ബാഗ്ദാദ്: ഇറാഖില്‍ സ്ഫോടന പരമ്പരയില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാഗ്ദാദിന്റെ വടക്കുഭാഗത്ത് താജി നഗരത്തിലെ സ്ഫോടനത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്നു കാറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 7. 15 ഓടെയായിരുന്നു സ്ഫോടനം. ഇവിടെ എട്ടു പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അല്‍-ക്വയ്ദയ്ക്ക് നേരത്തെ ശക്തമായ സ്വാധീനമുള്ള നഗരമായിരുന്നു ഇത്. താജി നഗരത്തിലെ സ്ഫോടനത്തിന് ശേഷം വടക്കുപടിഞ്ഞാറന്‍ ബാഗ്ദാദില്‍ ഷിയ അത്തെ നഗരത്തിന് സമീപത്ത് ഷൂലയിലാണ് മറ്റൊരു കാര്‍ ബോംബ് സ്ഫോടനമുണ്ടായത്. ഇവിടെ ഒരാള്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ കൂത്ത് നഗരത്തിലെ ഒരു സുരക്ഷാ ചെക്പോയിന്റിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച മിനിബസ് ഒരാള്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഇവിടെ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post