ന്യൂദല്‍ഹി: കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്ക് ഗ്രേഡിംഗ് വരുന്നു. അക്കാദമിക മികവ് വിലയിരുത്തി തയാറാക്കുന്ന സൂചിക പ്രമോഷനും ശമ്പള വര്‍ധനക്കും മാനദണ്ഡമാക്കാന്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) നിര്‍ദേശിച്ചു. അക്കാദമിക പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ച് സേവന കരാറില്‍ അധ്യാപകര്‍ ഒപ്പുവെക്കേണ്ടി വരും. അധ്യാപകരുടെ കുറവു നികത്താന്‍ പത്തു ശതമാനം പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാമെന്നും യു.ജി.സി വ്യവസ്ഥ ചെയ്തു.
‘കോളജ്, സര്‍വകലാശാലാ അധ്യാപകരുടെയും അക്കാദമിക തലത്തിലുള്ള മറ്റുള്ളവരുടെയും നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാര പരിപാലന നടപടികളും’ ഇക്കഴിഞ്ഞ ദിവസമാണ് യു.ജി.സി വിജ്ഞാപനം ചെയ്തത്. വൈകാതെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. കലാലയങ്ങള്‍ 180 ദിവസം പ്രവര്‍ത്തിക്കണമെന്നും അധ്യാപകര്‍ ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ജോലിചെയ്യണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ദിവസവും അഞ്ചു മണിക്കൂര്‍ അധ്യാപകര്‍ കലാലയത്തില്‍ ഉണ്ടായിരിക്കണം. ആറു മണിക്കൂര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കണം. അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കലാലയങ്ങള്‍ നല്‍കണം.
യു.ജി.സി മുന്നോട്ടുവെച്ച വിവിധ വ്യവസ്ഥകള്‍ ബാധകമാക്കി ആറു മാസത്തിനകം ബന്ധപ്പെട്ട നിയമം ഭേദഗതിചെയ്യാന്‍ സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സര്‍വകലാശാലകളും കോളജുകളും മൂന്നു മാസത്തിനകം കലാലയതലത്തില്‍ നിലവാര പരിശോധനാ സെല്‍ രൂപവത്കരിക്കണം. ഓരോ അധ്യാപകന്റെയും സ്ഥാപനത്തിന്റെയും പ്രവര്‍ത്തന മികവ് വാര്‍ഷികാടിസ്ഥാനത്തില്‍ തയാറാക്കി സൂക്ഷിക്കും. അധ്യാപനം, ഗവേഷണം, പ്രസാധനം, അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ ഗ്രേഡിംഗ്.
അധ്യാപക മികവിന് 75 ശതമാനം വെയ്‌റ്റേജ്, ഗവേഷണത്തിന് 15 പോയന്റ്, പ്രസാധനത്തിന് 50 എന്നിങ്ങനെ മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തന നിലവാര സൂചിക തയാറാക്കുന്നത്. പ്രമോഷന് പുറമെ, ശമ്പള ഗ്രേഡില്‍ മൂന്നു ശതമാനം വരെ വര്‍ധന അധ്യാപന മികവിന് നല്‍കാനും വ്യവസ്ഥ വെച്ചിട്ടുണ്ട്.
കല്‍പിത സര്‍വകലാശാലകള്‍ക്കും വ്യവസ്ഥ ബാധകമാണ്.
Discussion about this post