വാഷിംഗ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍ നീല്‍ ആംസ്ട്രോംഗ് (82) അന്തരിച്ചു. ഓഗസ്റ് എട്ടിന് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.
യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനാണ് ആംസ്‌ട്രോങ് ജനിച്ചത്. 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ‘നാസ’യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു.
1969 ജൂലൈ 20-നാണ് നീല്‍ ആംസ്ട്രോംഗ് അപ്പോളോ 11-ല്‍ ചന്ദ്രനില്‍ കാലുകുത്തിയത്. ആംസ്ട്രോംഗ്, ബസ് ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് അപ്പോള 11-ല്‍ ചന്ദ്രനിലെത്തിയത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ആദ്യം കാലുകുത്തിയത് ആംസ്ട്രോംഗായിരുന്നു. പിന്നാലെ ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. എന്നാല്‍ സഹയാത്രികനായ മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. മൂവര്‍ സംഘം 2.5 മണിക്കൂര്‍ അവിടെ ചെലവഴിച്ചു.
1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംസ്ട്രോംഗ് 82-ാം ജന്മദിനം ആഘോഷിച്ചത്.
Discussion about this post