കുവൈത്ത്: ഏഷ്യയിലെ പ്രമുഖ സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കുവൈത്ത് ആരോഗ്യമന്ത്രാലയവും കുവൈത്ത് സര്‍വകലാശാലയുമായി സഹകരിക്കുന്നു.
ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വരുന്നതായി കുവൈത്തിലെ സീസേര്‍സ് ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് – എയിംസ് ആരോഗ്യ സേവന വിഭാഗം മാര്‍ക്കറ്റിങ് മേധാവി എം.ആര്‍. ഉണ്ണിത്താന്‍ അറിയിച്ചു. കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി മെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ സഹകരണാടിസ്ഥാനത്തില്‍ – ടെലി മെഡിസിന്‍ സര്‍വീസ്, കണ്‍സള്‍ട്ടന്‍സി എക്‌സ്‌ചേഞ്ച്, അക്കാദമിക് പരിശീലനം, എക്‌സ്‌ചേഞ്ച് ഓഫ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ – തുടങ്ങി നിരവധി പദ്ധതികള്‍ പരസ്പര സഹകരണത്തോടെ ആരംഭിക്കുന്നതിന് എയിംസ് ഒരുങ്ങുകയാണ്. കൂടാതെ മെഡിക്കല്‍ മേഖലയില്‍ മറ്റു ഭാഷകള്‍ക്ക് വിവര്‍ത്തനം നല്കുന്ന അറബിക് ഇന്റര്‍പ്രട്ടേഴ്‌സ് സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 650 മെഡിക്കല്‍ ഫാക്കല്‍റ്റികള്‍, ഉയര്‍ന്ന യോഗ്യതയും പരിചയവുമുള്ള സ്‌പെഷല്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് എന്നീ പ്രത്യേകതകള്‍ അമൃതയുടേത് മാത്രമാണ്.
ചികിത്സയ്ക്കായി അമൃത ആസ്പത്രിയില്‍ ചെലവ് കുറഞ്ഞതും ഗുണനിലവാരവുമുള്ള ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി അദ്ദേഹം വ്യക്തമാക്കി.
കുവൈത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രഥമ അന്താരാഷ്ട്ര ആരോഗ്യ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് എയിംസിന് മാത്രമാണ് പ്രതിനിധിയുള്ളത്. സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഒന്നുകൂടിയാണ് എയിംസ്. അന്താരാഷ്ട്ര ആരോഗ്യ സമ്മേളനം കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ അല്‍ സയര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ എയിംസ് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും കുവൈത്ത് സര്‍വകലാശാലയുമായും വ്യത്യസ്ത മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണയിലെത്തും.
കൂടാതെ എയിംസ് സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാറില്‍ അമൃതയിലെ കാര്‍ഡിയോളജി, ഓങ്കോളജി, ഗ്യാസ്‌ട്രൊ വിഭാഗം സ്‌പെഷലിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. കുവൈത്ത് മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് പ്രത്യേക ആരോഗ്യ രക്ഷാ സമ്മേളനം ജാബ്രിയയിലെ കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ എയിംസ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ എം.ആര്‍. ഉണ്ണിത്താന്‍ വിശദീകരിച്ചു.
Discussion about this post