(സ്വാമി വിവേകാനന്ദന്റെ ദൃഷ്ടിയില്‍)
*പി.വി.കുറുപ്പ്*
സമുദായത്തെ ജീവിപ്പിക്കുവാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമാണ് മതം. ഭൗതികത്വവും അദ്ധ്യാത്മികത്വും തമ്മിലും ശാസ്ത്രതത്ത്വവും മതതത്ത്വവും തമ്മിലുള്ള പാണിഗ്രഹണത്തിലാണു മോചനം അനുഭവപ്പെടുന്നതെന്നു തോന്നുന്നു. മതത്തെ ശരിക്കും മനസ്സിലാക്കിക്കഴിയുമ്പോള്‍ ഇത് ഒരുകൂട്ടം മനുഷ്യരുടെ സ്വാര്‍ത്ഥപരമായ പ്രവചനങ്ങളോ ഭയാവഹങ്ങളായ ഗൂഢാലോചനകളുടെ രഹസ്യസങ്കേതങ്ങളോ ഒന്നുമല്ലെന്നു വ്യക്തമാവുന്നതുമാണ്.
പൂര്‍ണ്ണമായ ശാന്തിയോടുകൂടി സമുദായത്തെ ജീവിപ്പിക്കുവാന്‍ കഴിവുറ്റ ശാസ്ത്രമാണ് മതം. മത ധര്‍മ്മങ്ങളെ ശരിയാം വണ്ണം അഭ്യസിക്കുന്നവര്‍ ഇതിന്റെ അനുഭവസ്ഥന്മാരുമാണ്. ഭൗതിക തത്ത്വത്തിന് ബാഹ്യജ്ഞാനത്തിനു മാത്രം ആയുഷ്‌ക്കാലം മുഴുവന്‍ ഉഴിഞ്ഞുവയ്ക്കുന്ന ബുദ്ധിജീവികള്‍ക്ക് മനശാന്തി കൊടുക്കുവാന്‍ സഹായകമാകുന്നതല്ല മതപരമായ ശാസ്ത്രതത്ത്വം. ശ്രദ്ധയോടുകൂടി അദ്ധ്യാത്മ തത്ത്വം അഭ്യസിച്ചെങ്കില്‍ മാത്രമെ ജീവിതത്തില്‍ സമാധാനം കൈവരിക്കാന്‍ കഴിയുകയുള്ളൂ. ഇതാണ് വേദാന്തത്തിലടങ്ങിയിരിക്കുന്ന സിദ്ധാന്തം.
എന്നാല്‍ ആദ്ധ്യാത്മികമായി ഒരു ഉയര്‍ന്ന പടിയിലെത്താതെ ഗഹനങ്ങളായ അദ്ധ്യാത്മതത്ത്വങ്ങളെ വേദോന്മുഖമായി നേരിട്ടു മനസ്സിലാക്കുവാന്‍ നമ്മളില്‍ അധികംപേര്‍ക്കും സാധിക്കയില്ലെന്നുള്ളതും നിസ്തര്‍ക്കമായ വസ്തുതയുമാണ്. അതുകൊണ്ടാണല്ലോ അദ്ധ്യാത്മരാമായണം തന്നെ മൃത്യുശാസന പ്രോക്തമാണെന്നു ആചാര്യന്‍ പാടിയിട്ടുള്ളതും. മരണത്തെ ജയിച്ച മൃത്യുഞ്ജയന്മാരുടെ മംഗളാത്മാവില്‍ ലയിച്ചു കിടക്കുന്ന അമൃതമാണ് ആദ്ധ്യാത്മികതത്ത്വം. ഇത്തരത്തില്‍ ഗഹനമായതും അദ്ധ്യേതാക്കള്‍ക്ക് അമൃതമൂട്ടുന്നതുമായ അദ്ധ്യാത്മതത്ത്വം അനായാസം അഭ്യസിച്ചു ആനന്ദം കൈവരിക്കുവാനുള്ള ഉപായോപാധിയായിട്ടാണ് പ്രതീകങ്ങളേയും പ്രതിമകളേയും താന്ത്രികമായി പ്രകൃതി ആവഷ്‌ക്കരിച്ചിട്ടുള്ളത്.
ഒരു വസ്തുവിനെക്കുറിച്ചുള്ള ബോധത്തിന് ആലംബനമായിരിക്കുന്ന മറ്റൊരു വസ്തുവാണ് പ്രതീകം അഥവാ പ്രതിരൂപം. ഇത്തരത്തിലുള്ള പ്രതീകത്തില്‍ കൂടിയല്ലാതെ നമുക്കു ചിന്തിക്കുവാന്‍ കൂടി കഴിവില്ല എന്നതിന്റെ ഉപമയാണ്. വാക്കുകള്‍ തന്നെ ചിന്തയുടെ പ്രതീകങ്ങളാണെന്ന് ആചാര്യന്മാര്‍ ഘോഷിക്കുന്നത്. ഇതേമാതിരിതന്നെയാണ് മതപരമായ പ്രതീകങ്ങളും. ഇതെല്ലാം പ്രകൃത്യാ ഉണ്ടായി വളര്‍ന്നവയാണ്. ഈശ്വരന്‍ അതിന്റെ പിന്നിലെ സാരാംശവുമാണ്. ഇങ്ങനെയാണ് ശ്രീചക്രം ദേവിയുടെയും, ശിവലിംഗം ശിവന്റെയും, സാളഗ്രാമം വിഷ്ണുവിന്റെയും, സൂര്യന്‍ ബ്രഹ്മത്തിന്റെയും ഇരുട്ട് അജ്ഞാനത്തിന്റെയും, സിംഹം പരാക്രമത്തിന്റെയും, ഏറ്റവും സാര്‍വ്വത്രികമായ സ്വസ്തികവും കുരിശും ക്രൂശിക്കലിന്റെയും ചന്ദ്രക്കലയും താരവും, മതപരമായ അദ്ധ്യാത്മതത്ത്വത്തിന്റെയും പ്രതീകമായിത്തീര്‍ന്നത്.
ഇത്തരത്തില്‍ പ്രതീകങ്ങളെ ഉപയോഗിച്ചു വിശദമാക്കുന്ന സമ്പ്രദായം വേണ്ടെന്നു വെക്കാന്‍ നമുക്ക് നിര്‍വ്വാഹമില്ല. ഈ ഉപായം ഒരു വ്യക്തിയുടേയോ സമുദായത്തിന്റെയോ സ്വയംകൃതമായിട്ടുള്ളതല്ലെന്നുള്ളത് പുരാണേതിഹാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാമായണത്തില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ക്രിയാമാര്‍ഗ്ഗത്തിലൂടെ ലക്ഷ്മണന് ഉപദേശിക്കുന്നതും ഭാഗവതത്തിലെ ശാന്തി പര്‍വ്വത്തില്‍ സ്ത്രയോഗ്നി: ബ്രഹ്മണോ ഗാവോ വൈഷ്ണവ: ഖം മരുത് ജലം……’ എന്നിത്യാദി ഭാഗങ്ങളും ഇതിന്റെ സാക്ഷിവൃത്തങ്ങളാണ്. ഇത്യാദിഗ്രന്ഥങ്ങള്‍ക്കും പുരാണപുരുഷന്മാര്‍ക്കും ആദിയായി പ്രതീകോപായം ഉണ്ടായിരുന്നു എന്നും അദ്ധ്യാത്മ പ്രചോദനത്തിനായി പ്രകൃത്യാ ഹേതുകമായിട്ടുള്ളതായിട്ടാണിതെന്നും കര്‍മ്മധര്‍മ്മാഭ്യാസികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
താന്ത്രികമായ (ആരാധനാ മാര്‍ഗ്ഗമായ) അഭ്യാസങ്ങളിലൂടെ മനുഷ്യന്റെ സഹജമനസ്സിനെ പ്രതീകങ്ങളിലേക്ക് ബന്ധപ്പെടുത്തുമ്പോള്‍ സാധകന്മാര്‍ക്ക് അദ്ധ്യാത്മപരമായ അറിവ് (ജീവാത്മാപരമാത്മയോരൈക്യജ്ഞാനം) ഉള്ളതും കയ്യിലെ നെല്ലിക്കപോലെ പ്രത്യക്ഷമായി അനുഭവിച്ചറിയുവാനും ഭയ പരിഭ്രമങ്ങളെല്ലാം നീങ്ങി സുഭിക്ഷത കൈവരുവാനും സാധിക്കുന്നതാണ്. മുന്‍പ്രസ്താവിച്ച പ്രതീകങ്ങളെല്ലാം തന്നെയും ഭൗതികങ്ങളെല്ലാം തന്നെയും ഭൗതികമായ സ്ഥൂലഭാവങ്ങളെ പ്രഥമദൃഷ്ട്യാ അനുഭവപ്പെടുത്തി സാധകരെ അതിലേക്ക് വശപ്പെടുത്തി മതങ്ങളിലെ പ്രഥമഭാഗമായ കര്‍മ്മകാണ്ഡമെന്ന താന്ത്രിക വിദ്യിലൂടെ തത്പ്രതിരൂപത്തില്‍ ലയിച്ചു കിടക്കുന്ന അദ്ധ്യാത്മ തത്ത്വമെന്ന ജ്ഞാനകാണ്ഡത്തെ കൈവരുത്തി നാനാത്വത്തില്‍ ഏകത്വമായ ഐശ്വര്യത്തെ അനുഭവിച്ചു ശാശ്വത ശാന്തി ലഭിക്കുവാന്‍ പ്രകൃതി കനിഞ്ഞേകിയ സംഭാവനയാകുന്നു.
ഇത് ഭൗതീകതയും അദ്ധ്യാത്മികതയും കോര്‍ത്തിണക്കിയ യോഗവിദ്യയാണ്. അതുകൊണ്ട് മര്‍ത്ത്യജന്മികള്‍ക്കാര്‍ക്കുംതന്നെ പ്രതീക പ്രതിമാദികളില്‍ നിന്നു മാറിനില്ക്കുവാന്‍ സാദ്ധ്യമല്ല. താന്ത്രിക കര്‍മ്മങ്ങളും ക്ഷേത്രങ്ങളും, പ്രതീക പ്രതിമകളും, അതുപോലുള്ള മറ്റു സംവിധാനങ്ങളും നിഷ്പ്രയോജനമാണെന്നു പറവാനും, അഭിപ്രായജ്വരമാല്ലാതെയുള്ള മതതത്ത്വങ്ങള്‍ പോലും ഭ്രാന്തെന്നു ആരോപിക്കുവാനും ഏതു പശുക്കള്‍ക്കും, ശിശുക്കള്‍ക്കും കഴിയും, എന്നാല്‍ പ്രതീകങ്ങളിലൂടെയും മറ്റു ഉപാധികളിലൂടെയും ഭജിക്കുന്നവര്‍ക്കു, ഭജിക്കയില്ലെന്നു വെച്ചിട്ടുള്ളവര്‍ക്കും പല പ്രകാരത്തില്‍ ഗതിയും, ഗതികേടുമെന്ന പ്രകാരത്തില്‍ അന്തരമുള്ളതായികാണ്മാനും പ്രയാസമുണ്ടായിരിക്കയില്ല. അതുകൊണ്ട് മതത്തെയും, അതിലെ തത്ത്വത്തെ അനുഭവിച്ചാനന്ദമടയുവാന്‍ പ്രതീകമാര്‍ഗ്ഗേണയുള്ള ഉപാസനയേയും ഒഴിച്ചുമാറ്റി സ്ഥായിയായ സമാധാന ജീവിതം അനുഭവിക്കുക എന്നു കരുതുന്നത് ഭൂതം നായയുടെ വാല് നിവര്‍ത്തുവാന്‍ ശ്രമിച്ചതുപോലെയായിരിക്കും.
മതവും പ്രതീകവും മനുഷ്യനെ-മനുഷ്യതത്വത്തെ – ഉണര്‍ത്തുവാന്‍ സനാതനമായി ഈശ്വരനിശ്ചിതമായിട്ടുള്ളതാണ്. മതം ധര്‍മ്മാഭ്യാസത്തിനുള്ള ക്ഷേത്രവുമാണ് ഇതില്‍നിന്നു വിട്ടുനില്‌ക്കേണ്ടതില്ല. ഒളിച്ചോടിപോകേണ്ടതുമില്ല. ഇത് മനുഷ്യന്റെ കൃത്രിമസങ്കല്പമല്ല. ഈശ്വര നിര്‍മ്മിതമാണ്.
‘നാനാരൂപം ച ഭൂതാനാം
കര്‍മ്മണാം ച പ്രവര്‍ത്തനം
വേദശബ്ദേ ഭ്യ ഏവാദൌ
നിര്‍മ്മിമീതേ മഹേശ്വരഃ’
Discussion about this post