കേരളം ഇന്നു ഉപഭോക്തൃസംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഒരു മണി അരിക്കുപോലും അന്യസംസ്ഥാനങ്ങളുടെ മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ട അവസ്ഥ സംജാതമാകും. ഇക്കാലമത്രയും സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയെ അവഗണിച്ചതിന്‍റെ ദുരന്തഫലമാണ് ഇന്നെത്തിനില്‍ക്കുന്ന ദയനീയമായ അവസ്ഥ. എന്നിട്ടും നാം പാഠം പഠിക്കാതെ നെല്‍വയലുകള്‍ യഥേഷ്ടം നികത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ എല്ലാ പ്രദേശത്തും പിടിമുറുക്കിയ ഭൂമാഫിയ ഇന്ന് നെല്‍വയലുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടുകയും നികത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നെല്‍വയല്‍ നികത്തലിനെതിരെ നിയമമുണ്ടെങ്കിലും അതു നടപ്പാക്കേണ്ടവര്‍ കണ്ടിട്ടും കണ്ണടയ്ക്കുകയാണ്. അതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനങ്ങളോ അഴിമതിയോ ആണ്.
പച്ചപ്പു നിറഞ്ഞ കേരളത്തില്‍ ഈ ദയനീയ അവസ്ഥ നിലനില്‍ക്കെയാണ് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അലുവാലിയ എരിതീയില്‍ എണ്ണ പകരുന്നതു പോലെ പ്രസ്താവനയുമായി രംഗത്തെത്തിയത്. കേരളത്തില്‍ ഭക്ഷ്യസുരക്ഷിതത്വം ആവശ്യമില്ല എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ ഒരു സമിതിയുടെ അതിപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയാണ് അലുവാലിയ. സ്വന്തം സ്ഥാനം മറന്നുകൊണ്ടുള്ള ഈ പ്രസ്താവന കേരളത്തിന്‍റെ താല്പര്യത്തിനു വിരുദ്ധവും ഭൂമാഫിയക്ക് കരുത്തു പകരുന്നതുമാണ്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയതെന്നു വ്യക്തമല്ല.
നാള്‍ക്കുനാള്‍ കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞു വരികയാണ്. നെല്‍കൃഷി ലാഭകരമല്ലാതായതോടെ ഒന്നുകില്‍ വയലുകള്‍ തരിശായി ഇടുകയോ മറ്റേതെങ്കിലും കൃഷിയിലേക്കു പോകുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. തരിശായി കിടക്കുന്ന വയലുകളില്‍ കണ്‍നട്ട് എത്തുന്ന ഭൂമാഫിയ ഉയര്‍ന്ന വില വാഗ്ദാനം ചെയ്യുമ്പോള്‍ പലരും വയലുകള്‍ കൈയൊഴിയുകയാണ്. എന്നാല്‍ മണ്ണിനോടും കൃഷിയോടുമുള്ള ജൈവബന്ധം ഉപേക്ഷിക്കാനാവാത്തതിനാല്‍ ഒരു ന്യൂനപക്ഷം മാത്രം എന്തു നഷ്ടം സഹിച്ചും കൃഷി തുടരുകയാണ്.
ഭക്ഷ്യസുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലായിപ്പോയ കേരളത്തെ പുതിയ പദ്ധതികളിലൂടെ സമൃദ്ധമായ ഭാവിയിലേക്ക് നയിക്കുക എന്ന ദൗത്യം നിറവേറ്റാന്‍ ബാധ്യതയുള്ള ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷ എന്നത് ഏതു സംസ്ഥാനത്തിന്‍റയും അതിപ്രധാനമായ ദൗത്യമാണ്. ഇതില്‍നിന്നു പിന്നോട്ടു പോകുന്നത് ആത്മഹത്യാപരമായിരിക്കും. അലുവാലിയയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചില്ല എന്നത് ഖേദകരമാണ്. എന്നാല്‍ കൃഷിമന്ത്രി കെ.പി.മോഹനനും വി.എം സുധീരനുമൊക്കെ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയത് സ്വാഗതാര്‍ഹമാണ്. കേരളത്തിന്‍റെ മഹത്തായ കാര്‍ഷിക പൈതൃകത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള പ്രസ്താവന അലുവാലിയ പിന്‍വലിച്ച് കേരളീയരോട് ഖേദം പ്രകടിപ്പിക്കണം.
Discussion about this post