ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ആര്‍.എസ്.എസിന്‍റെ അഞ്ചാമത്തെ സര്‍സംഘചാലക്കായിരുന്ന കെ.എസ്.സുദര്‍ശന്‍ കര്‍മകാണ്ഡം പൂര്‍ത്തിയാക്കി കാലത്തിനു പിന്നിലേക്ക് മറഞ്ഞു. ഹെഡ്ഗേവര്‍, ഗുരുജി, ദേവരശ്, രാജേന്ദ്രസിംഗ് എന്നിവര്‍ക്കു പിന്നാലെ സര്‍സംഘചാലക്കിന്‍റെ പദവിയിലെത്തിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരനാണ് കെ.എസ്.സുദര്‍ശന്‍. ആരോഗ്യകാരണങ്ങളാല്‍ ജീവിച്ചിരിക്കെ തന്നെ ആ പദവിയില്‍ നിന്ന് ഒഴിഞ്ഞ ആദ്യവ്യക്തിയും അദ്ദേഹമാണ്.
ഒമ്പതാം വയസിലാണ് കെ.എസ്.സുദര്‍ശന്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നത്. നീണ്ട 72 വര്‍ഷക്കാലം അദ്ദേഹം ആ മഹത്തായ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു. എന്‍ജീനീയറിംഗില്‍ മാസ്റ്റര്‍ബിരുദം നേടിയ ശേഷം 1954 ലാണ് കെ.എസ്.സുദര്‍ശന്‍ പ്രചാരക് സ്ഥാനം ഏറ്റെടുത്തത്. മേഖലാപ്രചാരക് , ദേശീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ബൗദ്ധിക് പ്രമുഖ്, സര്‍ കാര്യവാഹ് എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന് അദ്ദേഹമാണ് സ്വദേശി പരിസ്ഥിതി മുഖം നല്‍കിയത്. വിദേശഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിനും ഭാരതത്തെ വിദേശഉല്‍പ്പന്നങ്ങളുടെ കമ്പോളമാക്കുന്നതു തടയാനുമായി അദ്ദേഹം ആരംഭിച്ച പ്രസ്ഥാനമാണ് സ്വദേശി ജാഗരണ്‍ മഞ്ച്.ഭാരതത്തന്‍റെ തനത് ഉദ്പാദന വിതരണ സമ്പ്രദായമുണ്ടാക്കണമെന്നും അമേരിക്കന്‍ സാമ്പത്തിക തന്ത്രത്തില്‍ നിന്നും രാഷ്ട്രം മുക്തമാകണമെന്നും അദ്ദേഹം ശക്തമായ നിലപാടെടുത്തു.
സുദര്‍ശന്‍ ബൗദ്ധിക്പ്രമുഖായിരുന്ന കാലഘട്ടത്തില്‍ ചിന്താപരവും ബൗദ്ധികവുമായ തലത്തില്‍ സംഘടനയ്ക്ക് പുതിയ ദിശാബോധം നല്‍കി. കേരളത്തിന്‍റെ മനോനിലയില്‍ മാറ്റംവരുത്താന്‍ സൈദ്ധാന്തികമായ കടന്നാക്രമണം നടത്തിയേ മതിയാവു എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചത് 1988 ലാണ്. ഏകാത്മമാനവ ദര്‍ശനത്തിന്‍റെ ശാസ്ത്രീയതയും മാനവികതയും വിശദീകരിക്കാനും കേരളത്തെ ആവേശിച്ചിരിക്കുന്ന കമ്മ്യൂണിസത്തിന്‍റെ അശാസ്ത്രീയതയെ വ്യക്തമാക്കുന്നതിനുമായി ആസൂത്രിതവും നിരന്തരവുമായ പരിശ്രമം വേണമെന്നായിന്നു അദ്ദേഹം ആവശ്യപ്പെട്ടത്. കേരളത്തിന്‍റെ വര്‍ത്തമാനകാല സാഹചര്യം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ ദീര്‍ഘദര്‍ശിത്വത്തിനു മുന്നില്‍ നമിക്കാം.
മാധ്യമങ്ങളില്‍ ഭൂരിപക്ഷവും എക്കാലവും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരാണെന്ന പരാതിക്ക് പരിഹാരം കണ്ടത് കെ.എസ്.സുദര്‍ശനാണ്. ആര്‍.എസ്.എസിന്‍റെ പ്രചാര്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം ശാസ്ത്രീയമായി സംഘടിപ്പിക്കുകയും ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കുകയും പ്രധാന നഗരങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വാര്‍ത്താശൃംഖല സ്ഥാപിക്കുകയും ചെയ്തത് ധിഷണാശാലിയായ കെ.എസ്.സുദര്‍ശനാണ്.
സനാതനധര്‍മവും രാഷ്ട്രത്തിന്‍റെ ചിരപുരാതന സംസ്കൃതിയും സംരക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞു വച്ച ഭാരതത്തിന്‍റെ ഉത്തമ പുത്രനാണ് കെ.എസ്.സുദര്‍ശന്‍. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം വരും തലമുറകള്‍ക്ക് മാതൃകയാണ്. ആ ധന്യാത്മാവിന് പുണ്യഭൂമിയുടെ പ്രണാമം.
Discussion about this post