പി.രഘുരാമന്‍ നായര്‍
ആര്‍ഷഭാരത പുരാണേതിഹാസങ്ങളില്‍ സൗഭ്രാത്രത്തിന്റെ ഉത്തമനിദര്‍ശനമായി പരിലസിക്കുന്നത് രാമലക്ഷ്മണന്മാരാണ്. നരനാരായണന്മാരുടെ അംശാവതാരങ്ങളായ അവര്‍ അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഏകോദര സഹോദരങ്ങളായ ലക്ഷ്മണശത്രുഘ്‌നന്മാര്‍ തമ്മിലുള്ളതിനെക്കാള്‍ ആയിരം മടങ്ങു സഹോദരസ്‌നേഹം ഭിന്നോദരജാതരായ രാമലക്ഷ്മണന്മാര്‍ തമ്മിലുണ്ട്.
അന്തരമില്ലാത്ത വിഭവസമൃദ്ധിയുടെയും പ്രതാപ പ്രചുരിമയുടെയും സുവര്‍ണചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട രാജകീയ സിംഹാസനം ഉപേക്ഷിച്ച് കണ്ടകാകിര്‍ണമായ കാന്താരമദ്ധ്യത്തിലേക്കിറങ്ങിത്തിരിച്ച് ത്യാഗസമ്പന്നനാണ് രാമന്‍. അഗ്നിസാക്ഷിയായി പാണിഗ്രഹണം ചെയ്ത ധര്‍മപത്‌നിയെ പതിവ്രതരത്‌നമായ ഊര്‍മ്മിളയെ-മധുവിധുവിന്റെ ഊഷ്മളത ആറുന്നതിനു മുമ്പുതന്നെ ഉപേക്ഷിച്ച ഉത്തമപുരുഷനാണ് ലക്ഷ്മണന്‍. ഇവിടെ ലക്ഷ്മണന്‍ രാമനെ അപേക്ഷിച്ച് ഒരു പടിക്കൂടി ഉയരുന്നില്ലേ എന്നു സംശയം ഉണ്ടായിപ്പോകുന്നു. എന്നാല്‍ സാത്വികഭാവം രാമനിലാണ് ഏറിയിരിക്കുന്നത്. അതുല്യമായ പിതൃഭക്തി, സഹിഷ്ണുത, വിപദിധൈര്യം, ആപത്തിലും സമ്പത്തിലും അഭിന്നത എന്നീ ഗുണങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് രാമന്റെ മനസ്സ്. അനേക ജന്മങ്ങള്‍കൊണ്ട് സ്ഫുടം ചെയ്ത് പരിശുദ്ധി വരുത്തിയതാണ് രാമഹൃദയം. സീതാപരിണയവേളയില്‍ പരമേശ്വരചാപത്തെ ഭഞ്ജിച്ചപ്പോഴും വിവാഹാനന്തരം ഭാര്‍ഗ്ഗവരാമന്റെ വെണ്മെഴു അമ്പെയ്തു തെറിപ്പിച്ചപ്പോഴും അക്ഷോഭ്യനായി നിലകൊണ്ടവനാണ് രാമന്‍. അഭിഷേകവിഘ്‌നവാര്‍ത്തയ്ക്ക് ഉരുക്കുപോലെയുള്ള ആ ഹൃദയത്തില്‍ ഒരു പോറല്‍പോലും ഏല്പിക്കാന്‍ കഴിഞ്ഞില്ല. അതും അച്ഛന്‍ ചെയ്ത ഒരു ഉപകാരമായിട്ടാണ് ആ ത്യാഗമൂര്‍ത്തി കരുതിയത്. അവിടെ സ്വപിതാവിന്റെ സത്യനിഷ്ഠയും രഘുവംശത്തിന്റെ ധര്‍മബോധവും ആണ് ആ കുമാരന്‍ കാണുന്നത്. ഉല്‍ക്കടമായ ദുഃഖംകൊണ്ട് പൊട്ടിക്കരയുന്ന മാതാവിനെയും ധര്‍മപത്‌നിയെയും ഉരുകിത്തിളച്ചു നില്ക്കുന്ന സഹോദരനെയും രാമന്‍ സാന്തനവചനങ്ങള്‍കൊണ്ട് സമാശ്വസിപ്പിക്കുന്നു.
അഭൗമമായ വനഭംഗിയില്‍ കളിയാടി രാമാശ്രമത്തില്‍, രാമനെ തിരിച്ചുവിളിക്കാന്‍ വന്ന ഭരതനോട് രാമന്‍ പറയുന്നതിങ്ങനെയാണ്. ‘കടമകള്‍ മറക്കരുത്. കഴിഞ്ഞതൊക്കെ മറക്കണം…. ജനസംരക്ഷകരെന്ന് ഭുവന പ്രസിദ്ധരായ രഘുവംശരാജാക്കന്മാര്‍ക്ക് ഒഴിച്ചുകൂടാത്ത ചില ധര്‍മങ്ങളില്ലേ കുമാരാ?…… നാലുപേരുടെ സുഖം മാത്രം ലക്ഷ്യമാക്കിയാല്‍ നമ്മുടെ ജനങ്ങളുടെ അവസ്ഥ എന്താകും? രഘുവംശത്തിന് കളങ്കവും അച്ഛന്റെ യശസ്സില്‍ കറയും കലര്‍ത്തുന്നതുകൊണ്ട് ഏന്തു നേടാനാണ്?
ഭരതനോടുള്ള രാമന്റെ സംവാദത്തിലടങ്ങിയിരിക്കുന്ന തത്ത്വചിന്ത, ഉഗ്രമായ തപസ്സുകൊണ്ട് ഋഷീശ്വരന്മാര്‍ യുഗാന്തരങ്ങളായി നേടിയിട്ടുള്ള വിജ്ഞാനത്തെപ്പോലും അതിലംഘിക്കുന്നു. ‘സമ്പത്തും സാമ്രാജ്യവും ധര്‍മത്തിനുവേണ്ടി കാണിക്കയിട്ട ചരിത്രം’ എന്നാണ് സ്വാമി സത്യാനന്ദസരസ്വതി തിരുവടികള്‍ രാമായണത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
രാമന്റെ നിഴല്‍പോലെ നാടകത്തില്‍ വര്‍ത്തിക്കുന്ന ലക്ഷ്്മണന്‍ ഉദാത്തമായ ഭ്രാതൃസ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്. സൗഭ്രാത്രത്തിന്റെ വേലിയേറ്റത്തില്‍ പലപ്പോഴും അന്ധനാകാറുണ്ട്, ആ കുമാരന്‍. ക്രോധം, വിദ്വേഷം ദുഃഖം എന്ന സഹോദരസ്‌നേഹത്തിന് അകമ്പടി സേവിക്കുന്ന വികാരങ്ങളാണ്. അഭിഷേകവിഘ്‌നം നിമിത്തമുള്ള ഉല്‍ക്കടമായ ക്രോധം ദശരഥനോടും കൈകേയിയോടും ഉള്ള അടങ്ങാത്ത വിദ്വേഷം, രാമന്റെ കാനനയാത്രയിലുള്ള ദുഃഖം എന്നീ വിവിധ വികാരങ്ങള്‍ മാറി മാറി പരിസ്ഫുരിപ്പിച്ചുകൊണ്ട് സ്‌ഫോടനാത്മകമായി നില്ക്കുന്ന ഒരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ അയോദ്ധ്യാ രാജധാനി ഭസ്മമായി, സരയൂനദിയില്‍ കലങ്ങും. എന്നാല്‍ രാമചന്ദ്രന്റെ സാന്ത്വനവചസ്സുകളുടെ മുമ്പില്‍, ആ സഹോദരഹൃദയത്തില്‍ തിളച്ചുമറിയുന്ന ലാവ, ശീകരശീതളമായ മന്ദാകിനീയെപ്പോലെ തണുത്തുറയുന്നു. ജ്യേഷ്ഠന്റെ കൂടെ വനവാസത്തിനു തന്നെ അനുവദിച്ചില്ലെങ്കില്‍ ജീവത്യാഗം ചെയ്യാന്‍പോലും തയ്യാറാവുന്നു ആ ഭ്രാതൃഭക്തന്‍.
Discussion about this post