ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇനി ഒന്നരമാസത്തോളം മാത്രമാണ് ശേഷിക്കുന്നത്. കോടിക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ പരാതിയൊഴിഞ്ഞ ഒരു തീര്‍ത്ഥാടനകാലംപോലും അടുത്തെങ്ങുമുണ്ടായിട്ടില്ല. ദേവസ്വം ബോര്‍ഡിന് പ്രസിഡന്റും അംഗങ്ങളും ഉള്ളപ്പോള്‍ പോലും തുടങ്ങിവെച്ച പല പണികളും മണ്ഡലകാല ആരംഭിത്തിനു മുമ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല. ആ നിലയില്‍ ഭരണസമിതി ഇല്ലാത്ത ഒരു കാലഘട്ടത്തില്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെയായിത്തീരും എന്ന് കണ്ടുതന്നെയറിയണം.
മണ്ഡലകാല ആരംഭത്തിനു മുമ്പ് പ്രധാനമായി ചെയ്തു തീര്‍ക്കേണ്ടത് ശബരിമലയിലേക്കുള്ള റോഡുകളുടെ പണിയാണ്. അടുത്തമാസം മദ്ധ്യത്തോടെ തുലാവര്‍ഷം ആരംഭിച്ചാല്‍ പിന്നെ റോഡുകളില്‍ പണിനടത്താനോ അറ്റുകുറ്റപ്പണിക്കുപോലുമോ പറ്റാത്ത അവസ്ഥയാകും. എരുമേലിയില്‍നിന്നു പമ്പയിലേക്കു പോകുന്ന പാതയില്‍ കണമല മുതല്‍ ചാലക്കയംവരെ റോഡ് തകര്‍ന്ന നിലയിലാണ്. അതുപോലെ തന്നെ പത്തനംതിട്ടയില്‍നിന്നുള്ള റോഡും സഞ്ചാരയോഗ്യമാക്കേണ്ടിയിരിക്കുന്നു. ഇതിനു പുറമേ ഭക്തജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
ഓരോ തീര്‍ത്ഥാടന കാലയളവിലും ഭക്തജനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിനനുസരിച്ച് മിനിമം സൗകര്യങ്ങള്‍ നല്‍കാന്‍പോലും ബോര്‍ഡിനു കഴിയുന്നില്ല. ദേവസ്വം ബോര്‍ഡ് രൂപീകരണം വൈകുന്നതിന്റെ കാരണം എന്താണെന്ന് തുറന്നുപറയാന്‍ ദേവസ്വം മന്ത്രിയോ മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എത്രയോ ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമൊക്കെ ഘടകകക്ഷികള്‍ക്ക് വീതിച്ചു നല്‍കുകയും അവര്‍ അതിന് ചെയര്‍മാന്മാരെ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഹൈന്ദവജനതയെ ബാധിക്കുന്ന ഒരു പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്ര അലംഭാവം കാണിക്കുന്നതെന്ന് വ്യക്തമല്ല.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സുപ്രധാന കാര്യങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ എടുക്കുന്ന തീരുമാനം ശരിയാകണമെന്നില്ല. കോടിക്കണക്കിനു ഭക്തജനങ്ങളെത്തുന്ന ശബരിമലയുടെ കാര്യത്തില്‍ ബോര്‍ഡ് ചര്‍ച്ചചെയ്ത് തന്നെയാണ് തീരുമാനങ്ങളെടുക്കേണ്ടത്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിച്ചില്ലെങ്കിലും മുന്‍കാലങ്ങളില്‍ ലഭിച്ച അത്രയെങ്കിലും സൗകര്യം ലഭ്യമാക്കുവാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. ഇപ്പോഴത്തെ നിലയില്‍ വരുന്ന മണ്ഡലകാലത്ത് പരാതികളുടെ പ്രളയമുണ്ടാകാനാണ് സാധ്യത. ബോര്‍ഡ് നിലവിലുള്ളപ്പോള്‍ പോലും അരവണയ്ക്കും അപ്പത്തിനുമൊക്കെ സാധനം വാങ്ങുന്നതില്‍ വ്യാപകമായ അഴിമതിയുണ്ടാകുന്നതായി ആരോപണമുയരാറുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളൊക്കെ ഉദ്യോഗസ്ഥതലത്തിലാണ് തീരുമാനിക്കുന്നതെങ്കില്‍ അത് എവിടെയെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ പ്രസിഡന്റും അംഗങ്ങളും ഇനി എത്തിയാല്‍ത്തന്നെ ശബരിമലയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കാമെന്നല്ലാതെ അവര്‍ക്ക് സ്വന്തമായെന്തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിയില്ല. കാര്യങ്ങള്‍ പഠിക്കാന്‍ ഇനി ഒട്ടും സമയമില്ലതാനും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണസമിതി വരുന്ന കാര്യത്തില്‍ ഒരുപക്ഷേ താല്‍പര്യക്കുറവുണ്ടാകാമെങ്കിലും വളരെ ആര്‍ജ്ജവത്തോടെ കാര്യങ്ങള്‍ നീക്കുന്ന ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍തന്നെ മുന്‍കൈ എടുത്തുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കണം.
Discussion about this post