ന്യൂഡല്‍ഹി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന് പിബി യോഗത്തിന് ശേഷമാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ പ്രതികളാക്കാനാണ് സിബിഐ അന്വേഷണമെങ്കില്‍ ശക്തമായി എതിര്‍ക്കും. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തന്നെ പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.
പിബി യോഗത്തില്‍ സിബിഐ അന്വേഷണത്തിനെതിരേ പാര്‍ട്ടി രംഗത്തു വരണമെന്ന് കേരള ഘടകം ശക്തമായി വാദിച്ചു. സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും തീരുമാനിച്ചത്. നേരത്തെ സിബിഐ അന്വേഷണത്തെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റി അംഗം വി.എസ്.അച്യുതാനന്ദനും പിബി അംഗം സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഇരുവരുടെയും നിലപാടുകള്‍ വെള്ളിയാഴ്ച ചേര്‍ന്ന് അവയ്ലബിള്‍ പിബി യോഗം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ചന്ദ്രശേഖരന്റെ വിധവ രമയുടെ ആവശ്യം ന്യായമാണെന്നായിരുന്നു വി.എസിന്റെ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും അഭിപ്രായങ്ങള്‍ തള്ളി പിബി രംഗത്തുവന്നിരിക്കുന്നത്.
Discussion about this post