ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. കോടിക്കണക്കിന് അയ്യപ്പഭക്തന്മാരാണ് മണ്ഡല-മകരവിളക്ക് കാലത്ത് ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ശബരിമലയില്‍ എത്തുന്നത്. ഓരോ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ അതിനനുസരിച്ചുള്ള അടിസ്ഥാന – പ്രാഥമിക സൗകര്യങ്ങള്‍ ഇല്ല. പരാതി ഒഴിവായ ഒരു തീര്‍ത്ഥാടനകാലംപോലും ഇല്ല എന്നതാണ് സത്യം. ശബരിമലയിലെ പ്രധാനപ്രശ്‌നം വികസനത്തിന് വനഭൂമി ലഭ്യമല്ലാത്തതാണ്.
ശബരിമല ഉള്‍പ്പെട്ട വനപ്രദേശം സ്ഥിതിചെയ്യുന്നത് പെരിയാര്‍ കടുവാ സങ്കേതത്തിലാണ്. എന്നാല്‍ ഈ വനപ്രദേശത്തെ പെരിയാര്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ചിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. അതേസമയം നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. ചരിത്രപരമായ തെളിവുകളും ഇതിനു നിരത്താന്‍കഴിയും. ഈ വസ്തുത കണക്കിലെടുക്കാതെയാണ് പത്തോ ഇരുപതോ വര്‍ഷംമുമ്പ് കടുവാ സങ്കേതത്തെ ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന വനപ്രദേശത്തെ ഉള്‍പ്പെടുത്തി ക്ഷേത്രത്തിന്റെ വികസനം തടസ്സപ്പെടുത്താന്‍ തുടങ്ങിയത്.
വനഭൂമി ലഭ്യമാകണമെങ്കില്‍ അതിന് കേന്ദ്രവനപരിസ്ഥിതി വകുപ്പിന്റെ അംഗീകാരംവേണം. ഇതിന് ഒട്ടേറെ കടമ്പകള്‍ ഉണ്ട്. ഹിന്ദുവിരുദ്ധ സര്‍ക്കാരുകളാണ് ഒരു ചെറിയ ഇടവേള ഒഴിച്ചാല്‍ കേന്ദ്രത്തില്‍ അധികാരം കൈയാളുന്നത്. ശബരിമല ക്ഷേത്രത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചകണ്ട് അസൂയപൂണ്ട സംഘടിത മതലോബി ക്ഷേത്ര വികസനം തടസ്സപ്പെടുത്താന്‍ ഇന്ന് പ്രയോഗിക്കുന്നത് കടുവാ സങ്കേതത്തെയാണ്.
ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന വനപ്രദേശത്തെ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പരിധിയില്‍നിന്ന് എത്രയുംവേഗം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കള്ളപ്പട്ടയങ്ങളുടെ പേരില്‍ വെട്ടിപ്പിടിച്ചുകൊണ്ട് പരിസ്ഥിതിനാശം സൃഷ്ടിക്കുമ്പോള്‍ അത് കണ്ടിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാരുകളാണ് ശബരിമല വികസനത്തിന് ഇത്തിരി വനഭൂമി ചോദിച്ചാല്‍ അതിന് വനനിയമം കാട്ടി തടസ്സം സൃഷ്ടിക്കുന്നത്.
ശബരിമല ഉള്‍പ്പടെ അതിനുചുറ്റുമുള്ള പതിനെട്ടുമലകള്‍ ഉള്‍പ്പെട്ട പ്രദേശം അയ്യപ്പന്റെ പൂങ്കാവനമാണ്. അതില്‍തന്നെയാണ് കടുവാസങ്കേതവും ഉള്‍പ്പെടുന്നത്. ശബരിമല വികസനത്തെ തടസ്സപ്പെടുത്തുക എന്നു ഗൂഡലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടാണ് പെരിയാര്‍ കടുവാസങ്കേതത്തില്‍ ഈ വനഭൂമിയില്‍ ഉള്‍പ്പെടുത്തിയത് എന്ന സംശയം ഇന്ന് ശരിയാണെന്ന് തെളിയുകയാണ്.
Discussion about this post