ചെന്നൈ: ശിവകാശിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മുതലപ്പെട്ടിയിലെ പടക്കനിര്‍മ്മാണശാലയില്‍ വന്‍ തീപ്പിടിത്തം. 35 പേര്‍ മരിച്ചതായാ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പോലീസും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പത്തോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രപരിശ്രമം നടത്തുകയാണ്.
മുതലപ്പെട്ടിയിലെ ഓംശക്തി എന്ന പടക്കശാലയിലാണ് തീപ്പിടിത്തം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ 300 ലേറെ തൊഴിലാളികള്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായിരുന്നു. എത്രപേര്‍ രക്ഷപ്പെട്ടുവെന്ന് വ്യക്തമല്ല. പടക്കശാലയിലെ നാല്‍പ്പതോളം മുറികള്‍ കത്തിനശിച്ചുവെന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഇവയില്‍ 20 മുറികളില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ അഗ്നിക്കിരയായ പടക്കശാലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. ശക്തമായ തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തീ പൂര്‍ണ്ണമായും കെടുത്താന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പടക്കശാലയ്ക്കുള്ളില്‍ കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരെ മധുരയിലെയും ശിവകാശിയിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
ദീപാവലി വിപണി ലക്ഷ്യമിട്ട് വന്‍തോതില്‍ പടക്കനിര്‍മ്മാണം നടക്കുന്നതിനിടെയാണ് ദുരന്തം.
Discussion about this post