ചെന്നൈ: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖ് (67)അന്തരിച്ചു. കരളും വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് ചെന്നൈയിലെ ഗ്‌ളോബല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആസ്പത്രിയില്‍ ചിക്തയിലായിരുന്നു അദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തിച്ചത്. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായാണ് ദേശ്മുഖിനെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്. ഒരു കൊല്ലംമുമ്പ് നടത്തിയ പരിശോധനയിലാണ് ദേശ്മുഖിന് കരള്‍ രോഗമുണ്ടെന്ന് കണ്ടെത്തിയത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി വിദേശത്തുപോവാന്‍ ആലോചിച്ചിരുന്നെങ്കിലും ചെന്നൈയില്‍ നടത്തിയാല്‍ മതിയെന്ന ദേശ്മുഖും കുടുംബവും തീരുമാനിക്കുകയായിരുന്നു.
1945 ല്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയി ബാഭല്‍ഗണില്‍ ജനിച്ച വിലാസ് റാവു നിയമപഠനത്തിന് ശേഷമാണ് പൊതുജീവിതം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിലാസ് റാവു 1974 ല്‍ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് പ്രസിഡന്‍റും പിന്നീട് ജില്ലാ പഞ്ചായത്തംഗവും ഡപ്യൂട്ടി ചെയര്‍മാനുമായി. 1980 ലാണ് ആദ്യം നിയമസഭയിലെത്തുന്നത്. തുടര്‍ച്ചയായി മൂന്നു വര്‍ഷവും നിയമസഭയിലെത്തിയ അദ്ദേഹം മഹാരാഷ്ട്ര മന്ത്രിസഭയില്‍ 1982 മുതല്‍ 1995 വരെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1995 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും 1999 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 91,000 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം മുഖ്യമന്ത്രിയായി. 2003 വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. 2003 ജനവരി 17 വിലാസ് റാവു രാജിവെക്കുകയും പകരം സുശീല്‍ കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രിയാകുകയും ചെയ്തു. 2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച വിലാസ് റാവു വീണ്ടും മുഖ്യമന്ത്രിയായി. 2008 ലെ മുംബൈ ആക്രമണത്തെത്തുടര്‍ന്ന് വിലാസ് റാവുവിന് വീണ്ടും സ്ഥാനമൊഴിയേണ്ടി വന്നു. തുടര്‍ന്ന് രാജ്യസഭയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായി.
വൈശാലി ദേശ്മുഖാണ് ഭാര്യ. അമിത് ദേശ് മുഖ്, റിതേഷ് ദേശ്മുഖ്, ധീരജ് ദേശ്മുഖ് എന്നിവര്‍ മക്കളും.
Discussion about this post