ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്- 10 വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലര്‍ച്ചെ 2.48 ന് ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ആരിയന്‍ സ്‌പേസിന്റെ ആരിയന്‍-5 ഇസിഎ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.
3400 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണ ചെലവ് 750 കോടിയാണ്. ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണിത്. 30 ട്രാന്‍സ്‌പോണ്ടറുകളുള്ള(12 കെയു ബാന്‍ഡ്, 12 സി ബാന്‍ഡ്, ആറ് എക്‌സ്റ്റന്‍ഡഡ് സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകള്‍) ഉപഗ്രഹമാണ് ജിസാറ്റ്- 10. നാവിഗേഷന്‍ സൗകര്യങ്ങള്‍ക്കുള്ള ഗഗന്‍ (ജിപിഎസ് എയ്ഡഡ് ജിയോ ഓഗ്‌മെന്റഡ് നാവിഗേഷന്‍) പേലോഡും ഇതില്‍ ഉള്‍പ്പെടുന്നു.
പതിനഞ്ചു വര്‍ഷമാണ് ഐഎസ്ആര്‍ഒ ജിസാറ്റ്-10 ഉപഗ്രഹത്തിന് ആയുസ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ മാസത്തോടെ ജിസാറ്റ് 10 പ്രവര്‍ത്തനക്ഷമമാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ആഫ്രിക്ക, യൂറോപ്പ്, മധ്യപൂര്‍വദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉപഗ്രഹ ടെലിവിഷന്‍ സംപ്രേഷണത്തിന് ഉതകുന്ന ആറു ടണ്‍ ഭാരമുള്ള ആസ്ട്രാ 2എഫ് ഉപഗ്രഹവും ജിസാറ്റിനൊപ്പം വിക്ഷേപിച്ചു.
Discussion about this post