ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
അത്യത്ഭുതങ്ങളായ പ്രകൃതിരഹസ്യങ്ങളെ അനായാസേന സ്വായത്തമാക്കിയും കരതലമലകം പോലെ ലഘുപ്പെടത്തി സ്പഷ്ടമാക്കിയും കാണുന്ന വ്യക്തിത്വത്തിന്റെ അഭംഗുരപ്രഭാവം മഹാതപസ്സിലൂടെ ഭാരതത്തിലിന്നും നിലനില്‍ക്കുന്നു. സത്തും അസത്തും തിരിച്ചറിയുവാനുള്ള ഉജ്ജ്വലതപസ്സിന്റെ ഊര്‍ജസ്വലതയും ഉന്മേഷവും പ്രഭവിതറി നില്‍ക്കുന്നു. സാമൂഹ്യാന്തരീക്ഷം ശാസ്ത്രഗര്‍വിലും വികാരതീവ്രതയിലും മങ്ങിപ്പോകാതെ നിലകൊള്ളുന്നത് മേല്‍പറഞ്ഞ തപസ്സിന്റെ മഹിമ ഒന്നുകൊണ്ടുമാത്രമാണ്.
പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിരഹസ്യങ്ങളെ കാലപരിഗണനയിലൂടെ ചിന്തനീയമാക്കുന്നത് ശാസ്ത്രജ്ഞന്മാര്‍ക്കു പോലും വെളിച്ചം നല്‍കുന്ന ശാസ്ത്രസത്യമായി നിലനില്ക്കുന്നു. ജീവന്റെ സര്‍ഗശക്തിയെ പ്രപഞ്ചസൃഷ്ടിയുടെ വിവിധഘട്ടങ്ങളിലൂടെ വിവരിക്കുന്ന അന്തര്‍മുഖത്വം ലോകത്തിലെ മറ്റൊരുസാഹിത്യത്തിലും ഉണ്ടാകുകയില്ല. അല്പജ്ഞരായമനുഷ്യര്‍ക്ക് അവിശ്വസനീയമായിത്തോന്നാവുന്ന അനശ്വരദര്‍ശനം കാലപരിഗണനയിലൂടെ തന്നെ കാലം, കര്‍മം എന്നീ സങ്കല്പങ്ങളെ ജീവചലനവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിക്രമ രഹസ്യം വെളിവാക്കുന്നത്.
ആത്മസ്വരൂപമെന്നും അന്യസ്വരൂപമെന്നുമുള്ള വ്യത്യാസംകാണാത്ത ഏകത്വം ഭാരതത്തിലെ ഋഷിപരമ്പരയുടെമാത്രം സമ്പാദ്യമാണ്. വ്യക്തിയുടെ വികാസത്തിന് പുനര്‍വിചിന്തനം ആവശ്യമില്ലാതെവരുന്ന അവസ്ഥ സമ്പൂര്‍ണവികാസം കൊണ്ടുസാധിക്കുന്നതിന് ഭാരതത്തിലെ ഋഷിപരമ്പരയ്ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അവാച്യമെന്നും അരൂപമെന്നും അവര്‍ണനീയമെന്നും വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മസങ്കല്പത്തിലേക്ക് ഉപാധികളെമാധ്യമമാക്കിയും ചര്‍ച്ചചെയ്തും കടന്നുപോകുന്ന ദര്‍ശനപാരമ്പര്യം ഭാരതത്തിന്റെ തത്ത്വശാസ്ത്രമായി നിലകൊള്ളുന്നു. പ്രപഞ്ചസൃഷ്ടിയുടെ സ്ഥൂലസൂക്ഷ്മകാരണഭാവങ്ങളും അതിനതീതമായ തുല്യസങ്കല്പങ്ങളും പദ്ധതികളിലോ പരീക്ഷണശാലകളിലോ പരീക്ഷിച്ചറിഞ്ഞതല്ല. വികസിച്ചും വളര്‍ന്നും ലയിച്ചും നിലനില്‍ക്കുന്ന പ്രാപഞ്ചികപ്രതിഭാസം ശാശ്വതമല്ലെന്ന് നിരാകരിക്കാന്‍ ഭൗതികശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഉപാധിസഹിതമായ പ്രപഞ്ചത്തിന് ഉപാധിരഹിതമായ ഒരടിസ്ഥാനമുണ്ടെന്ന് കണ്ടുപിടിച്ചത് ആധുനിക ഭൗതികശാസ്ത്രജ്ഞന്മാരല്ല. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെപ്പോലുള്ള മഹര്‍ഷീശ്വരന്മാരുടെ ഉഗ്രതപസ്സിലുരുത്തിരിഞ്ഞ മഹദ്‌സത്യം മാത്രമാണത്.
സാധാരണജീവിതത്തിലെ അസാധാരണത്വം
മഹാതപസ്സിന്റെ പരിണതഫലം മന:സ്ഥൈര്യമാണ്. വികാരത്തെ ജനിപ്പിക്കുന്ന സംജ്ഞകളിലോ സങ്കേതങ്ങളിലോ കേന്ദ്രീകരിക്കുന്ന മനസ്സിന്റെ അവസ്ഥ സ്ഥൈര്യമാണെന്നു പറഞ്ഞുകൂടാ. കാരണം അസത്തിനോ അവയുടെ പ്രതീകങ്ങള്‍ക്കോ സ്ഥിരസ്വഭാവമില്ല. അവ ചഞ്ചലങ്ങളും ദുഷ്ടങ്ങളുമാണ്. അതുകൊണ്ട് സ്ഥൈര്യമെന്നഭാവം അവയെ ആശ്രയിച്ചുണ്ടാകില്ല. ഈശ്വരീയഭാവത്തിലേക്കുള്ള സ്ഥിരോല്‍കര്‍ഷം തന്നെയാണ് സ്ഥൈര്യം.
ഭഗവത്ഗീത രണ്ടാമധ്യായത്തില്‍ വിവരിക്കുന്ന സ്ഥിതപ്രജ്ഞത്വം മന:സ്ഥൈര്യത്തില്‍ നിന്നേ ഉണ്ടാകുകയുള്ളൂ. മന:സ്ഥൈര്യംകൊണ്ട് സ്ഥിതപ്രജ്ഞത്വമെന്നോ സ്ഥിതപ്രജ്ഞത്വംകൊണ്ട് മന:സ്ഥൈര്യമെന്നോ പറയാനാകാത്തവണ്ണം ഈശ്വരാഭിമുഖമായും ഈശ്വരത്വമായും പരിണമിക്കുന്ന പ്രജ്ഞാവിശേഷമാണ് ഇവിടെ വര്‍ണിക്കപ്പെടുന്നത്. ‘അണോരണീയാന്‍ മഹതോ മഹീയാന്‍’ എന്ന് ഉപനിഷത്ത് വര്‍ണിക്കുന്ന ഈശ്വരഭാവം സമാഹിതചിത്തന്മാരായ മഹര്‍ഷിശ്രേഷ്ഠന്മാര്‍ക്കും യോജിക്കുന്നതാണ്. പരമാണുവിലേക്ക് ഇറങ്ങിചെല്ലാനും പരമമഹത്വത്തിലേക്ക് വികസിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടില്ല. ബ്രഹ്മമാണ്ഡത്തിലെ സര്‍വവസ്തുക്കളേയും സ്വാധീനമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിവുള്ള മഹായോഗികളുടെ മന:സ്ഥൈര്യം പരമഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ സാധാരണജീവിതത്തിലെ അസാധാരണത്വമായിരുന്നു.
സ്ഥൈര്യസിദ്ധി
ആത്മാവെന്നും അനാത്മാവെന്നുമുള്ള സങ്കല്പങ്ങളില്‍ നിത്യതയും അനിത്യതയും അടങ്ങിയിരിക്കുന്നു. ആത്മാവിന്റെ നിത്യതയെപ്പറ്റി പ്രത്യേകപ്രഭാഷണമാവശ്യമില്ല. അനാത്മാവ് ജഡതയോടുകൂടിയതാണ്. ആത്മാവിനെക്കൂടാതെ ജഡവസ്തുവിന് ആദ്യചലനം സൃഷ്ടിക്കുവാന്‍പോലും സാദ്ധ്യമല്ല. ഈ പ്രപഞ്ചംമുഴുവന്‍ ആത്മാവിന്റെ പ്രകരണമാണെങ്കിലും ജീവന്റെ ഇന്ദ്രിയവ്യാപാരം സാധാരണനിലയില്‍ സദാപി ഓര്‍മിക്കുന്നത് അനാത്മാവിനെയാണ്. പ്രാരബ്ധം, സഞ്ചിതം, ആഗാമികം എന്നിങ്ങനെ വേര്‍തിരിക്കപ്പെടുന്ന കര്‍മങ്ങള്‍, ജീവനില്‍ നിക്ഷിപ്തമായ വസ്തുബോധമാണ്.
വസ്തുക്കള്‍ അനാത്മക്കളും അതുകൊണ്ട് ജാഡ്യതയുള്ളതുമാണ്. വസ്തുനിക്ഷേപം സൂക്ഷ്മം, സ്ഥൂലം, കാരണം എന്നിങ്ങനെ മൂന്നുതരത്തില്‍ ജീവനെസ്വീധീനിക്കുന്നു. ഈ സ്വാധീനതയ്ക്ക് സ്ഥിരഭാവമില്ല. അസ്ഥിരമായതിനെ ലക്ഷ്യമാക്കുന്നതുകൊണ്ട് അസ്ഥിരമായ സുഖദു:ഖാനുഭവങ്ങളെ സൃഷ്ടിക്കുന്നു. ദു:ഖം ജീവരാശിക്കിഷ്ടമല്ലാത്തതുകൊണ്ട് അതൊഴിവാക്കേണ്ടത് ജീവന്റെ സ്ഥിരസുഖത്തിന് ആവശ്യമാണ്. ഈ സ്ഥിരസുഖം സ്ഥൈര്യം കൊണ്ടുണ്ടാകുന്നു എന്ന് വിധിച്ചിരിക്കുന്നു. അസ്ഥിരമായ ജഡവസ്തുക്കള്‍ സ്ഥൈര്യത്തിന് പ്രയോജനപ്പെടുന്നില്ല. അതുകൊണ്ട് സ്ഥൈര്യം വസ്തുക്കളുടെ മിശ്രഭാവത്തോടുകൂടിയ മനസ്സിനുണ്ടാവുകയുമില്ല.
ശാന്തവും സാത്വികവുമായ മനസ്സില്‍മാത്രമേ സ്ഥൈര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ. വൃത്തികളൊടുങ്ങിയ മനസ്സ് സദാപി സംശുദ്ധവും സ്ഫടികതുല്യം നിര്‍മലവുമായിരിക്കും. ഇപ്രകാരം നിര്‍മലമായമനസ്സില്‍ സ്ഫടികത്തില്‍ പുഷ്പങ്ങളുടെ പ്രതീതിയെന്നപോലെ ആത്മസ്വഭാവമായ പ്രകാശമുണ്ടാകുന്നു. ശുദ്ധമായ കണ്ണാടിയില്‍ പതിയുന്ന സൂര്യരശ്മിപോലെ അത് അതീവശോഭയുള്ളതായി പ്രതിഫലിക്കുന്നു. ഈ പ്രതിഫലനം ലോകസംഗ്രഹത്തിനാവശ്യമായ പ്രകാശവും പ്രജ്ഞാനവും നല്‍കുന്നു. ഉപാധികള്‍കൊണ്ട് കലുഷമല്ലാത്ത ഈ പ്രജ്ഞാവികാസം സ്വാഭാവികമാണെങ്കില്‍ അതിനാവശ്യമായ ഉപാസനാസമ്പ്രദായം അംഗീകരിക്കേണ്ടി വരുന്നു.
സരൂപവും അരൂപവുമായ സങ്കല്പങ്ങള്‍ ജീവന്റെ പരിശീലനശക്തിയനുസരിച്ച് സ്വീകരിക്കാവുന്നതാണ്. അകമെന്നും പുറമെന്നുമുള്ള അനുഭവം ജീവന്‍സ്വരൂപിച്ചിട്ടുള്ളത് വസ്തുഗുണങ്ങളെ സ്വീകരിക്കുന്നതിലൂടെയാണ്. ‘ശീരണം’ അഥവാ മാറ്റം സ്വാഭാവികമായിരിക്കുന്ന ശരീരമാണ് ഇതിന് കാരണമായിരിക്കുന്നത്. അതുകൊണ്ട് ശരീരശുദ്ധിക്ക് ആത്മശുദ്ധിയോളം പ്രാധാന്യമുണ്ടെന്നു കരുതിവേണം സാധകന്‍ സാധനയാരംഭിക്കാന്‍. ആഹാരാദികാര്യങ്ങളിലുള്ള നിയന്ത്രണവും ജീവന്റെ ബാഹ്യവ്യാപാരവാസനയില്‍ നിന്നുള്ള ഉപസംഹരണവും അറിഞ്ഞാദരിച്ചെങ്കില്‍മാത്രമേ ഇതുസാധ്യമാകൂ.
ഗുരുവാക്യങ്ങളും മഹാവാക്യങ്ങളും മേല്‍പറഞ്ഞതിന് തുല്യഫലം നല്‍കുന്നു. ഗുരുനിഷേധത്തോടെ ശാസ്ത്രം അഭ്യസിക്കുന്നതുകൊണ്ട് പ്രയോജനരഹിതമായിത്തീരുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പ്രകൃതിസ്വരൂപമായി വികസിക്കുന്ന ഗുരു, ആത്മസ്വരൂപനും മരണരഹിതനുമായതിനാല്‍ ഗുരുവിന് സ്ഥിരമായ ശക്തിവിശേഷമുണ്ട്. ശാസ്ത്രത്തിലെ ഓരോവിധിയും ശാസ്ത്രാഭ്യാസനവും ഗുരൂപദേശവും ഒന്നുതന്നെയെന്ന ബോധത്തില്‍ ഗ്രഹിക്കണം. മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും ഗുരുത്വം ഒന്നേയുള്ളൂ. ശാസ്‌ത്രോക്തമായ ഈ സത്യം അംഗീകരിക്കുമ്പോള്‍ ‘ഗുരു’ എന്ന സങ്കല്പമാണ് അതിനുത്തരം നല്‍കുന്നത്.
തത്ത്വശാസ്ത്രം ഗുരുവിന് പ്രധാന്യം നല്‍കിയിരിക്കുന്നത് അതുകൊണ്ടാണ്. ‘യസ്തു സര്‍വാണി ഭൂതാനി ആത്മന്യേവാനുപശ്യതി’ സര്‍വഭൂതങ്ങളും ആത്മാവില്‍തന്നെ ഭരിക്കപ്പെടുവെന്ന അനുഭവം ഗുരുവിനുമാത്രം ഉള്ളതായതുകൊണ്ട് അതിന് സര്‍വചരാചരത്വവും അതിന്മേലുള്ള സ്വാധിതയും നിലനില്‍ക്കുന്നു. അനാത്മത്വം അതുകൊണ്ട് ആത്മഭാവത്തെ മറയ്ക്കുകയോ സ്വാര്‍ത്ഥമെന്ന കളങ്കം അഥവാ മറ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് പാണ്ഡിത്യക്കെടുഗര്‍വിനെ സൃഷടിക്കുന്ന അപകടം ഒഴിവാക്കുവാനും ‘പണ്ഡിതാസ്സമദര്‍ശിന:’ എന്ന അനുഭവം പ്രായോഗികമാക്കുവാനും കഴിയും ജീവനെ ആത്മവൃത്തിയില്‍ വ്യാപരിപ്പിക്കുന്നതിനും ഗുരുത്വവും ഗുരുസങ്കല്പവും അനുപേക്ഷണീയമാണ്. പുനരാവര്‍ത്തനസ്വഭാവമുള്ള ജന്മങ്ങള്‍ ഒഴിവാക്കാന്‍ ഇതുകൊണ്ടേ സാധ്യമാകുകയുള്ളൂ.
Discussion about this post