വാഷിങ്ടണ്‍: റഷ്യക്കു വേണ്ടി വര്‍ഷങ്ങളായി ചാരപ്പണി നടത്തിയവര്‍ എന്ന് സംശയിക്കുന്ന പത്തുപേരടങ്ങിയ റഷ്യന്‍ സംഘത്തെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ നയ രൂപീകരണ പ്രക്രിയയില്‍ സജീവമായവരുമായി ബന്ധം സ്ഥാപിക്കലാണ് ഇവരുടെ പ്രധാന രീതിയെന്ന് കരുതുന്നു. റഷ്യന്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ എസ്.വി.ആറിന്റെ മോസ്‌കോ ആസ്ഥാന മന്ദിരത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ എഫ്.ബി.ഐ ചോര്‍ത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. സാധാരണ പൗരന്മാരെപ്പോലെയായിരുന്നു ഇവരുടെ ജീവിതമെന്നും ചിലര്‍ ദമ്പതികളാണെന്നും യു.എസ് അധികൃതര്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ ചാരവൃത്തിക്ക് കേസെടുത്തിട്ടുണ്ട്.
ആണവായുധം, അമേരിക്കയുടെ ആയുധ നിയന്ത്രണം, ഇറാന്‍, വൈറ്റ് ഹൗസിലെ അഭ്യൂഹങ്ങള്‍, സി.ഐ.എ നേതൃത്വ മാറ്റം തുടങ്ങിയ വിഷയങ്ങളാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്.
എഫ്.ബി.ഐയുടെ നീണ്ട കാലത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ച ചാരശൃംഖല തകര്‍ത്തതെന്ന് അമേരിക്ക അവകാശപ്പെട്ടു.
ഈ ഗ്രൂപ്പില്‍പെട്ട അഞ്ചു പേരെ തിങ്കളാഴ്ച മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. ജൂലൈ 27നാണ് കേസിന്റെ പ്രാഥമിക വാദം കേള്‍ക്കല്‍. അന്നുവരെ ഇവര്‍ ജയിലില്‍ കഴിയണമെന്ന് ജഡ്ജി നിര്‍ദേശിച്ചു.
ന്യൂ ജെഴ്‌സിയിലെ മോണ്ട്‌ക്ലെയറില്‍ നിന്ന് അറസ്റ്റിലായ റിച്ചാര്‍ഡ് മര്‍ഫി, സിന്തിയ മര്‍ഫി, ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ നിന്നും പിടിയിലായ വിക്കി പെലെസ്, മന്‍ഹാട്ടനില്‍ നിന്നും പിടികൂടിയ അന്ന ചാപ്മാന്‍ എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടും. സംഘവുമായി ബന്ധമുള്ള മറ്റൊരാളെ സൈപ്രസില്‍ നിന്നും അറസ്റ്റ് ചെയ്തു.
അതിനിടെ ചാരപ്പണി ആരോപണം അടിസ്ഥാനരഹിതമാണെന്ന് റഷ്യന്‍ വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എഫ്.ബി.ഐയുടെ അവകാശ വാദങ്ങളില്‍ വൈരുധ്യമുണ്ടെന്നും റഷ്യ വ്യക്തമാക്കി.
ചാരപ്പണിക്കായി മോസ്‌കോ അയച്ച റഷ്യക്കാരാണിവര്‍ എന്നാണ് എഫ്.ബി.ഐയുടെ വാദം.
ദീര്‍ഘ നാളത്തെ ചാരപ്പണിയായതിനാല്‍ പേരില്‍ ഉള്‍പ്പെടെ ജീവിതത്തില്‍ ഉടനീളം ‘അമേരിക്കക്കാരാ’യാണ് ഇവരുടെ ജീവിതമെന്നും അമേരിക്ക പറയുന്നു. ശീതയുദ്ധ ക്കാലത്തേതിനു സമാനമായ ചാരക്കഥയാണിതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. ദമ്പതികളില്‍ ചിലര്‍ക്ക് കുട്ടികളുണ്ട്. ഇവര്‍ക്ക് തങ്ങളുടെ മാതാപിതാക്കള്‍ റഷ്യക്കാരാണെന്ന് അറിയില്ലത്രെ.
Discussion about this post