അറവുമാടുകളുമായി തമിഴ്‌നാട്ടില്‍നിന്ന് കുമളി ചെക്ക്‌പോസ്റ്റ് കടന്നെത്തിയ ലോറിയില്‍ ചത്തപോത്തുകളെ കണ്ടെത്തിയത് അതീവ ഗൗരവമുള്ള വിഷയമാണ്. അഭിഭാഷകനായ ടി.സി.എബ്രഹാം ലോറി തടഞ്ഞ് പോലീസിനെ അറിയിച്ചത് മൂലമാണ് ഞെട്ടിക്കുന്ന ഈ വസ്തുത വെളിവായത്. അല്ലായിരുന്നെങ്കില്‍ ചത്തപോത്തുകള്‍ തീന്‍മേശകളില്‍ കറിയായും ഫ്രൈയായുമൊക്കെ എത്തുമായിരുന്നു. ഇതിനുമുമ്പ് അങ്ങനെസംഭവിച്ചിട്ടില്ലായെന്ന് എങ്ങനെയാണ് അനുമാനിക്കാന്‍ കഴിയുക?
ഹോട്ടലുകളിലെ ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗവും നഗരസഭാധികൃതരും സംസ്ഥാനത്തുടനീളം റെയിഡ് നടത്തി പഴകിയതും ചീഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും പല ഹോട്ടലുകളും അടപ്പിക്കുകയും ചെയ്തു. മറ്റുചില ഹോട്ടലുകള്‍ക്ക് ശുചീകരണം നടത്തിയശേഷം തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഒരുമാസത്തോളം നീണ്ടുനിന്ന റെയ്ഡുംമറ്റും അവസാനിക്കുകയും ഹോട്ടലുകളൊക്കെ പഴയരീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തു. എന്നാല്‍ അതീവഗുരുതരമായ മറ്റൊരുവിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞില്ല എന്നാണ് ചത്ത അറവുമാടുകളെ കണ്ടെത്തിയതിലൂടെ വെളിപ്പെടുന്നത്.
തമിഴ്‌നാട്ടിലെ കടലൂരില്‍നിന്ന് ആലപ്പുഴയിലെ കാവാലത്തേക്ക് കാലികളെ കൊണ്ടുപോകുകയായിരുന്ന വാഹനമാണ് പിടിയിലായത്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത കുമളിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്കുപോസ്റ്റ് കടന്നാണ് ലോറി എത്തിയതെന്നതാണ്. പീരുമേടിനുസമീപം വച്ചാണ് ലോറി പിടിയിലായത്. ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി നല്‍കി പരിശോധനകൂടാതെ കടന്നുവരികയായിരുന്നുവെന്ന് പിടിയിലായവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പരിശോധന നടത്തുന്ന മൃഗങ്ങളുടെ കാതില്‍ ലോഹവളയം ഇടണം എന്നാണ് നിയമം. പിടിയിലായ വാഹനത്തിലുണ്ടായിരുന്ന മാടുകളില്‍ അതില്ലായിരുന്നുവെന്നത് പരിശോധന നടന്നിട്ടില്ലാഎന്ന് വ്യക്തമാക്കുന്നതാണ്.
ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നതാണ് പരിശോധനകൂടാതെയുള്ള അറവുമാടുകടത്ത്. രോഗം ബാധിച്ചതും മൃതതുല്യമായതുമായ മാടുകളെയും തമിഴ്‌നാട്ടില്‍നിന്ന് സ്ഥിരമായി കടത്തുന്നുണ്ട്. ലാഭകൊതിപൂണ്ട കടത്തുകാര്‍ക്ക് ജനങ്ങളുടെ ആരോഗ്യകാര്യത്തിലൊന്നും യാതൊരു ആശങ്കയുമില്ല. മാംസഭക്ഷണത്തില്‍ ആകൃഷ്ടരായ യുവതലമുറയെ ആകര്‍ഷിക്കാന്‍ അജിനോമോട്ടോപോലുള്ള രുചിവര്‍ദ്ധകങ്ങളും അതേസമയം ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ഇന്ന് മാംസഭക്ഷണങ്ങള്‍ തയാറാക്കുന്നത്.
ഒരുകാലത്ത് അന്‍പത് വയസ്സിനു മുകളില്‍മാത്രം ബാധിച്ചിരുന്ന ഹൃദ്രോഗം ഇന്ന് ഇരുപതും മുപ്പതും വയസ്സുള്ളവര്‍ക്ക് മാത്രമല്ല കുട്ടികളെപ്പോലും ബാധിച്ചുതുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ തനതു ഭക്ഷണശൈലിയില്‍നിന്ന് പുറകോട്ടുപോകുകയും മാംസഭക്ഷണത്തെ പ്രത്യേകിച്ച് ഫാസ്റ്റ്ഫുഡിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് കേരളീയ യുവത്വം രോഗങ്ങളുടെ പിടിയില്‍ അകപ്പെട്ടുതുടങ്ങിയത്. ഇതിന് ആക്കംകൂട്ടുന്നതാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ചത്തതും ആരോഗ്യമില്ലാത്തതുമായ അറവുമാടുകള്‍. മാസത്തില്‍ ഇരുന്നൂറോളം ലോറികളാണ് കാലികളെ കുത്തിനിറച്ച് കുമളി ചെക്‌പോസ്റ്റുവഴി കേരളത്തിലെത്തുന്നതെന്നത് ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്.
സംസ്ഥാനത്തെ എല്ലാ മൃഗസംരക്ഷണവകുപ്പ് ചെക്ക്‌പോസ്റ്റുകളിലും പരിശോധനാ സംവിധാനം കര്‍ക്കശമാക്കുകയും കൈക്കൂലി വാങ്ങി കുമിളി ചെക്ക്‌പോസ്റ്റുവഴി ചത്തമാടുകളെ കടത്തുന്നതിന് അനുവദിച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം.
Discussion about this post