വെല്ലിങ്‌ടണ്‍: ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ അപഹസിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ ന്യൂസീലന്‍ഡ് ടിവി അവതാരകന്‍ പോള്‍ ഹെന്റി രാജിവച്ചു. ടെലിവിഷന്‍ ന്യൂസീലന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് റിക് എല്ലിസ് രാജിക്കത്ത് സ്വീകരിച്ചതായി ടെലിവിഷന്‍ ന്യൂസീലന്‍ഡ് വെബ്‌സൈറ്റ് പറയുന്നു.
ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ജനറല്‍ ആനന്ദ് സത്യാനന്ദിനെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ക്കു സസ്‌പെന്‍ഷനിലായിരുന്നു പോള്‍. ഇതിനു പിന്നാലെയാണ് ദീക്ഷിതിനെതിരെ വംശീയാധിക്ഷേപം നടത്തിയത്. കഴിഞ്ഞയാഴ്‌ച ടെലിവിഷന്‍ ന്യൂസീലന്‍ഡില്‍ ബ്രേക്‌ഫാസ്‌റ്റ് പരിപാടിക്കിടയിലാണ് ഷീലാ ദീക്ഷിത്തിന്റെ പേര് തെറ്റിച്ചു പറഞ്ഞ് ഹെന്റിഅപഹസിക്കാന്‍ തുനിഞ്ഞത്. ദീക്ഷിത് എന്നത് ഡിക് ഷിറ്റ് എന്നു വരുന്ന വിധം വികൃതമായി ഉച്ചരിക്കുകയാണ് ചെയ്‌തത്. ഒപ്പം ഉണ്ടായിരുന്ന അവതാരക തിരുത്തിയിട്ടും ഹെന്റി ഇതു തന്നെ ആവര്‍ത്തിച്ചു. പുറമേ ഇങ്ങനെ കൂടി പറഞ്ഞു- ഷീലാ ഡിക് ഷിറ്റിന് ഈ പേര് അന്വര്‍ഥമാണ്. കാരണം അവര്‍ ഇന്ത്യക്കാരിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ചായിരുന്നു ഈ പരിപാടി.
ചില പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് പ്രതിഷേധം വ്യാപകമായത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച ഇന്ത്യ, ന്യൂസീലന്‍ഡ് ഹൈക്കമ്മിഷണര്‍ ഹോള്‍ബറോയെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനു മുമ്പ് ബ്രിട്ടീഷ് ഗായിക സൂസന്‍ ബോയ്‌ലേയെ മന്ദബുദ്ധി എന്ന് പോള്‍ ഹെന്റി വിളിച്ചതും വിവാദമായിരുന്നു.
Discussion about this post