വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കു ആവശ്യമായ ചരക്കുകളുമായി അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ്പ്ളൊറേഷന്‍ ടെക്നോളജീസിന്റെ (സ്പേസ് എക്സ്) ഡ്രാഗണ്‍ പേടകം കുതിച്ചുയര്‍ന്നു. ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നുമാണ് ഡ്രാഗണ്‍ വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍ റോക്കറ്റാണ് ഡ്രാഗണ്‍ പേടകത്തെ വഹിക്കുന്നത്. പ്രാദേശിക സമയം രാത്രി 8.35നായിരുന്നു വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ക്കു ആവശ്യമായ 400 കിലോഗ്രാം ഭക്ഷണവസ്തുക്കളും വസ്ത്രസാമഗ്രികളുമാണ് ഡ്രാഗണ്‍ പേടകം വഹിക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി കൈകോര്‍ത്താണ് സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണം. ഇതിനായി 1.6 ബില്യണ്‍ ഡോളറിന്റെ കരാറാണ് സ്പേസ് എക്സുമായി ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ഷട്ടില്‍ ദൌത്യം അമേരിക്ക അവസാനിപ്പിച്ചശേഷം റഷ്യയുടെയും ജപ്പാന്റെയും പേടകങ്ങളെയാണ് നാസ ആശ്രയിച്ചുവരുന്നിരുന്നത്. കഴിഞ്ഞ മേയില്‍ നടത്തിയ ഡ്രാഗണ്‍ പേടകത്തിന്റെ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് തുടര്‍ന്നുള്ള യാത്രകളും സ്പേസ് എക്സിനൊപ്പമാക്കാന്‍ നാസ തീരുമാനിച്ചത്. നാസയുമായി സഹകരിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് സ്പേസ് എക്സ്. ബഹിരാകാശയാത്രികരുടെ ദൌത്യവും സ്വകാര്യ മേഖലയിലൂടെയാക്കാന്‍ നാസ ആലോചിക്കുന്നുണ്ട്. എലണ്‍ മസ്ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി. ഇന്റര്‍നെറ്റിലൂടെ പണംകൈമാറ്റം സാധ്യമാക്കുന്ന പേപാലിന്റെ സഹസ്ഥാപകന്‍ കൂടിയാണ് മസ്ക്.
Discussion about this post