*പി.എസ്*
ദേവന്മാരെ അസുരന്മാരാക്കുന്നത് അഹങ്കാരവും, മനുഷ്യരെ ദേവന്മാരാക്കുന്നത് വിനയവുമാണ്. സംസ്‌ക്കാരത്തിന്റെയും അറിവിന്റെയും ലക്ഷണമാണ് വിനയം. കേവലം ബാഹ്യാനുഷ്ഠാനം മാത്രമാണ് വിനയം എന്നു കരുതി അത് ആചരിക്കുന്നവരുണ്ട്. മനസ്സില്‍ തോന്നാത്ത വിനയം പുറമേ നടിക്കുന്നത് ഒരുതരം അഹംഭാവത്തിന്റെ ലക്ഷണമാണ്. സല്‍സ്വഭാവിയും സാത്വികനുമാണെന്നുള്ള പൊതു ജനാഭിപ്രായത്തിനു വേണ്ടിയും വിനയം കാണിക്കുന്നവരുണ്ട. ഇത്തരത്തിലുള്ള വിനയമല്ല കരണീയമായിട്ടുള്ളത്.
പണ്ഡിതനെന്നും, പാമരനെന്നും, ധനികനെന്നും, ദരിദ്രനെന്നും. ബ്രാഹ്മണമെന്നും, ചണ്ഡാലനെന്നുമുള്ള ഭേദഭാവനയില്ലാതെ എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാരാണെന്നും, വിവിധ രീതിയില്‍ കാണുന്നവരെല്ലാം മനുഷ്യരാണെന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള സുദൃഢമായ ബന്ധം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നുമുള്ള യഥാര്‍ത്ഥ ബോധത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും ഉടലെടുക്കുന്നതാണ് യഥാര്‍ത്ഥമായ വിനയം.
ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നുമുള്ള വ്യത്യാസം കൂടാതെ തമ്മില്‍ സ്‌നേഹബന്ധം സ്ഥാപിക്കണമെന്നുള്ള മാനുഷികബോധം മനുഷ്യനില്‍ സംജാതമാകുമ്പോള്‍ വിനയവും ഉടലെടുക്കുന്നു.
മഴവെള്ളം ഒരിക്കലും ഉയര്‍ന്ന സ്ഥാനത്ത് അചഞ്ചലമായി നില്ക്കുന്നില്ല ഏറ്റവും താഴ്ന്ന സ്ഥലത്തേക്ക് അത് കുതിച്ചൊഴുകും. ഭാരം കൂടിയ ത്രാസിന്റെ തട്ട് ഭൂമിയിലേക്ക് താഴ്ന്ന നിലയ്ക്കും, ഭാരം കുറഞ്ഞ തട്ടാണ് പൊന്തി നില്ക്കുന്നത്.
കൂടുതല്‍ ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ഭൂമിയിലേക്ക് ശിരസ്സ് നമിച്ചു നില്ക്കും. കൂടുതല്‍ നെന്മണികള്‍ ഉള്ള കതിരും കനിഞ്ഞുനില്ക്കുന്നതു കാണാം. അതുപോലെ യോഗ്യതയും പ്രാപ്തിയും നിപുണതയുമുള്ള മനുഷ്യനും എപ്പോഴും വിനീതനും നമ്രശിരസ്‌കനുമായിരിക്കും. അങ്ങനെയുള്ളവരില്‍ മാത്രമേ ഗുരുവും ഈശ്വരന്മാരും കാരുണ്യം ചൊരിയുകയുള്ളൂ.
അതുകൊണ്ട് ഭൂമിയില്‍ വലിയവനാകാനാഗ്രഹിക്കുന്നവര്‍ താഴ്മയും വിനയവും ഉള്ളവരായിത്തീരണം.
Discussion about this post