തിരുവനന്തപുരം: കയര്‍ ബോര്‍ഡും ബോര്‍ഡിന്റെ മറ്റുപങ്കാളികളും വിവിധ സര്‍വകലാശാലകളും ഇന്നുവരെ വികസിപ്പിച്ചെടുത്തിട്ടുള്ള എല്ലാസാങ്കേതികവിദ്യയും യന്ത്രങ്ങളും പരിചയപ്പെടുത്തുന്നതിനായി ആഗസ്റ്റ് 12 മുതല്‍ 16 വരെ കൊച്ചി മറൈന്‍ഡ്രൈവ് മൈതാനിയില്‍ അന്താരാഷ്ട്ര കയര്‍ ടെക് എക്‌സ്‌പോ സംഘടിപ്പിക്കുന്നു. കയര്‍ബോര്‍ഡ് ആദ്യമായാണ് കയര്‍ വ്യവസായാധിഷ്ഠിതമായി അന്താരാഷ്ട്ര എക്‌സിബിഷന്‍ നടത്തുന്നത്.
കയര്‍വ്യവസായ രംഗത്തുള്ള പുതിയ പ്രവണതകളും, പുത്തന്‍സാങ്കേതിക വിദ്യയും, യന്ത്രങ്ങളും, സെമിനാറുകളും, വ്യവസായ കൂടിക്കാഴ്ചയും കുട്ടികളുടെ പ്രവൃത്തി പരിചയവും മേളയിലെ മുഖ്യഇനങ്ങളാണ്. ആഗസ്റ്റ് 4ന് രാവിലെ 11ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന കയര്‍ എക്‌സ്‌പോയുടെ വിളംബരം കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
മേളയില്‍ അത്യന്താധുനിക കയര്‍പിരിയന്ത്രങ്ങളും ചകിരിനാര് വേര്‍തിരിക്കുന്ന യന്ത്രങ്ങളും പരിചയപ്പെടുത്തും. ഇതിനായി വികസിപ്പിച്ച ‘സ്വര്‍ണ്ണ’ എന്നപേരിലുള്ള ഉപകരണം എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ആധുനിക കയര്‍ ഉല്‍പ്പന്നങ്ങളായ കോമ്പോസിറ്റ് ബോര്‍ഡ്, വിവിധ കയര്‍ തുണിത്തരങ്ങള്‍, കൃത്രിമ പുല്‍ത്തകിടിയായ കൊക്കോ ലോണ്‍, മണ്ണിടിച്ചില്‍ തടയുന്നതിനുള്ള ഭൂവസ്ത്രം, കയര്‍ നിര്‍മ്മിത പൂന്തോട്ട സാമഗ്രികള്‍, കയര്‍ ആഭരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനെത്തും.
വിദേശരാജ്യങ്ങളില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും കയര്‍ബോര്‍ഡ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ.ജി.ബാലചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ കയര്‍ ഉല്‍പ്പന്നങ്ങളുടെ മേന്മ പൊതുജനങ്ങള്‍ക്ക് നേരിട്ടറിയുന്നതിനും അസംസ്‌കൃതവസ്തുവിന്റെയും പുത്തന്‍ സാങ്കേതികതയുടെ ലഭ്യതയും മറ്റുവിവരങ്ങളും അറിയുന്നതിന് മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post