തിരുവനന്തപുരം: ബലിതര്‍പ്പണത്തിന് നഗരത്തിലെ സ്ഥലങ്ങള്‍ ഒരുങ്ങി. പ്രധാനമായും ശംഖുമുഖം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളിലാണു ബലിയര്‍പ്പിക്കാനായി ആയിരക്കണക്കിനു പേര്‍ എത്തുന്നത്. ഭക്തര്‍ക്കു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ശംഖുമുഖം കടല്‍ത്തീരത്ത് ബലിയര്‍പ്പിക്കാനായി വിപുല സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം നടത്താം. ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കാനായി താന്ത്രികരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നിലവിലുള്ളതിനു പുറമെ അഞ്ചു താല്‍ക്കാലിക ബലിമണ്ഡപങ്ങള്‍ ഒരുക്കി. ഭക്തര്‍ക്കു ദേഹശുദ്ധി വരുത്താനായി അറുപതു ഷവറുകളും രണ്ടു കുഴല്‍കിണറുകളും ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു. ഭക്തര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി സമീപത്തു തന്നെ രണ്ടേക്കര്‍ സ്ഥലം സജ്ജീകരിച്ചു.
അരുവിക്കര ഡാമിനു സമീപം എല്ലാവര്‍ഷത്തെയുംപോലെ ഇക്കൊല്ലവും ബലിതര്‍പ്പണത്തിനുള്ള എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വാവുബലിയോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം നടന്നു വരുന്നു. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അരുവിക്കരയിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബലിതര്‍പ്പണത്തിനായി ഭക്തര്‍ ആശ്രയിക്കുന്ന മറ്റൊരു സ്ഥലമാണ് അരുവിപ്പുറം. നെയ്യാറില്‍ മുങ്ങി ബലിതര്‍പ്പണത്തിന് ഇവിടെയും സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.
Discussion about this post