ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരന്‍ ബ്രസീലിന്റെ `കറുത്ത മുത്ത് കിങ് പെലെയ്‌ക്ക് ഇന്ന് 70 വയസ്സ്. 1940 ഒക്‌ടോബര്‍ 23നു ട്രെസ് കോറസ്യൂസ് നഗരത്തില്‍ ജനിച്ച എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ഏറ്റവുമധികം ഗോള്‍ നേട്ടവുമായി നാലു ലോക കപ്പ് കളിച്ചു. മൂന്നു കപ്പ് വിജയത്തിന്റെ ലോക റെക്കോര്‍ഡോടെ കാല്‍പ്പന്തുകളിയെ സ്വര്‍ഗസീമയിലെത്തിച്ച് വിളംബരം ചെയ്‌തു: “ഫുട്‌ബോള്‍, എത്ര സുന്ദരമായ കളി!
ഏഴാം വയസ്സു മുതല്‍ കാല്‍പ്പന്തുകൊണ്ട് ഇന്ദ്രജാലങ്ങള്‍ കാണിച്ചു വളര്‍ന്നു. ആ ഇന്ദ്രജാലങ്ങള്‍ പില്‍ക്കാലത്തെ ഫുട്‌ബോള്‍ ഇതിഹാസങ്ങളാവുകയായിരുന്നു! ഇ ടത്തരം പ്രഫഷനല്‍ ഫുട്‌ബോളറായിരുന്ന ഡോണ്‍ടിഞ്ഞോ എന്ന ജോവ റിമോസ് ദൊ നാസിമെന്റോയുടെ പുത്രനായി പിറന്നു എന്നതായിരുന്നു പെലെയുടെ ഭാഗ്യം. നഗരങ്ങളില്‍നിന്നു നഗരങ്ങളിലേക്കു ജീവിതം തേടി നടന്ന ഡോണ്‍ടിഞ്ഞോ ഒടുവില്‍ ബൌറുവില്‍ അഭയം കണ്ടെത്തിയപ്പോള്‍ അവിടെ സെപ്‌റ്റംബര്‍ ഏഴ് എന്ന തെരുവീഥിയില്‍ `ഡിക്കോ എന്ന ഓമനപ്പേരോടെ ആ കറുത്ത ബാലന്‍ ആദ്യത്തെ പന്തുതട്ടി.
ഭാവിയില്‍ 1281 ഗോളുകള്‍കൊണ്ട് വല നിറയ്‌ക്കുവാനുള്ള ഭാഗധേയം ആ ബാലനെ കാത്തിരുന്നു. പിതാവിന്റെ സുഹൃത്തും 1934ല്‍ ബ്രസീല്‍ ലോകകപ്പ് ടീമംഗവുമായിരുന്ന വാര്‍ഡര്‍ ഡി ബ്രിട്ടോ ആ പതിനൊന്നുകാരനില്‍ ലോക ഫുട്‌ബോളിലെ മുടിചൂടാമന്നനെ ദീര്‍ഘദര്‍ശനം ചെയ്‌തപ്പോള്‍ ചരിത്രനിമിഷങ്ങളുടെ പിറവിയായി.പതിനാറാം വയസ്സില്‍ പ്രഫഷനല്‍ ടീമില്‍ സ്‌ഥിരാംഗം, പതിനേഴാം വയസ്സില്‍ ദേശീയ ടീമിലെ പത്താം നമ്പര്‍ ജഴ്‌സി സ്വന്തം. പത്താം നമ്പര്‍ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന ലോകത്തിന്റെ അംഗീകാരത്തിന്റെ ആദ്യ നാളുകളായിരുന്നു അതെല്ലാം. ഫുട്‌ബോളില്‍ പത്താം നമ്പര്‍ കളിക്കാര്‍ അതോടെ സ്വര്‍ണത്തിളക്കവുമായി പെലെയുടെ പ്രതിനിധികളായി.
Discussion about this post