പുരാണങ്ങളിലൂടെ…
ദേവന്മാര്‍ കരുതുന്നതുപോലെ താന്‍ ത്രിപുരന്മാരെ വധിയ്‌ക്കുന്നതില്‍ അതിശക്തനൊന്നുമല്ല എന്നുപറഞ്ഞ് മൗനമവലംബിച്ച മഹാദേവന്റെ ആ മൗനം ദേവന്മാരുടെ ദുഃഖകയങ്ങളായി മാറി. എന്നാല്‍ വിഷ്‌ണു ദേവന്മാരെ ആശ്വസിപ്പിച്ചു. മഹാദേവന്റെ ഈ മൗനത്തില്‍ നിങ്ങള്‍ കുണ്‌ഠിതപ്പെടേണ്ട. മഹാന്മാരെ നമ്മുടെ അപേക്ഷ സാധിയ്‌ക്കത്തക്ക തരത്തില്‍ കൊണ്ടുവരുക അത്ര എളുപ്പമല്ല. അതിന്റെ പിന്നില്‍ കഷ്ടപ്പാടിന്റെ ഒരു ചരിത്രമുണ്ടാകും. അതുകൊണ്ട് നാം അനവരതം മഹാദേവനോട് അഭ്യര്‍ത്ഥിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നു.
ഓം നമ:ശിവായ
ശുഭം കുരു ശിവായ നമ: ഓം,
ഓം നമ:ശിവായ ശുഭം
ശുഭം കുരു കുരു ശിവായ നമ: ഓം.
ഈ മന്ത്രം ദേവന്മാരായ നിങ്ങള്‍ കോടി കോടി തവണ ഉരുവിടുക. തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിയ്‌ക്കുന്ന കാര്യം നടക്കും. ദേവന്മാര്‍ അപ്രകാരം ചെയ്‌തു. കോടി കോടി തവണ ശിവമന്ത്രം ഉച്ചരിയ്‌ക്കപ്പെട്ടു. പ്രസന്നനായ മഹാദേവന്‍ അവിടെ പ്രത്യക്ഷപ്പെടുക തന്നെ ചെയ്‌തു. ശിവനില്‍ നിന്നുള്ള വരമായി ത്രിപുരാസുര സംഹാരം ദേവന്മാര്‍ ആവശ്യപ്പെട്ടു. ഉടന്‍ മഹാദേവന്‍ ഇപ്രകാരം പറഞ്ഞു-ത്രിപുരന്മാര്‍ മരിച്ചുകഴിഞ്ഞു എന്നു തന്നെ മനസ്സിലാക്കി കൊള്ളുവിന്‍. ദിവ്യരഥവും സാരഥിമാരും ധനുസ്സും ബാണവുമെല്ലാം തയ്യാറാക്കിക്കൊള്ളുവിന്‍ യുദ്ധ സന്നാഹങ്ങളെല്ലാം ഞൊടിയിടയില്‍ ഒരുക്കപ്പെട്ടു.
സര്‍വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്. അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്. സാരഥിയായി ബ്രഹ്മാവ് തന്നെ ഇരുന്നു. വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന് രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് പശുത്വം കല്‍പ്പിച്ചുകൊണ്ട് ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക് അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്. പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ ഖിന്നന്മാരായി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.
നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട് പന്ത്രണ്ടു വര്‍ഷമോ ആറുവര്‍ഷമോ മൂന്നുവര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും. അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീര്‍ഷസ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്ത് ഇരുന്നുകൊണ്ട് ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല. ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല. മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത് ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന് മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി. പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട് വിലപിച്ചുകൊണ്ട് പറഞ്ഞു-അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്. മഹാദേവന്റെ ആജ്ഞയനുസരിച്ച് അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്‍പ്പാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി. മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല. നിന്ദിത കര്‍മ്മത്തിലേര്‍പ്പെട്ടിരുന്ന മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു. നിന്ദനീയങ്ങളായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാതിരിയ്‌ക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ. ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു.
ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു. സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി. ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുര ഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച് രൗദ്രഭാവത്തെ മാനിച്ച് രൗദ്രഭാവത്തെ അന്തര്‍മുഖമാക്കി.
ശിവകൃപകൊണ്ട് പാശുപതാഗ്നിയില്‍ ദഹിയ്‌ക്കാതിരുന്ന മയന്‍ ശിവചരണങ്ങളില്‍ അഭയം പ്രാപിച്ചു. ഇഷ്ടവരം ആവശ്യപ്പെട്ടു കൊള്ളുവാന്‍ പറഞ്ഞ മഹാദേവനോട് മയന്‍ അറിയിച്ചു-ശിവഭക്തി തന്നെ വരമായി മയന്‍ സ്വീകരിച്ചു. സന്തുഷ്ടനായ ശിവഭഗവാന സ്വര്‍ഗ്ഗത്തെക്കാള്‍ രമണീയമായ വിദുര ലോകത്തേയ്‌ക്ക് മയനെ അയച്ചു. ജന്മം കൊണ്ട് അസുരനാണെങ്കിലും ഒരിയ്‌ക്കലും നിന്നില്‍ ആസുരഭാവം പ്രകടമാവുകയില്ല എന്ന് ആശിര്‍വദിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് മഹാദേവന്‍ അന്തര്‍ധാനം ചെയ്‌തു. ഭഗവാന്‍ അപ്രത്യക്ഷനായതിനോടൊപ്പം അദ്ദേഹത്തിന്റെ ധനുസ്സും ബാണവും രഥവുമെല്ലാം അപ്രത്യക്ഷമായി.
തമോഗുണമായ ആസുരഭാവത്തിന്മേലുള്ള സത്വഗുണത്തിന്റെ വിജയമാണ് നാം ഇവിടെ കണ്ടത്. ഒരുവന്‍ ജനിച്ചത് അസുര കുലത്തിലാണെന്നതുകൊണ്ട് അയാളില്‍ ആസുരഭാവം (തമോഗുണം) വന്നുകൊള്ളണമെന്നില്ല. ഗുണങ്ങളെല്ലാം ഏറെക്കുറെ വ്യക്തിഗതങ്ങളാണ്. സമൂഹാധിഷ്‌ഠിതമല്ല. അതുകൊണ്ട് ചിലപ്പോള്‍ സുരന്മാരില്‍ അസുരന്മാരെയും അസുരന്മാരില്‍ സുരന്മാരെയും കാണാം. അസുരനായ മയനെ പാശുപതം ഹനിയ്‌ക്കാത്തത് അയാളില്‍ സാത്വികഗുണത്തിന്റെ കവചം ഉണ്ടായിരുന്നതു കൊണ്ടാണ്. ഇദ്ദേഹത്തില്‍ ഒരുവന് അസുരനിലെ സുരഭാവം കാണാം.
Discussion about this post