ഹൈദരാബാദ്: ഡീസല്‍ വിലവര്‍ധന, ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി ശക്തമായി പ്രതികരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എം. വെങ്കയ്യ നായിഡു പറഞ്ഞു. എല്ലാ മേഖലയിലും യുപിഎ തികഞ്ഞ പരാജയമായെന്നും ഒരു ഇടക്കാല തിരഞ്ഞെടുപ്പു തന്നെയാണ് പോംവഴിയെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
ചില്ലറവ്യാപാര രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനെക്കുറിച്ച് സ്വന്തം ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ലെന്നും വെങ്കയ്യാ നായിഡു കുറ്റപ്പെടുത്തി. എന്നാല്‍ മുഖ്യമന്ത്രിമാരോടോ പ്രതിപക്ഷ കക്ഷികളോടോ വ്യാപാരികളോടോ സര്‍ക്കാര്‍ ആലോചിച്ചില്ല. ബിജെപി മാറ്റങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ ചില്ലറവ്യാപാര രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നത് ഇവിടുത്തെ കര്‍ഷകരോടുളള വെല്ലുവിളിയാണ്. ചില്ലറവ്യാപാര രംഗത്തെ വിദേശ നിക്ഷേപ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പാര്‍ലമെന്റിനു നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ ലംഘിക്കുകയാണ് ചെയ്തതെന്നും നായിഡു ആരോപിച്ചു. എല്ലാവരോടും ആലോചിച്ച ശേഷമേ വിദേശ നിക്ഷേപം 51 ശതമാനമാക്കുന്നതില്‍ തീരുമാനമെടുക്കൂ എന്ന് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ഡിസംബര്‍ ഏഴിന് ലോക്‌സഭയില്‍ പ്രസ്താവിച്ചിരുന്നു.
ഈ മാസം 26 മുതല്‍ മൂന്നു ദിവസം ഫരീദാബാദില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള ‘രാഷ്ട്രീയ യുദ്ധ’ത്തിനുള്ള തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post