ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വ പര്യവേഷണത്തില്‍ പുത്തന്‍ വഴിത്തിരിവ്. കഴിഞ്ഞ നവംബറില്‍ നാസ വിക്ഷേപിച്ച പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. 565 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഒട്ടനവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് പേടകം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യിച്ചിരിക്കുന്നത്. ‘സെവന്‍മിനിട്‌സ് ഓഫ് ടെറര്‍’ എന്ന പേരാണ് ക്യൂരിയോസിറ്റി ലാന്‍ഡ് ചെയ്ത സമയത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്.
ചൊവ്വയിലെ ജൈവതന്‍മാത്രകളുടെ സാന്നിധ്യം, ധാതുക്കളുടെ സാന്നിധ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിര്‍ണായക വിവരങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ പഠനത്തിന് ഇതോടെ കളമൊരുങ്ങും. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ആധുനീക ഉപകരണങ്ങളുമായാണ് ക്യൂരിയോസിറ്റി പുറപ്പെട്ടത്. ഒരു ടണ്‍ ഭാരമുള്ള പരീക്ഷണ വാഹനമാണ് ക്യൂരിയോസിറ്റി. ചൊവ്വയില്‍ നിന്നും ക്യൂരിയോസിറ്റി ആദ്യ ചിത്രങ്ങളും അയച്ചുതുടങ്ങി. ആദ്യ ചിത്രങ്ങള്‍ ബ്‌ളാക്ക് ആന്റ് വൈറ്റ് ആയിരിക്കുമെന്നും വ്യക്തതയില്ലാത്തതായിരിക്കുമെന്നും നാസ അറിയിച്ചു. കളര്‍ചിത്രങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും. നവംബര്‍ 26ന് ഫ്‌ളോറിഡയിലെ കേപ് കനവറില്‍ നിന്നാണ് പേടകം യാത്രയായത്.
Discussion about this post