക്തമായ തരംഗം സമൂഹത്തിലുണ്ടായി-ഇംഗ്ലീഷുകാരോടും അവരുടെ ഭാഷയോടും, അതു പഠിപ്പിച്ച ബുദ്ധിജീവികളോടും ക്രിസ്തുമിഷനറിമാര്‍ പ്രചരിപ്പിച്ച മതത്തോടും ആദരവും ദേശീയമായ എല്ലാത്തിനോടും നിന്ദയുമുണ്ടായി-മിഷനറി സ്‌കൂളുകളില്‍ കുട്ടികളെ അയയ്ക്കാതെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നമ്മുടെ കുട്ടികളെ അയയ്ക്കുന്നതിന് പ്രേരിപ്പിച്ചുകൊണ്ടും രവീന്ദ്രനാഥ ടാഗോറിന്റെ പിതാവായ മഹര്‍ഷി ദേവേന്ദ്രനാഥ ടാഗോറും മറ്റും വീടുവീടാന്തരം കയറിശ്രമിച്ച കഥ അക്കാലത്തെ ചരിത്രം രേഖപ്പെടുത്തുന്നു. അന്നത്തെ സ്ഥിതി എന്തായിരുന്നു – ”Everything English was good-everything drinking of brandy was a virtue. Everything not English was viewed with suspicion. India experienced a period of be-wilderment and confusion. West entered into the body and the soul of India stiring to its depths”.
ഈ അമ്പരപ്പ് ഇനിയും തീര്‍ന്നിട്ടില്ല-ഏതു തെററ് ഏത് ശരി? രണ്ടും കൂടി ചേര്‍ന്ന ഒരു വഴിയുണ്ടോ? ഈ പശ്ചാത്തലത്തിലാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ – ” The Restoration of National Respect”. എന്ന ആഹ്വാനത്തിന്റെ ഗൗരവവും ആവശ്യവും ഗ്രഹിക്കേണ്ടത്. നമ്മുടെ നാടിനോടും നമ്മുടെ സംസ്‌കാരത്തോടും, നമ്മുടെ മാതൃഭാഷയോടും ജീവിതരീതികളോടും, സമാദരവുണ്ടാകണം. ആരാനും പറഞ്ഞുകേട്ട അറിവുകൊണ്ടുള്ള ആദരവല്ല സ്വയം പഠിച്ചു മനസ്സിലാക്കിയതിനു ശേഷം ഉണ്ടാകുന്ന ബഹുമാനം-കാലത്തിനനുസരിച്ചു പരിവര്‍ത്തനങ്ങളുണ്ടാകാം. പാരമ്പര്യത്തിന്റെ തുരുമ്പെടുത്ത കണ്ണികള്‍ മാറ്റാം. പുതയവ വിളക്കിച്ചേര്‍ക്കാം. ഇംഗ്ലണ്ടില്‍ പഠിച്ചുവളര്‍ന്ന ജവഹര്‍ലാല്‍ നെഹ്‌റു എഴുതി. ഒരു വിദേശീയന്റെ കണ്ണിലൂടെയാണ് ഞാനാദ്യം ഭാരതത്തെ വിലയിരുത്തിയത്. ഭാരതാംബയെ നവീനരീതിയില്‍ പരിഷ്‌കരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
പക്ഷെ ഭാരതത്ത അടുത്തറിഞ്ഞപ്പോള്‍, അവളുടെ അന്തരാത്മാവിനെ കണ്ടെത്തിയപ്പോള്‍, കാലാതീതമായ, വര്‍ണ്ണനാതീതമായ ഒരപൂര്‍വ്വ ചൈതന്യം കണ്ടെത്തി, അതു മൃത്യുവിന് വിധേയമാകാതെ അമൃതംചൊരിയുന്ന ഭാവമാണെന്നറിഞ്ഞു. അത്ഭുതാരാധനകളാല്‍ അദ്ദേഹത്തിന്റെ തലകുനിഞ്ഞു- ഈ പാരമ്പര്യത്തിന്റെ ചങ്ങലയില്‍ ഒരു കണ്ണിയാകാന്‍ സാധിച്ച ഭാഗ്യത്തില്‍ നെഹ്‌റു അഭിമാനിച്ചു. ഈ നാട്ടിലെ ഒരു മണ്‍തരിപോലും പ്രിയതരമായി-അരവിന്ദ മഹര്‍ഷി കൊച്ചുനാലില്‍ കൊഞ്ചിപ്പറയാന്‍ തുടങ്ങിയതുതന്നെ ഇംഗ്ലീഷിലായിരുന്നു. ഇംഗ്‌ളണ്ടില്‍ താമസിച്ചു പഠിച്ചു. ആ സാഹിത്യത്തിന്റെ വിശാലനീലനഭസ്സില്‍ ആവോളം പറന്നു. പക്ഷെ, ഇന്ത്യ സ്വന്തം മക്കളെ വിട്ടുകൊടുക്കില്ല-ഇന്ത്യയുടെ വിളി അദ്ദേഹം കേട്ടു- എന്നിട്ടൊടുവില്‍ ആ യോഗി ഇതിഹാസ കാവ്യങ്ങളുടെ ശ്രീകോവിലിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു- മൃത്യുവിനെ ജയിച്ച സാവിത്രിയും മനുഷ്യനെ സ്‌നേഹിച്ച അപ്‌സരസായ ഉര്‍വ്വശിയും, കാവ്യവിഷയങ്ങളായി നമ്മുടെ തലമുറ പെറ്റ നാടിനേയും പെറ്റമ്മയേയും മറക്കാന്‍ തുടങ്ങിയോ-അമ്മയുടെ പോരായ്മകള്‍ എണ്ണിയെണ്ണി പറയുമ്പോള്‍ ആ ആത്മശക്തി എന്താണെന്ന് തെല്ലെങ്കിലും ചിന്തിച്ചോ-ആ പാരമ്പര്യ ധനത്തെക്കുറിച്ച് എത്ര അവജ്ഞയോടാണ് പല ചെറുപ്പക്കാരും സംസാരിക്കുന്നത്.
വിദ്യാദദാതി വിനയംഎന്നാണെങ്കില്‍ വിനയംപോലും ഇന്നൊരാവശ്യമില്ലാത്ത വസ്തുവാണ്. പുറംലോകത്തിന്റെ നഗ്നമായ പ്രകാശം നമ്മുടെ കണ്ണുകളില്‍ വെളിച്ചമല്ല-ഇരുളാണ് നിറച്ചിരിക്കുന്നത്.Physical Darkness അതായത് വ്യകിത്വ വികസനമില്ല. അതു മുരടിച്ചുകിടപ്പാണ്.Mental darkness മാനസികമായ ഇരുട്ട്. ആത്മബോധത്തിന്റെ ഒരു തിരിവെളിച്ചം കിട്ടാത്ത അന്ധകാരം.
സമൂഹത്തിന്റെ ഉപരിതലത്തില്‍ വന്നിട്ടുള്ളവൈകല്യങ്ങള്‍ സാരമാക്കാനില്ല എന്നു സമാധാനിക്കാമോ – ഒരു നാല്‍പതാണ്ടിന്റെ ക്യാന്‍വാസ് മുന്നില്‍ നിവര്‍ത്തിയാല്‍ പല വ്യതിയാനങ്ങളും വന്നിട്ടുള്ളതറിയാം. ഇന്നു ഫാഷന്‍മേഖല സജീവമാണ്. നിമിഷംപ്രതി വിദേശങ്ങളിലെ ഫാഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്ക് നൂതന വേഷവിധാനങ്ങളും, സൗന്ദര്യവര്‍ദ്ധക സാമഗ്രികളും നിരക്കുന്നു. പരസ്യങ്ങളുടെ യുഗമാണിത്. ടെലിവിഷനിലൂടെ-സമൂഹത്തോട് ഉത്തരവാദിത്വം കുറയുന്ന സിനിമകളിലൂടെ നമ്മുടെ മുന്നില്‍ അനാവൃതമാകുന്ന കണ്ണഞ്ചിപ്പിക്കുന്ന വേഷഭൂഷാദികള്‍ യുവതലമുറയുടെ ഉറക്കം കെടുത്തുന്നു. ശരീരം മോടിപിടിപ്പിക്കാനുള്ള തിടുക്കത്തില്‍, ആകര്‍ഷണീയമാക്കാനുള്ള ആഗ്രഹത്താല്‍ വസ്ത്രം ധരിക്കേണ്ടത് എന്തിനാണെന്നുള്ളത് മറക്കുന്നു – അഭിരുചികള്‍, വാസനകളൊക്കെ മാറി. നാല്‍പതുവര്‍ഷത്തിനുമുമ്പ് സിനിമയിലെ നാടകത്തിലെ, അഭിനയിക്കുന്ന പെണ്‍കുട്ടിയെ സംശയത്തോടെ നോക്കിയിരുന്ന സമൂഹം ഇന്നവര്‍ക്ക് ആരാധന നല്‍കുന്നു. അവളുടെ കലാപരമായ കഴിവുകളെ ശ്ലാഘിക്കുന്നു. ഇത് കണ്ടിരിക്കുന്ന യുവാക്കള്‍ അത്തരമൊരവസരത്തിനുവേണ്ടി എന്തു വിലകൊടുക്കാനും തയ്യാറാകുന്നു – ഈ അനുകരണം നില്‍ക്കേണ്ടിടുത്ത് നിന്നില്ലെങ്കില്‍ ആപല്‍ക്കരമാകും- എവിടെനിന്നാലും ആത്മസംയമനം വേണം. വികാരങ്ങള്‍ നിയന്ത്രിതമായിരിക്കണം. വികാരങ്ങള്‍ അമിതവേഗത്തിലാകരുത്. മിതമായിരിക്കണം.
നമ്മുടെ തലമുറക്ക് ഭൂരിപക്ഷത്തിനും ഇന്നു താല്‍പര്യം ഭാരതീയമായ സംഗീതമല്ല – ക്ലാസ്സിക്കല്‍ സംഗീതമോ തനതുവക എന്നു വിശേഷിപ്പിക്കാവുന്ന ഒന്നുമല്ല – റാപ്, ജാസ് പോപ്പ്, സംഗീതലഹരിയാണ്. പ്രാകൃതവാസനകളുണര്‍ത്തത്തക്ക വണ്ണം ഭ്രമമാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന- പ്രാകൃത താളമേളങ്ങളോടെ ചുറ്റുപാടും പ്രകമ്പനം കൊള്ളിക്കുന്ന ഇത്തരം സംഗീതരംഗങ്ങളാല്‍ മൃഗീയ വാസനകള്‍ തലപൊക്കുന്നു – ആണ്‍കുട്ടികളും, പെണ്‍കുട്ടികളും സഭ്യതയുടെ സീമവിടുന്ന അനിയന്ത്രിതമായ കാഴ്ച പത്രപക്തികളിലൂടെ നാം വായിച്ചറിഞ്ഞതാണ്. കടല്‍ കടന്നുവരുന്ന സംഗീതത്തിന്റെ കമ്പം എന്നു പറയുന്നതൊരു സ്റ്റൈലായിരിക്കുന്നു. എന്താണിതിനര്‍ത്ഥം – സംഗീത പ്രളയത്തില്‍, സ്ഥലകാലങ്ങള്‍ മറന്ന് പെണ്‍കുട്ടികള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ ഫെമിനിസത്തിന്റെ വക്താക്കള്‍ ശ്രദ്ധിക്കുന്നോ – ഇതാണോ സ്ത്രീ സ്വാതന്ത്ര്യം- ഇത്തരം വിലക്ഷണമായ സ്വാതന്ത്ര്യമാണോ നമ്മുടെ പെണ്‍കുട്ടികളുടെ ലക്ഷ്യം. സമൂഹത്തില്‍ സദാചാരത്തിന് തകര്‍ച്ച പറ്റി- പ്രേമഭാവനയില്‍പോലും ആദര്‍ശമില്ല. പണമുണ്ടെങ്കില്‍ വിവാഹപൂര്‍വ്വബന്ധങ്ങളും വിസ്മൃതമാകും- ഒരു സമൂഹചിന്തകന്‍ എഴുതി- ”It is high tide for Indian women-from testing the waters she has plunged into the deep end”- ലഹരിവിരുദ്ധ സെമിനാറുകള്‍ നടക്കുന്നു.
സ്ത്രീ പീഡനത്തിനെതിരെ നിശിതമായ വാക്കുകള്‍ മുഴങ്ങുന്നു. ജാഥകള്‍ സംഘടിപ്പിക്കുന്നു. പക്ഷെ ആത്മഹത്യകളും അരുംകൊലകളും പെരുകുന്നു-ജീവിതം എങ്ങനെയൊക്കെ ആയി തീരുമെന്നറിയാമോ. ആരെങ്കിലും അതു ഭദ്രമാക്കാമെന്ന് ഏറ്റിട്ടുണ്ടോ-പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് പഴയ ബിംബങ്ങള്‍ ഉടച്ചു കളയുമ്പോള്‍ പകരമൊന്നു രൂപപ്പെടുത്താന്‍ കഴിയുമോ. നിഷേധിച്ചിരുന്ന എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ വ്യക്തിമുദ്ര സ്ഥാപിച്ചു കഴിഞ്ഞു- ധനവും നേടുന്നു. പക്ഷെ അവള്‍ സന്തുഷ്ടയാണോ-സര്‍വ്വം പരവശം ദുഃഖം-മറ്റൊന്നിനെ ആശ്രയിച്ചുനില്‍ക്കുമ്പോള്‍ ദുഃഖമേയുള്ളൂ-ആത്മവശം സുഖം-ഉള്ളില്‍ ഈശ്വരനുണ്ടെന്നറിഞ്ഞ്, ആനന്ദം അനുഭവിക്കുക. ശാന്തിതീരം തേടി ചെറുപ്പക്കാര്‍ ഉഴലുന്നു. ഇന്ത്യയില്‍ ജനിച്ച നമുക്ക് എന്തൊക്കെ ഇണങ്ങും എന്ന് ചിന്തിക്കാതെ മുത്തച്ഛന്റെ കോട്ടെടുത്തിട്ട കുട്ടിയെപ്പോലെ, മറുനാടന്‍ സംസ്‌കാരവും ജീവിതവും സ്വീകരിക്കുമ്പോള്‍ നാം കോമാളികളാകുന്നു.
പകിട്ടുള്ള വേഷവും-ഇരുചക്ര വാഹനങ്ങളുമൊക്കെ വശ്യമാണെന്നു വെയ്ക്കാം. ഒന്നു ചെറുപ്പത്തിന്റെ ബലഹീനത-മറ്റേത് ഇന്നത്തെ കാലത്തിനാവശ്യം. പക്ഷെ നിമിഷംപ്രതി ശിഥിലമാകുന്ന കുടുംബബന്ധങ്ങളും സങ്കല്‍പ്പങ്ങളുമോ? ഓരോരുത്തരും അവരവരുടെ അഹന്തയിലൂന്നി നില്‍ക്കുമ്പോള്‍ പിരിയാതെ വയ്യ എന്ന സ്ഥിതി വരാം. ദുരിതമായമായ ബന്ധങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുമാണ്. നിയമം സഹായഹസ്തവുമായി അടുക്കലുണ്ട്. പക്ഷെ ഇന്ന് വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാന്‍ ഇഷ്ടമുള്ളപ്പോള്‍ ഇട്ടെറിഞ്ഞുപോകാന്‍, വിവാഹം എന്ന കെട്ടുപാടുകൂടാതെ അമ്മയാകാന്‍ ചെറുപ്പത്തില്‍ ചിലരെങ്കിലും തയ്യാറാണ്. ഈ വഴി ദുര്‍ഘടം പിടിച്ചതല്ലേ. ഇത്രയൊക്കെ കണ്ടുനില്‍ക്കുന്ന സമൂഹം, സമൂഹത്തില്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇനിയും അവളുടെ സ്ഥാനം എവിടെയാണെന്ന് നിര്‍ണ്ണയിച്ചിട്ടില്ല. സ്ത്രീകള്‍ ശരീരംകൊണ്ടും മനസ്സുകൊണ്ടും പുരുഷനില്‍ നിന്നും ഏറെ വ്യത്യസ്ത പുലര്‍ത്തുമ്പോള്‍, പുരുഷനേപ്പോലെ ഏതു ചുഴിയിലും ചാടാനോ വിട്ടകലാനോ സ്ത്രീക്ക് അസാധ്യമാണ്.
അതിരുകവിഞ്ഞ പ്രവൃത്തികള്‍ അവളെ സന്തുഷ്ടയാക്കില്ല – പുരുഷന്റെ മനസ്സല്ല സ്ത്രീയുടേത്. സംയമനബുദ്ധിയില്ലെങ്കില്‍ അവള്‍ നിലംപതിക്കും. ചെറുപ്പത്തില്‍ ഒരാദര്‍ശത്തിനുവേണ്ടിയാകട്ടെ ഒരാവേശത്തില്‍ ചെയ്തുപോകുന്നത്, ഒരു കാലം കഴിയുമ്പോള്‍ തിരുത്താനാവാതെ ദുഃഖത്തിന്റെ വഴികളിലെത്തിക്കും. അണു കുടുബങ്ങളും യാന്ത്രികജീവിതവുമായപ്പോള്‍ നിസ്വാര്‍ത്ഥത കാറ്റില്‍ പറന്നു-കൊള്ളാനും കൊടുക്കാനും സഹിക്കാനും സഹകരിക്കാനും സന്നദ്ധമായ മനസ്സിന്റെ നിജസ്ഥിതിക്കു മാറ്റമായി. പുരുഷന്‍ കുടുംബനാഥനെന്നുള്ള ചിത്രം മാഞ്ഞു. തന്‍കാലില്‍ നില്‍കാനുള്ള തന്റേടം പുതിയ ഉത്തരവാദിത്വങ്ങള്‍, മനസ്സിലുള്ളത് വെട്ടിത്തുറന്നു പറയാനുള്ള തന്റേടം, പരിമിതികള്‍ ഇല്ലാതെയാക്കുന്ന ജീവിതസങ്കല്പം-സ്ത്രീകള്‍ എങ്ങനെയായിരിക്കണം എന്ന പുരുഷന്റെ മുന്‍വിധികള്‍ ”Virtues conferred upon women by men” – എതിര്‍ക്കാനുള്ള ധിക്കാരം, ഏതുവിഷമവും കുടിച്ചിറക്കാനുള്ള വൈമനസ്യം-എല്ലാവരുടെയും ഇഷ്ടത്തിനൊത്ത് ചലിക്കുന്ന സാധുസ്ത്രീയുടെ വേഷം മാറി.
ഒക്കെ ശരിയെന്നു നാവാല്‍ പറയാമെങ്കിലും, സത്യത്തില്‍ ഭാരതത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടി സ്വഭാവശുദ്ധിയും സദാചാരസൗന്ദര്യവും ഏതവസ്ഥയിലും പരിരക്ഷിക്കണം- കാരണംഅവള്‍ അമ്മയാണ് – ”സ്ത്യായതി ഗര്‍ഭോ യസ്യാമിതി സ്ത്രീ”- ആരിലോ ഗര്‍ഭം ഭവിക്കുന്നത് അവള്‍ സ്ത്രീ-സ്ത്രീ മാതാവാണ്. അമ്മയായി കഴിഞ്ഞാല്‍ കുട്ടികളോടും കുടുംബത്തോടുമുള്ള കടപ്പാട്, കുട്ടികളുടെ ക്ഷേമം-ജോലിയുള്ളവളെങ്കില്‍ അതിന്റെ ഗുണോല്‍ക്കര്‍ഷത്തിനുവേണ്ടിയോ എഴുത്തുകാരിയെങ്കില്‍ ആ കഴിവിന്റെ പര്യാപ്തിക്ക് വേണ്ടിയോ ആണെങ്കില്‍ പോലും രണ്ടാമതാവരുത്- തന്നിലുള്ള വിശിഷ്ട ഗുണത്തെ വളര്‍ത്തണമെന്ന ഉള്‍ക്കടമായ ആഗ്രഹമെങ്കില്‍ അവള്‍ക്കു വിവാഹബന്ധത്തില്‍ കുടുങ്ങേണ്ട കാര്യവുമില്ല-ഇതൊരു പഴഞ്ചന്‍ ആശയമാണെന്നു തോന്നാം. ശാസ്ത്രീയമായി ആലോചിച്ചാല്‍ ഒരു നല്ല കുട്ടിയെ സമൂഹത്തിനു നല്കുക ഒരു തപസ്സുതന്നെയാണ്.
സ്ത്രീകളെ-പെണ്‍കുട്ടികളെപ്പറ്റി-എടുത്തു പറയുന്നത്, അവളാണ് വീട്ടിലെ സ്വഭാവം രൂപീകരിക്കുന്നത് എന്ന സത്യം ബോദ്ധ്യമായിട്ടുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ ശാന്തി അവിടെനിന്നു തുടങ്ങുന്നു. മഹത്തായ സഹാനുഭൂതിയും സഹിഷ്ണുതയും അവളിലെ ഉണ്ടാകൂ-ഇന്നു കച്ചവട സംസ്‌കാരം പ്രബലമാകുന്നതോടൊപ്പം ആത്മബന്ധം കണ്ടുകിട്ടാതെയായി. ശാരീരികമായ അടുപ്പത്തില്‍ കവിഞ്ഞ് സ്ത്രീപുരുഷബന്ധത്തില്‍ ഒന്നുമില്ലെന്നു വരുമ്പോള്‍ ജീവിതസൗരഭ്യം തന്നെ ഇല്ലാതാക്കുന്നു. പുരുഷപ്രകൃതിക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലതാനും. നാം വിദേശത്തു നിന്നു വരുന്ന ചപ്പുചവറുകള്‍ സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍ അവര്‍ ആത്മവിദ്യയ്ക്കായി കൊണ്ട് ഇവിടെ എത്തുന്നു. ”They are in search of a soul, we for a body. It is easier tp find a body than a soul”.
ഈ മൂല്യശോഷണത്തിനും പരിഷ്‌കാരഭ്രമത്തിനും കാലം ഒരു പ്രധാന പങ്കുവഹിക്കുന്നു. പണ്ടു ഭിന്നമായൊരു വേഷമോ, കര്‍മ്മമോ, അംഗീകരിച്ചു കിട്ടാന്‍ താമസമെടുത്തിരുന്നു. ഇന്നാകട്ടെ, സമൂഹം ദ്രുതഗതിയില്‍ ഇവയൊക്കെ സമ്മതിക്കുന്നു. പൊതുജനത്തില്‍ പകുതിയിലധികം അനുകൂലമെന്നുവരുമ്പോള്‍ സമൂഹം ഒന്നും ചെറുത്തുനില്‍ക്കുന്നില്ല. പരിഷ്‌കാരഭ്രമം കൂടുതല്‍ ബാധിക്കുന്നത് മധ്യവര്‍ത്തി സമുദായത്തെ-Middle class-ഇടത്തരക്കാരെയാണ്. പണക്കാര്‍ക്ക് ഇതൊക്കെ ഒരു തമാശമാത്രം-പാവപ്പെട്ടവന്, ഒരു ജീവിതം കഴിച്ചുകൂട്ടാന്‍ കഷ്ടപ്പെടുന്നവന് എന്തു പരിഷ്‌കാരം. ഇടനിലക്കാരും പുതുപ്പണക്കാരുമാണ് ഇതില്‍ കമ്പം കൊള്ളുന്നത്. പണക്കാരോടൊപ്പമെത്താന്‍ എന്തും ത്യജിക്കാനും, സഹിക്കാനും ഇവര്‍ക്കു കഴിയുന്നു. പണം നല്‍കുന്ന മാന്യത മതി അവര്‍ക്ക്. നമ്മുടെ യുവതലമുറ മദ്യപാനം ഫാഷനാക്കി-ഒരു status symbol- മദ്യം ഒഴുകാത്ത വിരുന്നു സല്‍ക്കാരമില്ല. സുഹൃത്തക്കളെ നേടാനും ഉദ്ദിഷ്ടകാര്യം സാധിക്കാനും മദ്യം- ഏതുരംഗത്തും ഇതു അത്യന്താപേക്ഷിതമായിരിക്കുമ്പോള്‍ നമ്മുടെ പുതിയ തലമുറ ഈ ഭ്രമത്തില്‍നിന്ന് പിന്‍മാറുന്നതെങ്ങനെ-നമ്മുടെ കണക്കുകള്‍ കാണിക്കുന്നത്-”Liquor has become quicker for the great Indian middle class” – എന്നാണ്.
സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടതുപോലെ ധനമാണ് നമ്മെ ഭരിക്കുന്നത് – അദ്ദേഹത്തിന്റെ ഭാഷയില്‍ ”The commerical rule-it is awful in its silent crushing and blood sucking power-” ധനത്തിനും-കച്ചവടസംസ്‌കാരത്തില്‍ വിതരണമാണ് ഏറ്റവും പ്രധാനം. ”distributive spirit of the commercial-” കൈകളില്‍നിന്ന് കൈകളിലേക്ക് ഓടുന്ന പണം നമുക്ക് വിലകുറഞ്ഞ കാര്യങ്ങളാണ് തരുന്നത് – നവിത്തേനതര്‍പ്പണിയോ മനുഷ്യ. മഹത്തായ സംസ്‌കാരം ഇവിടെ ക്ഷയിക്കുന്നു. ചുറ്റും നോക്കിയാല്‍മതി – ശരീരപോഷണം ധനസമ്പാദനം എന്ന രണ്ടു വഴികളില്‍ വ്യക്തിയുടെ ശക്തിഉഴിയുന്നത്- മുതിര്‍ന്നവര്‍ വിളക്കു കാണിച്ചുകൊടുക്കുന്നുമില്ല – സ്വഭാവശുദ്ധിയും ശക്തിയും-ഈ രണ്ടുനിധികളും പരമ്പരയാ സ്ത്രീകളുടെ കയ്യിലെത്തിച്ചേര്‍ന്നത് ചോര്‍ന്നുപോകുന്നു. എന്തു നഷ്ടപ്പെട്ടാലും നഷ്ടപ്പെടുത്തിയാലും സ്ത്രീകള്‍ക്ക് അതുണ്ടാകണം. ഭാരതീയ സംസ്‌കാരത്തോട് വിപ്രതിപത്തി വന്നതു മൂലം ആവഴിക്ക് Orientation- ബോധവല്‍ക്കരണമുണ്ടാകണം- ”The 20th century had a western beginning but if the world is to survive it must have an indian ending.”
നാം നമ്മുടെ വേരുകള്‍ എന്താണെന്ന് യുവതലമുറയെ മനസ്സിലാക്കണം. ഇന്നു നമ്മുടെ ചെറുപ്പക്കാരോട് ഭാരതീയസംസ്‌കാരത്തെപ്പറ്റി ചോദിച്ചു നോക്കൂ. പലര്‍ക്കും അതെന്താണെന്നു നിശ്ചയമില്ല. എന്നാലും പുച്ഛം ബാക്കി. നമ്മുടെ കുട്ടികളുടെ ശരീരത്തിലും ഭൗതികമായ അവരുടെ ഉയര്‍ച്ചയിലും മാത്രമല്ല, ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- മനസ്സാണ് മുഖ്യം. മനസ്സ് ഏതു വഴിക്ക് തിരിക്കുന്നുവോ ആ വഴി പോകും. ശ്രീരാമകൃഷ്ണ പരമഹംസന്റെ വചനാമൃതത്തിലെ മനോഹരമായൊരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. ”മനസ്സ് അലക്കികൊണ്ടുവരുന്ന വെള്ളമുണ്ടുപോലെയാണ്. ഏതു ചായത്തില്‍ മുക്കുന്നുവോ ആ ചായം പിടിക്കും.” നമുക്കറിയാം കുട്ടികളുടെ ബാല്യകാലം അച്ഛനമ്മമാര്‍ക്കുള്ളതാണ്. അക്കാലത്തുതന്നെ അമ്മ കുട്ടികളുടെ ആന്തരഭാവന പവിത്രമാക്കാന്‍ ശ്രദ്ധിക്കണം-പവിത്രതയുടെകൂടെ സത്യസന്ധതയും, നിസ്വാര്‍ത്ഥയും, വന്നെത്തിക്കൊള്ളും. ബൃഹദാരണ്യകോപനിഷത്തിലെ ഒരു ഭാഗം ആദരപൂര്‍വ്വം ഇവിടെ കുറിക്കട്ടെ –
‘‘ആരാമമസ്യ പശ്യതി, നതം
പശ്യതി കശ്ച നേതി”
ഈ ലോകം ഈശ്വരന്‍ നമുക്കുതന്ന ആരാമമാണ്. എന്തൊരൈശ്വര്യം-പുല്‍ച്ചെടിമുതല്‍ നീലാകാശ സീമവരെ. ഒക്കെ നമുക്ക് ആനന്ദിക്കാനുള്ളതാണ്. പക്ഷെ ഏവരും തോട്ടം കാണുന്നു-തോട്ടത്തിന്റെ ഉടമയെ ആരും തേടുന്നില്ല-അതു ന്യായമല്ലല്ലോ-അപ്പോള്‍ ചെറുതോ വലുതോ ആയ ഏതു കര്‍മ്മങ്ങളിലും ജഗദീശ്വരനെ വിചാരിക്കുക-അങ്ങനെ വിചാരിക്കാന്‍ കുട്ടികളെ നന്നേ ചെറുപ്പത്തിലോ പരിശീലിപ്പിക്കുക.
Discussion about this post