ചില്ലറവ്യാപാരമേഖലയിലെ വിദേശ നിക്ഷേപം, ഡീസല്‍ വില വര്‍ദ്ധന, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം എന്നീ കാര്യങ്ങളെ ചൊല്ലി ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായി. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം വെള്ളിയാഴ്ച തൃണമൂല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നു പാര്‍ട്ടി അദ്ധ്യക്ഷ മമതാബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ ഈ സാഹചര്യം നേരിടുന്നത് സംബന്ധിച്ച് ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയോഗത്തില്‍ തീരുമാനം ഒന്നും കൈക്കൊള്ളാന്‍ കഴിഞ്ഞില്ല. മാത്രമല്ല സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്ന് യോഗത്തിനുശേഷം കേന്ദ്രധനമന്ത്രി ചിദംബരംതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മറ്റു രണ്ടു കാര്യങ്ങള്‍ സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കു തയ്യാറായാലും ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് മുന്നോട്ടുപോകാന്‍തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം. ഈ രംഗത്തെ ലോക ഭീമന്‍മാര്‍ ഏതാനും വര്‍ഷംകൊണ്ട് ഭാരതത്തിലെ ചില്ലറവ്യാപാരമേഖല കൈയടക്കുന്നതോടെ ഇന്ന് പെട്ടിക്കടമുതല്‍ നടത്തിവരുന്ന ചില്ലറവില്‍പനരംഗം പാടെ നാമാവശേഷമാകും. ഇതിലൂടെ കോടിക്കണക്കിന് സാധാരണക്കാര്‍ തൊഴില്‍രംഗത്തുനിന്നും തുടച്ചുനീക്കപ്പെടുകമാത്രമല്ല ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയും സംജാതമാകും. ചില്ലറവില്‍പനരംഗത്തെ അന്താരാഷ്ട്രകുത്തകകള്‍ ഭാരതത്തിന്റെ മണ്ണ് കൈയടക്കുന്നതോടെ സാധാരണക്കാരന് അവരുടെ ഇഷ്ടത്തിനനുസരിച്ച് സാധനങ്ങള്‍ കുറഞ്ഞവിലയില്‍ തിരഞ്ഞെടുക്കാനുള്ള അവസരവും നഷ്ടമാകും. ഭാരതത്തെപ്പോലെ വൈരുദ്ധ്യവും വൈവിദ്ധ്യവും നിറഞ്ഞ ഒരുദേശത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ് ചില്ലറവില്‍പന രംഗം. ചാന്തിനുംപൊട്ടിനും പോലും ഭാവിയില്‍ വിദേശകുത്തകകളുടെ ചില്ലറവില്‍പനശാലകളിലേക്ക് പോകേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് ഒന്നു സങ്കല്പിച്ചാല്‍ ഇവര്‍ കടന്നുവരുന്നതിന്റെ ദുരന്തവ്യാപ്തി മനസ്സിലാകും.
ചില്ലറവില്‍പനരംഗത്തെ വിദേശനിക്ഷേപം സംബന്ധിച്ച് പാര്‍ലമെന്റ് വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യണമെന്ന് പ്രധാനപ്രതിപക്ഷികക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷവും ഇതേ ആവശ്യം ഉന്നയിച്ചു. വിശ്വാസവോട്ട് തേടണമെന്ന ആവശ്യം ഉന്നയിക്കില്ലെന്നും അവിശ്വാസപ്രമേയം കൊണ്ടുവരില്ലെന്ന് എല്‍.കെ.അദ്വാനി വ്യക്തമാക്കിയിട്ടുണ്ട്. അത്തരം നീക്കം നടത്തിയാല്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന ചെറിയ കക്ഷികളെ ചാക്കിട്ടുപിടിക്കാന്‍ കുതിരകച്ചവടം നടക്കും എന്നതുതന്നെയാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോണ്‍ഗ്രസ് കര്‍ശനനിലപാട് ഉപേക്ഷിക്കണമെന്ന് സമാജ്‌വാദ്പാര്‍ട്ടിയും ആവശ്യപ്പെട്ടു.
ചില്ലറവില്‍പനരംഗത്തെ വിദേശനിക്ഷേപം സംബന്ധിച്ച് പ്രതിപക്ഷം വന്‍ പ്രതിക്ഷേധം ഉയര്‍ത്തിയിട്ടും മുന്നോട്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ അമേരിക്കന്‍ സമ്മര്‍ദ്ദമാണെന്ന് വ്യക്തിമായി. ചില്ലറ വില്‍പനരംഗത്തും വ്യോമയാന ഊര്‍ജ്ജമേഖലകളിലും വിദേശനിക്ഷേപത്തെ അമേരിക്ക ഇന്ന് സ്വാഗതം ചെയ്തിട്ടുണ്ട്. ഭാരതത്തിന്റെ സാമ്പത്തിക മേഖല ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഭാരതത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള അമേരിക്കയുടെ കൈകടത്തലായി മാത്രമേ ഇതിനെ കാണാനാവൂ. സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഭാരതത്തിന്റെ സാമ്പത്തികപരിഷ്‌കരണ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് ഭാരതമാണ്. കേന്ദ്രസര്‍ക്കാര്‍ തെറ്റായ നടപടികളുമായി മുന്നോട്ടുപോയാല്‍ അതു തിരുത്താനുള്ള ചുമതല പ്രതിപക്ഷത്തിനുണ്ട്. ഭാവി തലമുറകളെക്കൂടി ബാധിക്കുന്ന ഏതു സാമ്പത്തികപരിഷ്‌കരണവും ചെറുക്കുക എന്നുള്ളത് ഓരോ ഭാരതീയന്റെയും കടമയാണ്.
പ്രതിപക്ഷം ഒന്നാകെ ചില്ലറവില്‍പനരംഗത്തെ വിദേശനിക്ഷേപത്തെ എതിര്‍ത്തിട്ടും മുന്നോട്ടുപോകുമെന്നുള്ള ധാര്‍ഷ്ട്യത്തോടെയുള്ള കേന്ദ്രത്തിന്റെ നീക്കം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികളുടെ പിന്‍ബലത്തിലാണ് എന്ന് സംശയമുണ്ട്. ചില്ലറവില്‍പനരംഗത്തെ വിദേശനിക്ഷേപത്തെ സംബന്ധിച്ച തീരുമാനം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരം.
Discussion about this post